കെ.ശ്രീജിത്ത്
ഇന്ന് ലോകത്തെ ഏറ്റവും വിനാശകാരിയായ ട്വന്റി20 ബാറ്ററാണ് സൂര്യകുമാര്‍ യാദവ്. ആരാധകര്‍ സ്‌കൈ എന്നും മിസ്റ്റര്‍ 360 എന്നുമൊക്കെ സ്‌നേഹത്തോടെ വിളിക്കുന്ന സൂര്യകുമാര്‍ യാദവ്. സൂര്യകുമാറിന്റെ തലവെട്ടം കാണുമ്പോള്‍ത്തന്നെ ബൗള്‍മാരുടെ നട്ടെല്ലിലൂടെ ഒരു മിന്നല്‍ പായും. വിക്കറ്റിനുചുറ്റും 360 ഡിഗ്രിയില്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്ന സൂര്യകുമാറിന് നേരെ പന്തെറിയുക എന്നതില്‍പ്പരമൊരു വെല്ലുവിളി ട്വന്റി20 ക്രിക്കറ്റില്‍ ഇന്ന് ബൗളര്‍മാര്‍ നേരിടുന്നില്ല. അത്രമാത്രം അപകടകാരിയായ ബാറ്ററാണ് സൂര്യ. ഏത് പന്തും ബൗണ്ടറി ലൈന്‍ കടത്താന്‍ അനായാസം കഴിയുന്ന ബാറ്റര്‍. സൂര്യയ്ക്ക് എവിടെ പന്തെറിയുമെന്ന് ആലോചിച്ച് തലപുകയ്ക്കുന്ന ബൗളറെ കടന്നാക്രമിക്കുകയും അതുവഴി മത്സരത്തില്‍ തന്റെ ടീമിന് വന്‍ ആധിപത്യം നേടിക്കൊടുകയും ചെയ്യുന്നു സൂര്യകുമാര്‍.

മത്സരത്തിന്റെ ഗതി ഒന്നോ രണ്ടോ ഓവര്‍ കൊണ്ടോ മാറ്റിമറിക്കാന്‍ കഴിയുന്ന, മത്സരത്തെ അത്രമേല്‍ സ്വാധീനിക്കാന്‍ കഴിയുന്ന സൂര്യകുമാര്‍ യാദവ് ട്വന്റി20 മത്സരങ്ങളില്‍ ബാറ്റ് ചെയ്യുമ്പോഴൊക്കെ നമ്മുക്ക് ഓര്‍മ വരിക ദക്ഷിണാഫ്രിക്കയുടെ എ.ബി.ഡിവില്ലിയേഴ്‌സിനെയാണ്. സൂര്യകുമാറിന് മുമ്പ് 360 ഡിഗ്രി ബാറ്ററായി അറിയപ്പെട്ടുരുന്നത് ഡിവില്ലിയേഴ്‌സാണ്. ഡിവില്ലിയേഴ്‌സിന്റെ ട്വന്റി20 ക്രിക്കറ്റിലെ ബാറ്റിംഗിനുണ്ടായിരുന്ന പ്രത്യേകതകളെല്ലാം ഒരുപരിധി വരെ സൂര്യകുമാറിനുമുണ്ട്. എന്നാല്‍ ഡിവില്ലിയേഴ്‌സിനെക്കാള്‍ സ്‌ട്രൈക്ക് റേറ്റ് കൂടുതലുള്ള ബാറ്ററാണ് സൂര്യകുമാര്‍ യാദവ് എന്നത് ശ്രദ്ധേയമാണ്. അതേസമയം ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും മിന്നിത്തിളങ്ങിയ ഇതിഹാസ ബാറ്ററാണ് ഡിവില്ലിയേഴ്‌സ്. ക്രിക്കറ്റിന്റെ ചരിത്രത്തിലെത്തന്നെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരിലൊരാള്‍. നാനൂറിലധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള, ഇരുപതിനായിരത്തോളം റണ്‍സ് നേടിയിട്ടുള്ള സൂപ്പര്‍ ബാറ്റര്‍. സൂര്യകുമാറാകട്ടെ പ്രധാനമായും ട്വന്റി20 ക്രിക്കറ്റിലാണ് തന്റെ പ്രതിഭ തെളിയിച്ചിട്ടുള്ളത്. ഡിവില്ലിയേഴ്‌സിന്റെ നാലിലൊന്ന് മാത്രം മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം. അതുകൊണ്ടുതന്നെ പല അര്‍ത്ഥത്തിലും ഡിവില്ലിയേഴ്‌സുമായി സൂര്യകുമാറിനെ താരതമ്യം ചെയ്യാന്‍ കഴിയില്ലെങ്കിലും ക്രിക്കറ്റിന്റെ കുട്ടി ഫോര്‍മാറ്റില്‍ ഇരുതാരങ്ങളുടെയും ബാറ്റിംഗ് ശൈലി ഏതാണ്ട് ഒരുപോലെയാണ്.

ഐ പി എല്ലിലൂടെയാണ് സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധയിലേയ്ക്ക് ആദ്യമെത്തുന്നത്. 2012ല്‍ മുംബൈ ഇന്ത്യന്‍സ് സൂര്യയെ ടീമിലെടുത്തെങ്കിലും ആ സീസണില്‍ ഒരു കളിയില്‍ മാത്രമാണ് അയാളെ കളിപ്പിച്ചത്. ആ കളിയിലാകട്ടെ അയാള്‍ പൂജ്യത്തിന് പുറത്താവുകയും ചെയ്തു. എന്നാല്‍ 2014ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സൂര്യയെ ടീമിലെടുത്തു. 70 ലക്ഷം രൂപയായിരുന്നു അന്ന് അയാളുടെ പ്രതിഫലം. ആ സീണില്‍ കൊല്‍ക്കത്ത ചാമ്പ്യന്‍മാരായി. 32 റണ്‍ ശരാശരിയില്‍ 164 റണ്‍സ് ആണ് ആ ഐ പി എല്ലില്‍ സൂര്യ സ്‌കോര്‍ ചെയ്തത്. തുടര്‍ന്ന് മൂന്ന് സീസണുകളില്‍ കൂടി കൊല്‍ക്കത്തയില്‍ തുടര്‍ന്ന സൂര്യകുമാര്‍ 54 മത്സരങ്ങളില്‍ നിന്ന് 608 റണ്‍സ് നേടി. തുടര്‍ന്ന് 2018ല്‍ മുംബൈ ഇന്ത്യന്‍സ് ഒരിക്കല്‍ കൂടി സൂര്യകുമാറിനെ ടീമിലെത്തിച്ചു. ഇത്തവണ പക്ഷെ അയാളുടെ പ്രതിഫലം മൂന്ന് കോടി 20 ലക്ഷം രൂപയായിരുന്നു. പിന്നീടങ്ങോട്ട് സൂര്യകുമാറിന്റെ കാലമായിരുന്നു. അടുത്ത മൂന്ന് സീസണുകളില്‍ അയാള്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി 1400 റണ്ണാണ് അടിച്ചുകൂട്ടിയത്. ഇതില്‍ 2109 സീസണിലും 2020 സീണിലും മുംബൈ ഇന്ത്യന്‍സ് ചാമ്പ്യന്‍മാരാവുകയും ചെയ്തു.

2022 ഐ പി എല്‍ ലേലത്തിനുമുമ്പ് മുംബൈ ഇന്ത്യന്‍സ് എട്ട് കോടി രൂപ പ്രതിഫലം നല്‍കിയാണ് സൂര്യകുമാറിനെ ടീമില്‍ നിലനിര്‍ത്തിയത്. എന്നാല്‍ 2022 സീസണിന്റെ ആദ്യഘട്ടത്തില്‍ പരിക്കിനെത്തുടര്‍ന്ന് സൂര്യകുമാറിന് കളിക്കാനായില്ല. പരിക്കുമാറി തിരിച്ചുവന്ന അയാള്‍ ആ സീസണില്‍ എട്ട് മത്സരത്തില്‍ നിന്ന് 43 റണ്‍സ് ശരാശരിയില്‍ 303 റണ്ണാണ് അടിച്ചുകൂട്ടിയത്. 2023 സീസണില്‍ സൂര്യകുമാര്‍ മുംബൈയുടെ വൈസ് ക്യാപ്റ്റനായി നിയമിക്കപ്പെട്ടു. ആ സീസണാണ് ഇന്നവരേയുള്ളതില്‍ വെച്ച് അയാളുടെ ഏറ്റവും മികച്ച ഐ പി എല്‍ സീസണ്‍. 16 മത്സരത്തില്‍ നിന്ന് 605 റണ്ണാണ് അത്തവണ അയാള്‍ നേടിയത്. സീസണില്‍ സൂര്യകുമാര്‍ ഐ പി എല്ലിലെ തന്റെ ആദ്യ സെഞ്ച്വറിയും നേടി. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലായിരുന്നു അത്. വീണ്ടും പരിക്കേറ്റതോടെ 2024 സീസണിലെ ആദ്യ കുറച്ച് മത്സരങ്ങളില്‍ അയാള്‍ക്ക് കളിക്കാനായില്ല. തുടര്‍ന്ന് പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ അയാള്‍ 11 മത്സരങ്ങളില്‍ നിന്ന് 345 റണ്ണടിച്ചു. സീസണില്‍ ഐ പി എല്ലിലെ തന്റെ രണ്ടാമത്തെ സെഞ്ച്വറിയും അയാള്‍ നേടി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലായിരുന്നു അത്.

ഇതിനിടെ, 2021 മാര്‍ച്ചില്‍ സൂര്യകുമാര്‍ ഇന്ത്യന്‍ ജേഴ്‌സിയിലും അരങ്ങേറി. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ട്വന്റി20 പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിലായിരുന്നു അത്. എന്നാല്‍ ആ മത്സരത്തില്‍ സൂര്യയ്ക്ക് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. പരമ്പരയിലെ നാലാമത്തെ മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയ അയാള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ താന്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സറിന് പറത്തി. അതോടെ ട്വന്റി20യില്‍ ഇങ്ങനെ ചെയ്യുന്ന ആദ്യ ബാറ്ററായി സൂര്യകുമാര്‍ യാദവ്. മത്സരത്തില്‍ സൂര്യ അര്‍ദ്ധസെഞ്ച്വറി നേടി. തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായി നടന്ന ഏകദിന പരമ്പരയിലേയ്ക്കും സൂര്യകുമാര്‍ യാദവ് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഒരു മത്സരവും കളിക്കാനായില്ല. 2021 ജൂണില്‍ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ നടന്ന ഏകദിന പരമ്പരയിലേയ്ക്കുള്ള ടീമില്‍ സൂര്യയെ ഉള്‍പ്പെടുത്തി. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച സൂര്യകുമാര്‍ യാദവ് തൊട്ടടുത്ത മത്സരത്തില്‍ അന്താരാഷ്ട്ര ഏകദിനങ്ങളിലെ തന്റെ ആദ്യ അര്‍ദ്ധസെഞ്ച്വറി നേടി. 2021 ജൂലായില്‍ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ ടെസ്റ്റ് ടീമില്‍ പകരക്കാരനായി സൂര്യയെ ഉള്‍പ്പെടുത്തിയെങ്കിലും ഒരൊറ്റ മത്സരം പോലും കളിക്കാനായില്ല. തുടര്‍ന്ന് നടന്ന ട്വന്റി20 ലോകകപ്പനുള്ള ഇന്ത്യന്‍ ടീമില്‍ സൂര്യ ഉള്‍പ്പെട്ടു. എന്നാല്‍ ടൂര്‍ണമെന്റില്‍ അയാളുടെയും ഇന്ത്യന്‍ ടീമിന്റെയും പ്രകടനം ഒരുപോലെ ദയനീയമായിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്ന് വെറും 31 റണ്‍ മാത്രമായിരുന്നു സൂര്യയുടെ സമ്പാദ്യം. ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ലോകകപ്പില്‍ നിന്ന് പുറത്താവുകയും ചെയ്തു.

ആ വര്‍ഷം നവംബറില്‍ ന്യൂസീലന്റിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ടെസ്റ്റ് ടീമിലേയ്ക്ക് സൂര്യകുമാര്‍ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഒരു മത്സരത്തിലും അയാളെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല. ട്വന്റി20 പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ കളിച്ച അയാള്‍ നേടിയത് 63 റണ്‍സായിരുന്നു. 2022 ജൂലായില്‍ സൂര്യകുമാര്‍ യാദവ് തന്റെ ആദ്യ അന്താരാഷ്ട്ര ട്വന്റി20 സെഞ്ച്വറി നേടി. ട്രെന്റ് ബ്രിഡ്ജില്‍ വെച്ച് നടന്ന മത്സരത്തില്‍ 55 പന്തില്‍ നിന്ന് 117 റണ്‍സാണ് അയാള്‍ നേടിയത്. ആ വര്‍ഷം ഒക്ടോബറില്‍ അയാള്‍ അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റില്‍ ആയിരം റണ്‍ തികച്ചു. ഏറ്റവും കുറഞ്ഞ പന്തുകളില്‍ നിന്ന് ആ നേട്ടത്തിലെത്തുന്ന ബാറ്ററായി സൂര്യകുമാര്‍ മാറി. 573 പന്തില്‍ നിന്നാണ് അയാള്‍ ആയിരം റണ്‍ തികച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലായിരുന്നു സൂര്യ ഈ നേട്ടം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ഒക്ടോബര്‍ 30ന് പുരുഷന്‍മാരുടെ ഐ സി സി അന്താരാഷ്ട്ര ട്വന്റി20 റാങ്കിംഗില്‍ അയാള്‍ ഒന്നാമതെത്തി. ആ വര്‍ഷം ഓസ്‌ട്രേലിയയില്‍ വെച്ച് നടന്ന ട്വന്റി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന സൂര്യകുമാര്‍ യാദവ് ആറ് മത്സരത്തില്‍ നിന്നായി 239 റണ്‍ സ്‌കോര്‍ ചെയ്തു. ടൂര്‍ണമെന്റില്‍ ഇന്ത്യ സെമിഫൈനലിലെത്തുകയും ചെയ്തു. നവംബറില്‍ അയാള്‍ തന്റെ രണ്ടാം അന്താരാഷ്ട്ര ട്വന്റി20 സെഞ്ച്വറി നേടി. ന്യൂസീലന്റിനെതിരെ 51 പന്തില്‍ പുറത്താകാതെ 111 റണ്ണാണ് അയാള്‍ അടിച്ചത്. 2022ലെ ഐ സി സിയുടെ ഏറ്റവും മികച്ച പുരുഷ ട്വന്റി20 താരമായി സൂര്യകുമാര്‍ യാദവ് തിരഞ്ഞെടുക്കപ്പെട്ടു. ഐ സി സിയുടെ ആ വര്‍ഷത്തെ പുരുഷ ട്വന്റി20 ടീമിലും അയാള്‍ ഉള്‍പ്പെട്ടു. 2023 ജനുവരിയില്‍ സൂര്യ തന്റെ മൂന്നാം അന്താരാഷ്ട്ര ട്വന്റി20 സെഞ്ച്വറി നേടി. രാജ്‌കോട്ടില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ വെറും 45 പന്തില്‍ നിന്നാണ് സൂര്യ സെഞ്ചവ്‌റി തികച്ചത്. തുടര്‍ന്ന് ഐ സി സിയുടെ അന്താരാഷ്ട്ര ട്വന്റി20 റാങ്കിംഗ് പ്രസിദ്ധീകരിച്ചപ്പോള്‍ സൂര്യയ്ക്ക് ലഭിച്ചിരുന്നത് 910 പോയിന്റുകളാണ്. അന്താരാഷ്ട്ര ട്വന്റി20യുടെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ പോയിന്റ് നേട്ടമായിരുന്നു അത്. 2022ലെ ഐ സി സിയുടെ പുരുഷ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനായും സൂര്യകുമാര്‍ യാദവ് തിരഞ്ഞെടുക്കപ്പെട്ടു.

2023 ഫെബ്രുവരി ഒമ്പതിന് സൂര്യകുമാര്‍ യാദവ് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. നാഗ്പൂരില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിലായിരുന്നു ഇത്. എന്നാല്‍ മത്സരത്തില്‍ സൂര്യയ്ക്ക് കാര്യമായ പ്രകടനം നടത്താനായില്ല. കരിയറില്‍ ഇതുവരെ ഈയൊരു ടെസ്റ്റ് മത്സരത്തില്‍ മാത്രമാണ് സൂര്യകുമാര്‍ കളിച്ചിട്ടുള്ളത്. 2023ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ട സൂര്യയ്ക്ക് പക്ഷെ ശ്രദ്ധേയമായ പ്രകടനം നടത്താനായില്ല. ഏഴ് മത്സരങ്ങളില്‍ നിന്ന് 106 റണ്‍ മാത്രമാണ് അയാള്‍ക്ക് നേടാനായത്. ലോകകപ്പിന് ശേഷം ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായ സൂര്യ തിരഞ്ഞെടുക്കപ്പെട്ടു. പരമ്പരയിലെ അഞ്ച് മത്സരങ്ങളില്‍ നിന്ന് 144 റണ്‍ സ്‌കോര്‍ ചെയ്യുക മാത്രമല്ല 4-1ന്റെ പരമ്പര ജയത്തിലേയ്ക്ക് അയാള്‍ ഇന്ത്യയെ നയിക്കുകയും ചെയ്തു. തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ട്വന്റി20 പരമ്പരയിലും ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി സൂര്യകുമാര്‍ നിയോഗിക്കപ്പെട്ടു. പരമ്പരയില്‍ അയാള്‍ തന്റെ നാലാമത്തെ അന്താരാഷ്ട്ര ട്വന്റി20 സെഞ്ച്വറി നേടി.

ട്വന്റി20 ലോകകപ്പില്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇന്ത്യ ചാമ്പ്യന്‍മാരായപ്പോള്‍ ആ ടീമിലെ നിര്‍ണായക സാന്നിദ്ധ്യമായിരുന്നു സൂര്യകുമാര്‍ യാദവ്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറിനെ പുറത്താക്കാന്‍ ബൗണ്ടറി ലൈനില്‍ വെച്ച് സൂര്യ എടുത്ത ക്യാച്ച് എക്കാലവും ഓര്‍ക്കപ്പെടും. മത്സരത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്നായിരുന്നു അത്. ഏഴ് റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്പിച്ചത്. സൂര്യകുമാറിന്റെ ക്യാച്ച് ക്രിക്കറ്റ് ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നായി ക്രിക്കറ്റ് പണ്ഡിതന്‍മാര്‍ വിലയിരുത്തി. ലോകകപ്പ് ജയത്തെത്തുടര്‍ന്ന് രോഹിത് ശര്‍മ അന്താരാഷ്ട്ര ട്വന്റി20യില്‍ നിന്ന് വിരമിക്കുകയും രാഹുല്‍ ദ്രാവിഡിന് പകരം ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി എത്തുകയും ചെയ്തതോടെ സൂര്യകുമാര്‍ യാദവിനെ ഇന്ത്യന്‍ ട്വന്റി20 ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി നിയമിച്ചു. തുടര്‍ന്ന് ശ്രീലങ്കയിലും ദക്ഷിണാഫ്രിക്കയിലും നടന്ന ട്വന്റി20 പരമ്പരകള്‍ സൂര്യയുടെ നേതൃത്വത്തില്‍ ഇന്ത്യ ജയിച്ചു.

വയസ് 34 ആയെങ്കിലും ചുരുങ്ങിയത് അടുത്ത നാല് വര്‍ഷം കൂടി സൂര്യകുമാര്‍ യാദവ് പരിമിത ഓവര്‍ ക്രിക്കറ്റില്‍, പ്രത്യേകിച്ച് ട്വന്റി20യില്‍ ഇന്ത്യയെ ബഹുദൂരം മുന്നോട്ടുകൊണ്ടുപോകുമെന്ന പ്രതീക്ഷയാണുള്ളത്. സൂര്യകുമാറിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ട്വന്റി20യില്‍ ഇന്ത്യ കൂടുതല്‍ കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം. ഒപ്പം ഐ പി എല്ലിലും അയാള്‍ തന്റെ മാസ്മരിക പ്രകടനം തുടരുമെന്ന് ആരാധകരും കരുതുന്നു.



