കെ.ശ്രീജിത്ത്
നിര്‍ണായക സമയത്ത് മികച്ച ബാറ്റിംഗിലൂടെ ടീമിനെ പടുകുഴിയില്‍ കരകയറ്റുന്ന ഋഷഭ് പന്തിനെക്കുറിച്ച്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി ചുരുങ്ങിയ സമയത്തിനുള്ളില്‍ത്തന്നെ ഋഷഭ് പന്തിന്റെ പ്രതിഭ ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകര്‍ തിരിച്ചറിഞ്ഞു. പ്രത്യേകിച്ചും ടെസ്റ്റ് ക്രിക്കറ്റില്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി വളരെ കുറച്ച് വര്‍ഷങ്ങള്‍ കൊണ്ടുതന്നെ അസാധാരണ ടെസ്റ്റ് വിജയങ്ങളാണ് അയാള്‍ ഇന്ത്യയ്ക്ക് നേടിത്തന്നത്. ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയെ ഋഷഭ് ഒറ്റയ്ക്ക് ചുമലിലേറ്റി വിജയതീരമടുപ്പിച്ച ഒന്നിലധികം ഇന്നിംഗ്‌സുകള്‍. അതെല്ലാം ഇന്ത്യയുടെ ചരിത്ര വിജയങ്ങളായി മാറിയ മത്സരങ്ങളിലാണെന്നതുകൂടി ഓര്‍ക്കണം. പ്രത്യേകിച്ചും ഓസ്‌ട്രേലിയന്‍ മണ്ണില്‍ അവരുടെ ലോകനിലവാരത്തിലുള്ള ബൗളര്‍മാരെ തറപറ്റിച്ച് ഋഷഭ് നേടിക്കൊടുത്ത വിജയങ്ങള്‍ അവിസ്മരണീയമാണ്. ഋഷഭ് പന്ത് വിചാരിച്ചാല്‍ വെറും അരമണിക്കൂര്‍ കൊണ്ട് ഒരു മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിക്കാന്‍ കഴിയും. അത്രമാത്രം സ്‌ഫോടനാത്മകമാണ് ആ ബാറ്റിംഗ്. എതിരാളികളെ അക്ഷരാര്‍ത്ഥത്തില്‍ തച്ചുതകര്‍ത്ത് തേരോട്ടം നടത്തുന്ന ബാറ്റര്‍. ബൗളര്‍മാരുടെ എല്ലാ ആത്മവിശ്വാസവും ഇല്ലാതാക്കി നിരാശയുടെ പടുകുഴിയിലേയ്ക്ക് അവരെ തള്ളിയിടാന്‍ റിഷഭിന് ഏതാനും ഓവറുകള്‍ മാത്രം മതി. അത്രത്തോളം വിനാശകരമാണ് ആ ബാറ്റിംഗ്. ഋഷഭ് പന്ത് എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ നമ്മുക്ക് ഓര്‍മ വരിക ഇതിഹാസ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആദം ഗില്‍ക്രിസ്റ്റിനെയാണ്. ഗില്‍ക്രിസ്റ്റിന്റെ ഏതാണ്ട് എല്ലാ ഗുണങ്ങളും റിഷഭിലും അടങ്ങിയിട്ടുണ്ട്. തനിക്ക് മുന്നില്‍ ഇനിയും ഒട്ടേറെ വര്‍ഷങ്ങള്‍ ബാക്കിയുണ്ട് എന്നതുകൊണ്ടുതന്നെ കരിയര്‍ അവസാനിക്കുമ്പോള്‍ ഗില്‍ക്രിസ്റ്റിനും മുകളിലായിരിക്കും റിഷഭിന്റെ സ്ഥാനം എന്നത് ഏതാണ്ട് ഉറപ്പാണ്.

പരിമിത ഓവര്‍ ക്രിക്കറ്റിനെ അപേക്ഷിച്ച് ടെസ്റ്റ് ക്രിക്കറ്റിലാണ് ഋഷഭ് പന്ത് തന്റെ വിശ്വരൂപം പുറത്തെടുത്തിട്ടുള്ളത്. തന്റെ മൂന്നാമത്തെ ടെസ്റ്റ് മത്സരത്തിലാണ് ഋഷഭ് പന്ത് ആദ്യ സെഞ്ച്വറി നേടുന്നത്. 2018ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെ ആയിരുന്നു അത്. 464 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്കുവേണ്ടി ഏഴാം നമ്പറിലാണ് അന്ന് ഋഷഭ് ബാറ്റ് ചെയ്തത്. 114 റണ്‍സാണ് അയാള്‍ സ്‌കോര്‍ ചെയ്തത്. ഋഷഭ് ക്രീസില്‍ നില്‍ക്കുന്ന സമയത്തെല്ലാം ആ ലക്ഷ്യം ഇന്ത്യ നേടുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. അയാള്‍ പുറത്തായതോടെ ടെസ്റ്റ് ഇന്ത്യ 118 റണ്‍സിന് തോറ്റു. ഇംഗ്ലണ്ടില്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററായിരുന്നു ഋഷഭ് പന്ത്. തൊട്ടടുത്ത വര്‍ഷം ജനുവരിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ സിഡ്‌നിയില്‍ നടന്ന നാലാം ടെസ്റ്റ് മത്സരത്തിന്റെ ഒന്നാമിന്നിംഗ്‌സില്‍ 189 പന്തില്‍ 159 റണ്ണാണ് ഋഷഭ് നേടിയത്. ഏഴിന് 622 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിന് അന്ന് ഇന്ത്യ ഡിക്ലയര്‍ ചെയ്തു. മത്സരം സമനിലയില്‍ അവസാനിച്ചതോടെ ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ആദ്യ സെഞ്ച്വറി ആയിരുന്നു അത്.

2021ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ സിഡ്‌നി ടെസ്റ്റില്‍ വീണ്ടും ഋഷഭ് പന്ത് മാജിക്ക് കാണിച്ചു. മത്സരത്തിന്റെ അഞ്ചാം ദിനം ഇന്ത്യ തകര്‍ച്ചയെ നേരിട്ടപ്പോള്‍ 118 പന്തില്‍ 97 റണ്‍ നേടി ഋഷഭ് രക്ഷയ്‌ക്കെത്തി. പിന്നീട് ഹനുമ വിഹാരിയും രവിചന്ദ്രന്‍ അശ്വിനും ചേര്‍ന്നുള്ള പ്രതിരോധം ആ ടെസ്റ്റ് സമനിലയിലാക്കാന്‍ ഇന്ത്യയെ സഹായിച്ചു. റിഷഭിന്റെ ഇന്നിംഗ്‌സായിരുന്നു അന്ന് തോല്‍വിയെ തുറിച്ചുനോക്കിയിരുന്ന ഇന്ത്യയെ രക്ഷപ്പെടുത്തിയത്. അതും ആദ്യ ഇന്നിംഗ്‌സിലെ ബാറ്റിംഗിനിടെ കൈമുട്ടിനേറ്റ പരിക്ക് വകവെയ്ക്കാതെയാണ് ഋഷഭ് പോരാടിയത്. പരമ്പരയിലെ നാലാമത്തെ ടെസ്റ്റിന്റെ രണ്ടാമിന്നിംഗ്‌സില്‍ 89 റണ്‍ നേടി പുറത്താകാതെനിന്ന ഋഷഭ് പന്ത് ഇന്ത്യയ്ക്ക് മത്സരത്തിലും പരമ്പരയിലും വിജയം നേടിക്കൊടുത്തു. 2-1നായിരുന്നു അജിന്‍ക്യ രഹാനെയുടെ നേതൃത്വത്തിലുള്ള ഇന്ത്യ ശക്തരായ ഓസ്‌ട്രേലിയയെ തറപറ്റിച്ചത്. അതും പരമ്പരയിലെ ആദ്യ ടെസ്റ്റ് തോറ്റതിന് ശേഷം. ഒട്ടേറെ മുന്‍നിര കളിക്കാരെ പരിക്ക് കാരണം നഷ്ടപ്പെട്ടതും ക്യാപ്റ്റന്‍ വിരാട് കോലി ആദ്യ ടെസ്റ്റിന് ശേഷം ഇന്ത്യയിലേയ്ക്ക് മടങ്ങിയതും കാരണം ഫലത്തില്‍ മൂന്നാം നിര എന്നുതന്നെ പറയാവുന്ന, പരിചയസമ്പത്ത് ഏറെയൊന്നുമില്ലാത്ത ടീമുമായി മത്സരത്തിന് ഇറങ്ങിയ ഇന്ത്യ ശക്തരായ ഓസ്‌ട്രേലിയയെ മൂന്ന് വിക്കറ്റിനാണ് അന്ന് തകര്‍ത്തത്. ഇന്ത്യയുടെ ആ ഐതിഹാസിക വിജയം, അതും ഓസ്‌ട്രേലിയന്‍ മണ്ണില്‍ അവിശ്വസനീയമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെത്തന്നെ എക്കാലത്തെയും മികച്ച വിജയങ്ങളിലൊന്നായിരുന്നു അന്ന് ഇന്ത്യ ബ്രിസ്‌ബേനില്‍ നേടിയത്. ഇന്ത്യയുടെ ആ പരമ്പര നേട്ടം ഓസ്‌ട്രേലിയയെയും, എന്തിന് ലോകക്രിക്കറ്റിനെത്തന്നെ ഞെട്ടിച്ചു. അതിന് നിര്‍ണായക കാരണങ്ങളിലൊന്ന് റിഷഭ് പന്തിന്റെ അവിസ്മരണീയ പ്രകടനമായിരുന്നു. തുടര്‍ച്ചയായ രണ്ടാം ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ഇന്ത്യ പരമ്പര നേട്ടം ആവര്‍ത്തിച്ചത്.

തുടര്‍ന്ന് നാട്ടില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ റിഷഭ് രണ്ട് സെഞ്ച്വറി കൂടി തന്റെ അക്കൗണ്ടില്‍ കൂട്ടിച്ചേര്‍ത്തു. 2022ന്റെ തുടക്കത്തില്‍ത്തന്നെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റിന്റെ രണ്ടാമിന്നിംഗ്‌സില്‍ ഋഷഭ് തകര്‍പ്പന്‍ സെഞ്ച്വറി നേടി. 139 പന്തില്‍ 100 റണ്‍സെടുത്ത് പന്ത് പുറത്താകാതെ നിന്നു. ഇന്നിംഗ്‌സില്‍ ഇന്ത്യ മൊത്തമെടുത്തത് 198 റണ്‍സായിരുന്നു എന്നതുകൂടി കേള്‍ക്കുമ്പോഴാണ് പന്തിന്റെ സെഞ്ച്വറിയുടെ തിളക്കം മനസിലാകുക. പന്തിന്റെ സെഞ്ച്വറിക്ക് ശേഷം ക്യാപ്റ്റന്‍ വിരാട് കോലിയുടെ 29 റണ്‍സായിരുന്നു ഇന്നിംഗ്‌സിലെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍. മത്സരം ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റിന് ജയിച്ചു. ആ വര്‍ഷം അവസാനം ബെര്‍മിംഗ്ഹാമില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്‌സില്‍ 98 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് ഇന്ത്യ തകര്‍ച്ച നേരിടുമ്പോള്‍ വെറും 111 പന്തില്‍ 146 റണ്ണടിച്ച് ഋഷഭ് പന്ത് വീണ്ടുമൊരിക്കല്‍ക്കൂടി ഇന്ത്യയുടെ രക്ഷകനായി. 19 ഫോറും നാല് സിക്‌സറുമടങ്ങുന്ന ഉജ്ജ്വല ഇന്നിംഗ്‌സ്. വാലറ്റത്ത് രവീന്ദ്ര ജഡേജയുമായി ചേര്‍ന്ന് 222 റണ്‍സാണ് ഋഷഭ് കൂട്ടിച്ചേര്‍ത്തത്. ജഡേജ 104 റണ്‍സ് നേടി. ഇതോടെ ഇന്ത്യ ഒന്നാമിന്നിംഗ്‌സില്‍ 416 റണ്‍സെടുത്തു. എന്നാല്‍ അവസാന ഇന്നിംഗ്‌സില്‍ 378 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അനായാസം മത്സരം ജയിച്ചു.

2022 ഡിസംബര്‍ 30ന് ഋഷഭ് പന്തിന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ഭാഗ്യകരമായ സംഭവം അരങ്ങേറി. ആ ദിവസം പുലര്‍ച്ചെ ഡെല്‍ഹി-ഡെറാഡൂണ്‍ ദേശീയപാതയില്‍ വെച്ച് ഋഷഭ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ഡിവൈഡറിലിടിച്ച കാര്‍ പൂര്‍ണമായും കത്തിനശിച്ചു. റിഷഭിന് സാരമായി പരിക്കേറ്റു. അയാളുടെ കാലിലും നെറ്റിയിലുമെല്ലാം പരിക്കുണ്ടായിരുന്നു. വലതുകാല്‍മുട്ട് 90 ഡിഗ്രി ആംഗിളില്‍ തിരിഞ്ഞുപോയി. എന്നാല്‍ പതിനഞ്ച് മാസത്തെ കഠിന പ്രയത്‌നം കൊണ്ട് ആ പരിക്കുകളില്‍ നിന്ന് പൂര്‍ണമായും മോചിതനായി ഋഷഭ് പന്ത് ക്രിക്കറ്റിലേയ്ക്ക് തിരിച്ചെത്തി. 2024 മാര്‍ച്ച് 23ന് നടന്ന ഐ പി എല്‍ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ഋഷഭ് ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ക്യാപ്റ്റനായി കളത്തിലിറങ്ങി. ആ മത്സരത്തില്‍ 18 റണ്‍സാണ് ഋഷഭ് സ്‌കോര്‍ ചെയ്തത്. മത്സരം പഞ്ചാബ് നാല് വിക്കറ്റിന് ജയിച്ചു. ഇരുപത് മാസത്തിന് ശേഷം സെപ്റ്റംബറില്‍ അയാള്‍ ടെസ്റ്റ് ക്രിക്കറ്റിലേയ്ക്കും തിരിച്ചെത്തി. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിലൂടെയുള്ള തിരിച്ചുവരവ് അയാള്‍ ആഘോഷിച്ചത് സെഞ്ച്വറി അടിച്ചായിരുന്നു. 128 പന്തില്‍ 13 ഫോറുകളുടെയും നാല് സിക്‌സറുകളുടെയും സഹായത്താല്‍ അയാള്‍ 109 റണ്‍സ് നേടി. പന്തിന്റെ ടെസ്റ്റിലെ ആറാം സെഞ്ച്വറിയായിരുന്നു ഇത്. ഇതോടെ അയാള്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ പട്ടികയില്‍ മഹേന്ദ്ര സിംഗ് ധോണിക്കൊപ്പം ഒന്നാമതെത്തി. തുടര്‍ന്ന് ന്യൂസീലന്റിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാമിന്നിംഗ്‌സില്‍ പന്തിന് ഒരു റണ്ണിന് സെഞ്ച്വറി നഷ്ടമായി. 105 പന്തില്‍ 99 റണ്ണാണ് പന്ത് അടിച്ചുകൂട്ടിയത്. നാലാം വിക്കറ്റില്‍ പന്തും സര്‍ഫ്രാന്‍സ് ഖാനും ചേര്‍ന്ന് 177 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇത് ഏഴാം തവണയായിരുന്നു പന്ത് ടെസ്റ്റില്‍ തൊണ്ണൂറുകളില്‍ ഔട്ടാകുന്നത്. തൊണ്ണൂറുകളില്‍ പത്ത് തവണ ഔട്ടായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്കും ഒമ്പത് തവണ ഔട്ടായ രാഹുല്‍ ദ്രാവിഡിനും പിറകില്‍ മൂന്നാമന്‍. എന്നാല്‍ പന്ത് വെറും 39 ടെസ്റ്റ് മാത്രമാണ് ഇതുവരെ കളിച്ചിട്ടുള്ളൂ എന്നത് ഓര്‍ക്കണം. ധോണിക്കുശേഷം 99ല്‍ പുറത്താകുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കൂടിയാണ് ഋഷഭ് പന്ത്. ലോക ക്രിക്കറ്റില്‍ ധോണിയും പന്തും മാത്രമാണ് അഞ്ചോ അതില്‍ കൂടുതല്‍ തവണ തൊണ്ണുൂറുകളില്‍ ഔട്ടായിട്ടുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍.

പതിനെട്ടാമത്തെ വയസില്‍ രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചതിന് ഒരു വര്‍ഷത്തിന് ശേഷം 2015ല്‍ ഋഷഭ് പന്ത് മഹാരാഷ്ട്രയ്‌ക്കെതിരായ മത്സരത്തില്‍ ഡല്‍ഹിക്കുവേണ്ടി ട്രിപ്പിള്‍ സെഞ്ച്വറി നേടി. തുടര്‍ന്ന് ഒരു മാസത്തിന് ശേഷം ജാര്‍ഖണ്ഡിനെതിരായി നടന്ന മത്സരത്തിന്റെ രണ്ട് ഇന്നിംഗ്‌സിലും അയാള്‍ സെഞ്ച്വറി നേടി. അതിലൊന്നില്‍ വെറും 67 പന്തില്‍ നിന്ന് അയാള്‍ നേടിയത് 135 റണ്ണാണ്. 2016ലെ അണ്ടര്‍ 19 ലോകകപ്പില്‍ സെഞ്ച്വറിയടിച്ച ദിവസമാണ് അയാളെ ഐ പി എല്ലില്‍ ഡല്‍ഹി ലേലത്തിലെടുത്തത്. തുടര്‍ന്ന് എട്ട് സീസണിലായി ഡല്‍ഹിക്കുവേണ്ടി കളിച്ച പന്ത് മൂവായിരത്തിലധികം റണ്‍ നേടി. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയിട്ടുള്ള താരമാണ് ഋഷഭ് പന്ത്. 2021ല്‍ അയാള്‍ ഡല്‍ഹിയുടെ ക്യാപ്റ്റനായി നിയോഗിക്കപ്പെട്ടു. എന്നാല്‍ 2025 സീസണിലേക്കുള്ള ടീമില്‍ പന്തിനെ നിലനിര്‍ത്തേണ്ടെന്ന ഡല്‍ഹി തീരുമാനിച്ചതോടെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പന്തിനെ ലേലത്തില്‍ വിളിച്ചത് 27 കോടി രൂപയ്ക്കാണ്. ഐ പി എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലത്തുകയാണത്. അതില്‍ നിന്നുതന്നെ പന്തിന്റെ പ്രാധാന്യം മനസിലാക്കാവുന്നതാണ്.

ലോക ക്രിക്കറ്റിലെ ഒരു ബൗളറെയും ഭയപ്പെടാത്ത ബാറ്ററാണ് ഋഷഭ് പന്ത്. ഏത് സാഹചര്യത്തിലും അസാമാന്യ ധൈര്യത്തോടെ ബാറ്റ് വീശുന്ന നിര്‍ഭയനായ പോരാളി. ഒന്നും അയാള്‍ക്കൊരു പരിമിതിയല്ല. ഒന്നിനേയും അയാള്‍ കൂസാറില്ല. ബൗളര്‍മാരെ കടന്നാക്രമിച്ച്, എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കി, തന്റെ ടീമിന് കളിയില്‍ ആധിപത്യം നേടിക്കൊടുക എന്നത് മാത്രം ലക്ഷ്യമിടുന്ന ചെറുപ്പക്കാരന്‍. ആക്രമണം എന്ന ഒരൊറ്റ ശൈലി മാത്രം കൈമുതലായുള്ള, അതില്‍ മാത്രം വിശ്വസിച്ച് ബാറ്റ് വീശുന്ന അയാള്‍ വ്യക്തിഗത നേട്ടങ്ങള്‍ക്കുവേണ്ടി ഒരിക്കലും കളിച്ചിട്ടില്ല. അന്താരാഷ്ട്ര കരിയറില്‍ ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏഴ് തവണയാണ് അയാള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തൊണ്ണൂറുകളില്‍ പുറത്തായത് എന്നതുതന്നെ അയാള്‍ എത്രമാത്രം നിസ്വാര്‍ത്ഥനാണ് എന്നതിന്റെ തെളിവാണ്. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ത്തന്നെ ടെസ്റ്റില്‍ ഇന്ത്യയുടെ പല ചരിത്ര ജയങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത് ഈ ഇരുപത്തേഴുകാരനാണ് എന്നത് പലതും വിളിച്ചുപറയുന്നുണ്ട്.

ക്രീസില്‍ ഋഷഭ് പന്താണ് നില്‍ക്കുന്നതെങ്കില്‍ ഏറ്റവും മികച്ച ബൗളര്‍ പോലും ഒന്ന് ഭയക്കും. ബൗളിംഗില്‍ ലൈനും ലെങ്ത്തും തെറ്റും. കാരണം അവര്‍ പന്തിനെ മറ്റാരെക്കാളും ഭയക്കുന്നു. ആ ഭയം ഒന്നുമാത്രം മതി ഋഷഭ് പന്ത് ലോകക്രിക്കറ്റില്‍ ആരാണ് എന്ന് തിരിച്ചറിയാന്‍. ബൗളര്‍മാരുടെ ആ ഭയം ഒരു സൂചനയാണ്. ഇന്ത്യന്‍ ടീമിലെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ മുഴുവന്‍ ഡ്രസിംഗ് റൂമില്‍ തിരിച്ചെത്തിയാലും എതിര്‍ ടീം ഒരിക്കലും കളി കഴിഞ്ഞെന്ന് വിശ്വസിക്കാന്‍ കൂട്ടാക്കില്ല. കാരണം ഒന്നുമാത്രം. ഋഷഭ് പന്ത് ഇനിയും ബാക്കിയുണ്ട്. അതിനര്‍ത്ഥം ഇന്ത്യയുടെ സാധ്യത ഒരുതരത്തിലും മങ്ങിയിട്ടില്ല എന്നുതന്നെയാണെന്ന് എതിരാളികള്‍ക്ക് അറിയാം. അതുകൊണ്ടുതന്നെ ഋഷഭ് പന്തിനെ പുറത്താക്കാതെ അവര്‍ ശ്വാസം വിടില്ല. ചുരുങ്ങിയത് അടുത്ത ഒരു ദശകമെങ്കിലും ലോകക്രിക്കറ്റിനെ അടക്കിവാഴാന്‍ പോകുന്നത് ഈ ചെറുപ്പക്കാരനായിരിക്കും എന്നത് ഉറപ്പാണ്. ആരാധകരെ, എതിരാളികളെപ്പോലെ നിങ്ങളും ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്നോളൂ. ഋഷഭ് പന്തിന്റെ ബാറ്റില്‍ നിന്ന് ഇനിയും എത്രയോ വെടിക്കെട്ട് ഇന്നിംഗ്‌സുകള്‍ക്കായി. പിക്ചര്‍ അഭി ഭി ബാക്കി ഹേ ഭായ് എന്ന് ചുരുക്കം.



