Saturday, February 21, 2026
Google search engine
HomeSportLife Storyഅര്‍ജന്റീനയുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ അല്‍വാരസ്

അര്‍ജന്റീനയുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ അല്‍വാരസ്

കെ.ശ്രീജിത്ത്

‘ദ സ്‌പൈഡര്‍’ എന്ന് ആരാധകര്‍ സ്‌നേഹപൂര്‍വം വിളിക്കുന്ന ജൂലിയന്‍ അല്‍വാരസ്. നാലാമത്തെ വയസ് മുതല്‍ ഫുട്‌ബോളിനോടായിരുന്നു അല്‍വാരസിന് കമ്പം. അന്നുമുതല്‍ ലോകകപ്പില്‍ സാക്ഷാല്‍ ലിയണല്‍ മെസ്സിക്കൊപ്പം ലോകകപ്പില്‍ കളിക്കുക എന്നതായിരുന്നു അവന്റെ സ്വപ്നം. അല്‍വാരസിന്റെ ഇഷ്ടം മനസിലാക്കിയ മാതാപിതാക്കള്‍ അവനെ ഹ്യൂഗോ റാഫേല്‍ വരാസ് എന്ന പ്രദേശിക ഫുട്‌ബോള്‍ പരിശീലകന്റെ ഫുട്‌ബോള്‍ സ്‌കൂളില്‍ ചേര്‍ക്കുന്നു. ഫ്യുച്യുറ എസ്‌ട്രെലിറ്റ സോക്കര്‍ സ്‌കൂള്‍ എന്ന് പേരുള്ള ആ സ്‌കൂളില്‍ വരാസ് അവനെ ഫുട്‌ബോള്‍ മാത്രമല്ല പരിശീലിപ്പിച്ചത്. എല്ലാ അര്‍ത്ഥത്തിലും അവന്റെ രക്ഷിതാവായി. തന്റെ അക്കാദമിയിലെ മറ്റ് കുട്ടികളില്‍ നിന്ന് വ്യത്യസ്തമായി അല്‍വാരസിന്റെ പ്രതിഭ ഏറെ മുകളിലാണെന്ന് തിരിച്ചറിഞ്ഞ റാഫേല്‍ വരാസ് അവനെ പ്രത്യേകം ശ്രദ്ധിക്കുന്നു. ഒരുനാള്‍ അവന്‍ അര്‍ജന്റീനയ്ക്കുവേണ്ടി കളിക്കുമെന്നും ഉയരങ്ങള്‍ കീഴടക്കുമെന്നും അന്നേ അയാള്‍ മനസിലാക്കിയിരുന്നു. വരാസിന് തനിക്കുമേലുള്ള പ്രത്യേക ശ്രദ്ധ അറിയാമായിരുന്ന അല്‍വാരസ് ഒരിക്കലും അയാളെ നിരാശപ്പെടുത്തിയില്ല.

റാഫേല്‍ വരാസിന്റെ സ്‌കൂളില്‍ നിന്ന് മൂന്ന് വര്‍ഷം ഫുട്‌ബോളിലെ ബാലപാഠങ്ങള്‍ പഠിച്ച അല്‍വാരസ് ഫുട്‌ബോളില്‍ കൂടുതല്‍ കൂടുതല്‍ ഉയരങ്ങള്‍ സ്വപ്‌നം കണ്ട് തുടങ്ങിയിരുന്നു. അല്‍വാരസിന്റെ നാടായ കാല്‍ച്ചിനിലെ വലിയ ഫുട്‌ബോള്‍ അക്കാദമിയായിരുന്നു ക്ലബ് അത്‌ലറ്റിക്കോ കാല്‍ച്ചിന്‍. റാഫേല്‍ വരാസിന്റെ ഫുട്‌ബോള്‍ സ്‌കൂളിന് ക്ലബ് അത്‌ലറ്റിക്കോ കാല്‍ച്ചിനുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ജൂലിയന്‍ അല്‍വാരസിന്റെ കളി കണ്ട അത്‌ലറ്റിക്കോ കാല്‍ച്ചിനിലെ ഫുട്‌ബോള്‍ പരിശീലകര്‍ അവന്റെ പ്രതിഭ തിരിച്ചറിയുകയും വരാസിനോട് അവനെ തങ്ങളുടെ അക്കാദമിയിലേയ്ക്ക് വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. അപ്പോള്‍ അല്‍വാരസിന് ഏഴ് വയസായിരുന്നു പ്രായം. റാഫേല്‍ വരാസ് ഉടന്‍ തന്നെ അല്‍വാരസിന്റെ മാതാപിതാക്കളുമായി സംസാരിക്കുകയും അവരുടെ മകന്‍ തന്റെ സ്‌കൂള്‍ വിടേണ്ട സമയമായെന്നും അവന് ഇനി കൂടുതല്‍ മികച്ച പരിശീലനമാണ് വേണ്ടതെന്നും അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് അല്‍വാരസ് അത്‌ലറ്റിക്കോ കാല്‍ച്ചിന്‍ എന്ന പ്രദേശത്തെ മികച്ച അക്കാദമിയിലേയ്ക്ക് മാറുന്നു.

ക്ലബ് അത്‌ലറ്റിക്കോ കാല്‍ച്ചിനില്‍ ചേര്‍ന്ന് ആഴ്ചകള്‍ക്കകം തന്നെ അല്‍വാരസ് അവിടെ തന്റെ പ്രായത്തിലുള്ള മറ്റ് കുട്ടികളെയെല്ലാം കവച്ചുവെയ്ക്കുന്ന പ്രകടനം പുറത്തെടുത്തു. ആ അക്കാദമിയിലെ ഏറ്റവും മികച്ച ഫുട്‌ബോളറാണ് അല്‍വാരസെന്ന് അവിടുത്തെ പരിശീലകരെക്കൊണ്ട് പറയിക്കാന്‍ അവന് അധിക സമയമൊന്നും വേണ്ടിവന്നില്ല. റാഫേല്‍ വരാസ് ആകട്ടെ തന്റെ ഫുട്‌ബോള്‍ സ്‌കൂളില്‍ നിന്ന് അല്‍വാരസ് പോയെങ്കിലും അവന് പൂര്‍ണപിന്തുണയുമായി കൂടെത്തന്നെയുണ്ടായിരുന്നു. കാല്‍ച്ചിനിലെ അക്കാദമിയുമായ അല്‍വാരസ് പൊരുത്തപ്പെടുന്നതുവരെ അവനൊപ്പം തന്നെ വരാസ് തുടര്‍ന്നു. മാത്രമല്ല അത്‌ലറ്റിക്കോ കാല്‍ച്ചിനിലെ പരിശീലനത്തിനൊപ്പം തന്നെ വരാസ് തന്റേതായ ഒരു പരിശീലന സെഷന്‍ അല്‍വാരസിനായി ഒരുക്കി. എവിടെയും അല്‍വാരസ് തന്റെ ഫുട്‌ബോള്‍ ഗുരുവിനെ നിരാശപ്പെടുത്തിയില്ല. പോയിടത്തെല്ലാം മികച്ച കളിക്കാരനെന്ന് പേരെടുത്ത് അയാള്‍ ഗുരുവായ വരാസിന് അഭിമാനമായി.

ഇന്നും വരാസും അല്‍വാരസും തമ്മിലുള്ള ബന്ധം ശക്തമായിത്തന്നെ തുടരുന്നു. തനിക്ക് ഇരുപത് വയസ് തികഞ്ഞപ്പോള്‍ അല്‍വാരസ് ഫുട്‌ബോളിലെ തന്റെ ആദ്യ പരിശീലകനായ വരാസിന് ഒരു വാന്‍ സമ്മാനമായി നല്‍കി. ആ സമ്മാനം വരാസിന് സമ്മാനിച്ചതുതന്നെ അതിനാടകീയമായിട്ടാണ്. അല്‍വാരസിന്റെ അച്ഛന്‍ ഗുസ്താവോ അല്‍വാരസ് ഒരു ദിവസം രാവിലെ അപ്രതീക്ഷിതമായി റാഫേല്‍ വരാസിനെ ഫോണില്‍ വിളിക്കുന്നു. ഇന്ന് താന്‍ വരാസിന്റെ വീട്ടിലേയ്ക്ക് വരുന്നുണ്ടെന്നും മനോഹരമായ ഒന്ന് നിങ്ങളെ കാണിക്കാനുണ്ടെന്നും ഗുസ്താവോ പറയുന്നു. തുടര്‍ന്ന് കുറച്ച് സമയത്തിനകം അയാള്‍ അല്‍വാരസ് വരാസിന് സമ്മാനിച്ച വെളുത്ത വാനുമായി അയാളുടെ വീട്ടുപടിക്കലെത്തി ഹോണ്‍ മുഴക്കുന്നു. ഇതുകേട്ട് ഓടിവരുന്ന വരാസിനെ കണ്ട് ഗുസ്താവോ കാറില്‍ നിന്നിറങ്ങി ഇങ്ങനെ പറയുന്നു – ഇത് ജൂലിയന്‍ നിങ്ങള്‍ക്കായി കൊടുത്തയച്ചതാണ്. ഇനി മുതല്‍ നിങ്ങള്‍ക്ക് ഈ വാന്‍ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് സാധനങ്ങള്‍ ഡെലിവര്‍ ചെയ്യാം. പിസ്സയും ബ്രെഡുമെല്ലാം വിറ്റായിരുന്നു റാഫേല്‍ വരാസ് ഉപജീവനം നടത്തിയിരുന്നത്. ഇതറിയുന്ന അല്‍വാരസ് അയാളുടെ ജോലി ലഘൂകരിക്കാനായാണ് വാന്‍ സമ്മാനമായി നല്‍കിയത്. സമ്മാനം ഏറ്റവുവാങ്ങിയ വരാസ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയിരുന്നു. അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഇന്നേവരെ ഞാനൊന്നും ജൂലിയനോട് ആവശ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം അവന്‍ ഒപ്പിട്ട് നല്‍കിയ റിവര്‍പ്ലേറ്റിന്റെ ജേഴ്‌സി തന്നെ എനിക്ക് ധാരാളമായിരുന്നു – വരാസ് ഗുസ്താവോയോട് പറഞ്ഞു. ആ ദിവസം മുഴുവന്‍ വരാസ് ശിഷ്യന്റെ സ്‌നഹമോര്‍ത്ത് കരഞ്ഞു. അയല്‍ക്കാരും സുഹൃത്തുക്കളുമൊക്കെ പുതിയ വാന്‍ കണ്ട് അയാളെ അഭിനന്ദിച്ചപ്പോള്‍ അവരോടെല്ലാം അയാള്‍ ഒന്നുമാത്രം പറഞ്ഞു – ജൂലിയനില്‍ നിന്ന് ഞാന്‍ ഇത്രയൊന്നും അര്‍ഹിക്കുന്നില്ല. എനിക്കും എന്റെ കുടുംബത്തിനും എന്റെ സുഹൃത്തുക്കള്‍ക്കുമെല്ലാം ആ മനോഹരമായ സമ്മാനത്തിലൂടെ ജൂലിയന്‍ ഒരുപാട് സന്തോഷം നല്‍കി. അത് ഓര്‍ത്തോര്‍ത്ത് എനിക്ക് കരച്ചിലടക്കാനായിരുന്നില്ലെന്ന് റാഫേല്‍ വരാസ് പറയുന്നു.

പത്താമത്തെ വയസ് മുതല്‍ ജൂലിയന്‍ അല്‍വാരസിന്റെ അസാമാന്യ പ്രതിഭയെക്കുറിച്ച് അര്‍ജന്റീന മുഴുവന്‍ പാട്ടായിരുന്നു. പതിനൊന്നാമത്തെ വയസില്‍ ലോകത്തെത്തന്നെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ക്ലബുകളിലൊന്നായ റയല്‍മാഡ്രിഡിന്റെ അക്കാദമി അല്‍വാരസിനെ തങ്ങളുടെ കൂടെക്കൂട്ടാന്‍ ആഗ്രഹിച്ചു. സ്‌പെയിനില്‍ നടക്കുന്ന ട്രയല്‍സില്‍ പങ്കെടുക്കാന്‍ അവര്‍ അല്‍വാരസിനെ ക്ഷണിച്ചു. തങ്ങളുടെ കാണികള്‍ക്ക് മുമ്പില്‍ അല്‍വാരസ് ഫുട്‌ബോള്‍ കളിക്കുന്നത് കാണണമെന്ന് റയല്‍ മാഡ്രിഡ് അധികൃതര്‍ വാശിപിടിച്ചു. അതിനായി കൊച്ചുപയ്യനായ അല്‍വാരസിന് കൂട്ടായി അയാളുടെ മാതാപിതാക്കള്‍ക്കും സ്‌പെയിനിലെ മാഡ്രിഡിലേയ്ക്ക് യാത്ര ചെയ്യേണ്ടിവന്നു. ട്രയല്‍സിന്റെ ആദ്യദിനം ഇതാദ്യമായി അല്‍വാരസ് റയല്‍ മാഡ്രിഡിന്റെ പ്രസിദ്ധമായ ആ വെള്ള ജേഴ്‌സി അണിഞ്ഞു. അന്ന് റയല്‍ മാഡ്രിഡിന്റെ പരിശീലകര്‍ അല്‍വാരസിന്റെ പ്രതിഭ എത്രത്തോളമാണെന്ന് ശരിക്കും അറിഞ്ഞു. റയല്‍ മാഡ്രിഡിന്റെ ജേഴ്‌സി ധരിച്ച് അവന്‍ സ്പാനിഷ് ഫുട്‌ബോളിലെ കുട്ടികളുടെ ഒരു ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. ഗോള്‍ അടിക്കുന്നതിനും ഗോളിന് വഴിയൊരുക്കുന്നതിലും അവന്‍ അസാമാന്യ മിടുക്ക് കാണിച്ചു. റയല്‍ മാഡ്രിഡിന്റെ പ്രസിഡന്റ് അടക്കം അവന്റെ കളി കണ്ട എല്ലാവരും അന്തംവിട്ടു. ജൂലിയനാകട്ടെ, മാഡ്രിഡില്‍ താമസിച്ച ദിവസങ്ങളില്‍ ആ അവസരം വിനിയോഗിച്ച് റയലിന്റെ മനോഹരമായ സ്‌റ്റേഡിയവും അവരുടെ പരിശീലന മൈതാനങ്ങളും ഒന്നുവിടാതെ കണ്ടു. അതിനേക്കാളുമൊക്കെ അയാള്‍ വിട്ടുപോകാതിരുന്ന കാര്യം തന്റെ ഹീറോസായ ഗൊണ്‍സാലോ ഹിഗ്വയിനെയും ഏയ്ഞ്ചല്‍ ഡി മരിയയെയും കാണുകയും പരിചയപ്പെടുക എന്നതുമായിരുന്നു. റയല്‍ മാഡ്രഡിന്റെ ഇതിഹാസ താരമായ സെര്‍ജിയോ റാമോസിനെയും അക്കൂട്ടത്തില്‍ അല്‍വാരസ് കാണുകയും പരിചയപ്പെടുകയും ചെയ്തു. എന്നാല്‍ മാഡ്രിഡിലേയ്ക്കുള്ള ആ യാത്ര മറ്റൊരു തരത്തില്‍ അല്‍വാരസിനെയും കുടുംബത്തെയും നിരാശപ്പെടുത്തി. കാരണം റയല്‍ മാഡ്രിഡിന് അല്‍വാരസുമായി കരാര്‍ ഒപ്പിടുന്നതിന് ചില സാങ്കേതിക തടസങ്ങളുണ്ടായിരുന്നു. പതിമൂന്ന് വയസിന് താഴെയുള്ളവരുടെ ട്രാന്‍സ്ഫര്‍ നിയമങ്ങളായിരുന്നു തടസം. അതോടെ റയല്‍ മാഡ്രിഡിന് അല്‍വാരസിനെ നിരസിക്കേണ്ടിവന്നു. തുടര്‍ന്ന് അല്‍വാരസും കുടുംബവും അര്‍ജന്റീനയിലേയ്ക്ക് മടങ്ങിപ്പോന്നു.

മാഡ്രിഡില്‍ നിന്ന് മടങ്ങിവന്നതിന് ശേഷം അര്‍ജന്റീയന്‍ ക്ലബായ ബൊക്ക ജൂനിയേഴ്‌സ് അല്‍വാരസിനെ ടീമിലുള്‍പ്പെടുത്താന്‍ ആഗ്രഹിച്ചെങ്കിലും അയാളുടെ മാതാപിതാക്കള്‍ അതിന് സമ്മതിച്ചില്ല. മകന്‍ കാല്‍ച്ചിന്‍ ക്ലബില്‍ തന്നെ തുടരുമെന്ന് അവര്‍ വ്യക്തമാക്കി. ലോവര്‍ ഡിവിഷന്‍ ഫുട്‌ബോളില്‍ തുടര്‍ന്നും കളിച്ച അല്‍വാരസ് ഗംഭീര പ്രകടനങ്ങളുമായി മുന്നേറി. കല്‍ച്ചിനിലുള്ളപ്പോള്‍ തന്നെ മറ്റ് അക്കാദമികളിലേയ്ക്ക് പോകുന്നത് അല്‍വാരസ് പരീക്ഷിച്ചെങ്കിലും മാതാപിതാക്കളെയും സഹോദരങ്ങളെയും വിട്ടുനില്‍ക്കുന്നതിലെ ബുദ്ധിമുട്ട് കാരണം അയാള്‍ എല്ലായിടത്തുനിന്നും തിരിച്ചുവന്നു. അതിലൊന്ന് അര്‍ജന്റീനോ ജൂനിയേഴ്‌സ് ആയിരുന്നു. ഇതിഹാസ താരം ഡീഗോ മറഡോണയും നിലവിലെ അര്‍ജന്റീനിയന്‍ സൂപ്പര്‍താരം അലക്‌സിസ് മക് അലിസ്റ്ററുമെല്ലാം വളര്‍ന്നുവന്നത് അര്‍ജന്റീനോ ജൂനിയേഴ്‌സിലൂടെയായിരുന്നു. അല്‍വാരസ് പതിനഞ്ച് വയസ് വരെ ക്ലബ് അത്‌ലറ്റിക്കോ കാല്‍ച്ചിനില്‍ തന്നെ തുടര്‍ന്നു. കുറേക്കൂടെ വലുതായതോടെ തന്റെ ഗൃഹാതുരത്വവും കുടുംബാംഗങ്ങളെ വിട്ടുനില്‍ക്കാനുള്ള പ്രയാസവും പതുക്കെ പതുക്കെ മറികടന്ന അല്‍വാരസ് കാല്‍ച്ചിന്‍ ക്ലബ് വിടാനുള്ള സമയമായെന്ന് സ്വയം തീരുമാനിക്കുകയും അക്കാര്യം മാതാപിതാക്കളെ അറിയിക്കുകയും ചെയ്യുന്നു. അര്‍ജന്റീനയിലെ ഏറ്റവും മികച്ച ക്ലബുകളിലൊന്നായ റിവര്‍ പ്ലേറ്റിന്റെ അക്കാദമിയിലേയ്ക്ക് മാറാനാണ് അല്‍വാരസ് തീരുമാനിക്കുന്നത്. അതിന് കാരണമായി രണ്ട് കാര്യങ്ങളാണ് അവന്‍ പറഞ്ഞത്. ഒന്ന് – അവനൊരു റിവര്‍പ്ലേറ്റ് ആരാധകനാണ്. രണ്ട് – റിവര്‍പ്ലേറ്റിന്റെ ജേഴ്‌സിയുടെ നിറവും കാല്‍ച്ചിന്‍ ക്ലബിന്റെ നിറവും ഒന്നാണ്. റിവര്‍ പ്ലേറ്റിന്റെ അക്കാദമിയിലെത്തിയ അല്‍വാരസിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം അയാളുടെ ഗൃഹാതുരത്വമാണെന്ന് ക്ലബ് മാനേജ്‌മെന്റ് തിരിച്ചറിയുന്നു. അതിന് അവര്‍ പരിഹാരം കണ്ടെത്തിയതോടെ പ്രൊഫഷണല്‍ ഫുട്‌ബോളറെന്ന സ്വപ്‌നത്തിലേയ്ക്ക് അല്‍വാരസ് അതിവേഗം കുതിച്ചു. റിവര്‍ പ്ലേറ്റലും തന്റെ കുതിപ്പ് തുടര്‍ന്ന അയാള്‍ക്ക് 2018 ലോകകപ്പിന് മുമ്പ് അര്‍ജന്റീനിയന്‍ ദേശീയ ടീമിനൊപ്പം പരിശീലിക്കാന്‍ അവസരം നല്‍കുന്നു. സൂപ്പര്‍താരം മാര്‍ക്കസ് റോഹോ അടക്കമുള്ളവര്‍ക്കൊപ്പം പരിശീലിക്കാനാണ് അല്‍വാരസിന് അവസരം ലഭിച്ചത്. അല്‍വാരസ് റിവര്‍ പ്ലേറ്റിന് സൂപ്പര്‍കോപ്പ അര്‍ജന്റീന, കോപ്പ ലിബര്‍ട്ടഡോറസ്, കോപ്പ അര്‍ജര്‍ജന്റീന, പ്രീമിയര്‍ ഡിവിഷന്‍ തുടങ്ങി എണ്ണമറ്റ കിരീടങ്ങള്‍ നേടിക്കൊടുത്തു. ഇതോടെ യൂറോപ്യന്‍ ക്ലബുകള്‍ ജൂലിയന്‍ അല്‍വാരസിന് ചുറ്റും വട്ടമിട്ടുപറന്നു. ഒടുവില്‍ മാഞ്ചസ്റ്റര്‍ സിറ്റി അല്‍വാരസിനെ ടീമിലെത്തിക്കുന്നതില്‍ വിജയിച്ചു. 2022ലായിരുന്നു ഇത്. തുടര്‍ന്ന് രണ്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗുകളില്‍ അല്‍വാരസ് മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം കിരീടം നേടി.

ഇതിനിടയില്‍ 2018 മുതല്‍ 20 വരെ ജൂലിയന്‍ അല്‍വാരസ് അര്‍ജന്റീനിയുടെ അണ്ടര്‍-20 ടീമിലുള്‍പ്പെട്ടു. ഈ കാലയളവില്‍ അയാള്‍ ഫിഫ അണ്ടര്‍-20 ലോകകപ്പിലും ഒളിംപിക്‌സ് യോഗ്യതാ ടൂര്‍ണമെന്റിലും അല്‍വാരസ് കളിച്ചു. 2021ലെ സൗത്ത് അമേരിക്കന്‍ പ്ലേയര്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ടത് അല്‍വാരസ് ആയിരുന്നു. 2021 ജൂണ്‍ മൂന്നിന് ചിലിയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് അല്‍വാരസ് ആദ്യമായി അര്‍ജന്റീനയുടെ സീനിയര്‍ ടീമിനുവേണ്ടി കളിക്കുന്നത്. 62-ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയയ്ക്ക് പകരക്കാരനായാണ് അല്‍വാരസ് കളിച്ചത്. പിന്നീട് ആ മാസം തന്നെ നടന്ന കോപ്പ അമേരിക്കയില്‍ ഒരു മത്സരത്തില്‍ മാത്രമാണ് അല്‍വാരസിന് അര്‍ജന്റീനയ്ക്കുവേണ്ടി കളിക്കാനായത്. ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ബ്രസീലിനെ തോല്പിച്ച് അര്‍ജന്റീന ചാമ്പ്യന്‍മാരായി. 2022 മാര്‍ച്ചില്‍ ഇക്വഡോറിനെതിരായ മത്സരത്തില്‍ അല്‍വാരസ് തന്റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ നേടി. ആവര്‍ഷം നവംബറില്‍ നടന്ന ലോകകപ്പിനുള്ള അര്‍ജന്റീന ടീമില്‍ ഉള്‍പ്പെട്ട അല്‍വാരസ് ടൂര്‍ണമെന്റില്‍ കസറി. നാല് ഗോളാണ് അല്‍വാരസ് ലോകകപ്പില്‍ നേടിയത്. അതില്‍ സെമിഫൈനലില്‍ ക്രൊയേഷ്യയ്‌ക്കെതിരെ നേടിയ രണ്ട് ഗോളും ഉള്‍പ്പെടും. ഇതോടെ സാക്ഷാല്‍ പെലെയ്ക്കുശേഷം ലോകകപ്പ് സെമിഫൈനലില്‍ രണ്ട് ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി അല്‍വാരസ്. 1958 ലോകകപ്പിന്റെ സെമിഫൈനലിലായിരുന്നു പെലെ രണ്ട് ഗോള്‍ നേടിയത്. ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ തോല്പിച്ച് അര്‍ജന്റീന ചാമ്പ്യന്‍മാരായപ്പോഴും അല്‍വാരസ് മിന്നിത്തിളങ്ങി.

തുടര്‍ന്ന് 2024ലെ കോപ്പ അമേരിക്കയില്‍ ചാമ്പ്യന്‍മാരായ അര്‍ജന്റീന ടീമിലെ നിര്‍ണായക സാന്നിദ്ധ്യമായിരുന്നു അല്‍വാരസ്. 2022 ലോകകപ്പ് മുതല്‍ അര്‍ജന്റീന ടീമില്‍ ലിയണല്‍ മെസ്സി-ജൂലിയന്‍ അല്‍വാരസ് കൂട്ടുകെട്ട് തകര്‍പ്പന്‍ കളിയാണ് കാഴ്ചവെയ്ക്കുന്നത്. 24 വയസിനിടെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ അല്‍വാരസ് കൈവരിച്ച നേട്ടങ്ങള്‍ ആരെയും കൊതിപ്പിക്കുന്നതാണ്. അര്‍ജന്റീനയ്‌ക്കൊപ്പം ലോകകപ്പും രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും അയാള്‍ നേടി. ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഒരൊറ്റ സീസണില്‍ ലോകകപ്പ് നേടുന്നതിനൊപ്പം ക്ലബ് ഫുട്‌ബോളിലെ അപൂര്‍വ ട്രിപ്പിള്‍ നേട്ടമായ പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ്, യുവേഫ ചാമ്പ്യന്‍സ് ലീഗ് എന്നീ കിരീടങ്ങളും നേടുന്ന ഒരേയൊരു താരമാണ് ജൂലിയന്‍ അല്‍വാരസ്. 2024 ഓഗസ്റ്റ് 12ന് ജൂലിയന്‍ അല്‍വാരസ് സ്പാനിഷ് ക്ലബായ അത്‌ലറ്റികോ മാഡ്രിഡുമായി ആറ് വര്‍ഷത്തെ കരാര്‍ ഒപ്പിട്ടതായുള്ള വിവരം പുറത്തുവന്നു. 81.5 മില്യണ്‍ യൂറോയാണ് അല്‍വാരസിന്റെ പ്രതിഫലമെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

മുന്‍നിരയില്‍ എവിടെയും കളിക്കാന്‍ അസാമാന്യ വൈഭവമുള്ള സ്‌ട്രൈക്കറാണ് ജൂലിയന്‍ അല്‍വാരസ്. അതിവേഗതയും പന്തിനുമേലുള്ള മനോഹരമായ നിയന്ത്രണവും വലതുകാല്‍ കൊണ്ടുള്ള പ്രഹരശേഷിയും സ്‌ട്രൈക്കര്‍ എന്ന നിലയില്‍ അല്‍വാരസിനെ വേറിട്ടുനിര്‍ത്തുന്നു. വണ്‍ ടച്ച് ഗെയിം കളിക്കാനുള്ള വിരുതും പാസിലെ കൃത്യതയും നേരിയ വിടവിലൂടെ നുഴഞ്ഞുകയറാനുള്ള അസാധാരണ കഴിവുമെല്ലാം അല്‍വാരസിനെ അത്യന്തം അപകടകാരിയായ സ്‌ട്രൈക്കറാക്കുന്നു. 2023-24 സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകന്‍ പെപ് ഗാര്‍ഡിയോള അല്‍വാരസിനെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായി ഉപയോഗിച്ചിരുന്നു. കെവിന്‍ ഡിബ്രുയ്‌നെയുടെ അഭാവത്തിലായിരുന്നു ഇത്. അതിവേഗം ഓടാനും പാസ് ചെയ്യാനും പന്ത് നിയന്ത്രണത്തിലാക്കാനുമുള്ള കഴിവ് ആ റോളിലും വിജയിക്കാന്‍ അല്‍വാരസിനെ പ്രാപ്തനാക്കി. സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വന്തം കളി മാറ്റിയെടുക്കാനുള്ള അയാളുടെ കഴിവിനെ ഫുട്‌ബോള്‍ പണ്ഡിതന്‍മാര്‍ വാഴ്ത്തുന്നു. എന്തായാലും ഒരു കാര്യം ഉറപ്പാണ്. അടുത്ത കുറേയേറെ വര്‍ഷങ്ങള്‍ ലോകഫുട്‌ബോള്‍ ജൂലിയന്‍ അല്‍വാരസ് എന്ന അര്‍ജന്റീനക്കാരന് ചുറ്റും കറങ്ങും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments