Saturday, February 21, 2026
Google search engine
HomeSportLife Storyഹാരി കെയ്ന്‍ എന്ന ക്ലിനിക്കല്‍ ഫിനിഷര്‍

ഹാരി കെയ്ന്‍ എന്ന ക്ലിനിക്കല്‍ ഫിനിഷര്‍

കെ.ശ്രീജിത്ത്

ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും ഇംഗ്ലീഷ് ഫുട്‌ബോളിലെ സൂപ്പര്‍താരവുമായ ഹാരി എഡ്വേര്‍ഡ് കെയ്ന്‍. ഇന്ന് ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളാണ് ഹാരി കെയ്ന്‍. ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ ദേശീയ ടീമിനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം ഹാരിയാണ്. ഇതുവരെയായി 103 മത്സരങ്ങളില്‍ നിന്ന് 69 ഗോളാണ് ഹാരി കെയ്ന്‍ നേടിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച രണ്ടാമത്തെ ഗോള്‍വേട്ടക്കാരനായ ഹാരി പ്രമുഖ ഇംഗ്ലീഷ് ക്ലബായ ടോട്ടനം ഹോട്ട്‌സ്പറിനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയിട്ടുള്ള താരമാണ്. ഹോട്ട്‌സ്പറിനുവേണ്ടി 317 മത്സരങ്ങളില്‍ നിന്ന് 213 ഗോളാണ് ഹാരി നേടിയിട്ടുള്ളത്. രാജ്യത്തിനും ക്ലബിനും കൂടി നാനൂറിലേറെ ഗോളാണ് ഹാരി കെയ്ന്‍ ഇതുവരെ നേടിയിട്ടുള്ളത്.

2009ല്‍ ടോട്ടനം ഹോട്ട്‌സ്പറിനുവേണ്ടി സീനിയര്‍ തലത്തില്‍ അരങ്ങേറിയതിനുശേഷം ഇംഗ്ലീഷ് ഫുട്‌ബോളിലെ മുക്കിലും മൂലയിലുമുള്ള ഫുട്‌ബോള്‍ ക്ലബുകളിലേയ്ക്ക് ഹാരി കെയ്‌നിന് വായ്പയായി കളിക്കാന്‍ പോകേണ്ടിവന്നു. ലെയ്റ്റണ്‍ ഓറിയന്റ്, മില്‍വാള്‍, ലെയ്‌സെസ്റ്റര്‍ സിറ്റി, നോര്‍വിച്ച് സിറ്റി തുടങ്ങിയ ക്ലബുകള്‍ക്കെല്ലാം അയാള്‍ കളിച്ചു. ടോട്ടനം ഹോട്ട്‌സ്പറിന്റെ പരിശീലകനായി 2014ല്‍ മൗറീസിയോ പൊച്ചെറ്റിനോ എത്തിയതോടെ ടീമില്‍ കെയ്‌നിന് അവസരങ്ങള്‍ കൂടുതലായി ലഭിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ക്ലബില്‍ അയാളുടെ ആദ്യ മുഴുവന്‍ സീസണില്‍ കെയ്ന്‍ പി.എഫ്.എ യങ് പ്ലേയര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. സീസണില്‍ വ്യത്യസ്ത ചാമ്പ്യന്‍ഷിപ്പുകളിലെ 51 മത്സരങ്ങളില്‍ നിന്ന് 31 ഗോളാണ് കെയ്ന്‍ നേടിയത്. 1990-91 സീസണില്‍ ഗാരി ലിനേക്കര്‍ 30 ഗോള്‍ നേടിയതിന് ശേഷം ആദ്യമായിട്ടായിരുന്നു ഒരു ടോട്ടനം താരം മുപ്പതോ അതിലധികമോ ഗോള്‍ നേടുന്നത്. 34 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ നിന്നായി 21 ഗോള്‍ നേടിയ ഹാരി കെയ്ന്‍ 2012-13 സീസണില്‍ ഗാരെത് ബെയ്‌ലിന്റെയും 1992-93 സീസണിലെ ടെഡ്ഡി ഷെറിങ്ഹാമിന്റെയും നേട്ടത്തിനൊപ്പമെത്തി. മാത്രമല്ല 1984-85 സീസണില്‍ മാര്‍ക്ക് ഫാല്‍ക്കോ ലീഗില്‍ 20 ഗോള്‍ നേടിയ ശേഷം ടോട്ടനത്തിന്റെ സ്വന്തം നാട്ടുകാരന്‍ ആ നേട്ടത്തിലെത്തുന്നത് ആദ്യമായിട്ടായിരുന്നു.

അടുത്ത രണ്ട് സീസണിലും ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയത് ഹാരിയായിരുന്നു. തുടര്‍ന്ന് ഹാരി കെയ്ന്‍ ടോട്ടനത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സ്ഥാനക്കാരാക്കുകയും പി.എഫ്.എ ഫാന്‍സ് പ്ലേയര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2017-18 സീസണായിരുന്നു കെയ്‌നിന്റെ ഫുട്‌ബോള്‍ ജീവിതത്തിലെ ഏറ്റവും മികച്ച ക്ലബ് ഫുട്‌ബോള്‍ സീസണ്‍. അത്തവണ 48 മത്സരങ്ങളില്‍ നിന്ന് 41 ഗോളാണ് അയാള്‍ സ്‌കോര്‍ ചെയ്തത്. ഇതോടെ പ്രീമയിര്‍ ലീഗില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ അലന്‍ഷിയററുടെ റെക്കോഡ് അയാള്‍ തകര്‍ത്തു. സീസണിലെ അവസാന രണ്ട് മത്സരങ്ങളില്‍ ബേണ്‍ലിക്കും സൗത്താംപ്ടണുമെതിരെ തുടര്‍ച്ചയായി രണ്ട് ഹാട്രിക്ക് നേടിയ കെയ്ന്‍ ഇതോടെ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഒരു വര്‍ഷം ആറ് ഹാട്രിക്ക് നേടുന്ന ആദ്യത്തെ താരമായി. 2017ല്‍ എല്ലാ ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്നുമായി 56 ഗോള്‍ നേടിയ ഹാരി കെയ്ന്‍ അത്തവണ യൂറോപ്പിലെ ടോപ് ഗോള്‍ സ്‌കോററായി. ഏഴ് വര്‍ഷം തുടര്‍ച്ചയായി ഇതിഹാസതാരങ്ങളായ ലിയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും കുത്തകയാക്കി വെച്ചിരുന്ന റെക്കോഡാണ് അയാള്‍ തകര്‍ത്തത്. 2018 ജനുവരി 13ന് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയിട്ടുള്ള താരമായി മാറി കെയ്ന്‍. ടെഡ്ഡി ഷെറിംഗ്ഹാമിന്റെ 97 ഗോളാണ് അയാള്‍ മറികടന്നത്. തുടര്‍ച്ചയായ നാല് പ്രീമിയര്‍ ലീഗ് സീസണുകളില്‍ ഇരുപതില്‍ കൂടുതല്‍ ഗോളടിക്കുന്ന മൂന്നാമത്തെ മാത്രം താരമായി ഹാരി കെയ്ന്‍. അലന്‍ ഷിയററും തിയറി ഓന്റിയും മാത്രമാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ള താരങ്ങള്‍.

തുടര്‍ന്നുള്ള സീസണില്‍ ഹാരി ടോട്ടനത്തെ യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ റണ്ണറപ്പാക്കി. 2020-21 സീസണില്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതും ഏറ്റവും കൂടുതല്‍ അസിസ്റ്റ് ഒരുക്കിയതും ഹാരി കെയ്‌നായിരുന്നു. 1992ല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ആരംഭിച്ചതിന് ശേഷം ഒരൊറ്റ ക്ലബിനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോളടിക്കുന്ന താരത്തിനുള്ള റെക്കോഡ് 2022 ഓഗസ്റ്റില്‍ ഹാരി കെയ്ന്‍ തന്റെ പേരിലാക്കി. ടോട്ടനത്തിന് വേണ്ടി പ്രീമിയര്‍ ലീഗിലെ തന്റെ 185-ാമത്തെ ഗോള്‍ നേടിയതോടെയായിരുന്നു ഇത്. സെര്‍ജി അഗ്യൂറോയെ ആയിരുന്നു കെയ്ന്‍ മറികടന്നത്. ആ വര്‍ഷം ഒക്ടോബറില്‍ ആഴ്‌സനലിനെതിരെ ഗോള്‍ നേടിയതോടെ പ്രീമിയര്‍ ലീഗിലെ എവേ മത്സരങ്ങളില്‍ നൂറ് ഗോള്‍ നേടുന്ന ആദ്യ താരമായി മാറി ഹാരി. 2023 ഫെബ്രുവരി അഞ്ചിന് മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ഗോള്‍ നേടിയതോടെ ടോട്ടനത്തിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി കെയ്ന്‍. അയാളുടെ ടോട്ടനത്തിന് വേണ്ടിയുള്ള 267-ാമത്തെ ഗോളായിരുന്നു അത്. ജിമ്മി ഗ്രീവ്‌സിനെയാണ് അന്ന് ഹാരി കെയ്ന്‍ മറികടന്നത്. 2023ല്‍ ജര്‍മന്‍ ലീഗായ ബുണ്ടെസ്‌ലിഗയുടെ ചരിത്രത്തിലെ ഏറ്റവും വില കൂടിയ കരാറില്‍ 110 മില്യണ്‍ യൂറോയ്ക്കാണ് കെയ്‌നിനെ ബയേണ്‍ മ്യൂണിക്ക് ടീമിലെടുത്തത്. അരങ്ങേറ്റ സീസണില്‍ ബുണ്ടെസ്‌ലിഗയില്‍ 36 ഗോളടിച്ച അയാള്‍ തന്റെ ആദ്യ യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ കരസ്ഥമാക്കി.

2015 മാര്‍ച്ചില്‍ 21-ാമത്തെ വയസില്‍ ഇംഗ്ലണ്ട് സീനിയര്‍ ടീമില്‍ അരങ്ങേറിയ ഹാരി കെയ്ന്‍ ആദ്യ മത്സരത്തില്‍ തന്നെ രാജ്യത്തിനുവേണ്ടി ഗോളടിച്ചു. കളിക്കാനിറങ്ങി 79-ാമത്തെ സെക്കന്റിലായിരുന്നു അത്. 2016ലെ യുവേഫ യൂറോ കപ്പിന്റെ യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുത്ത കെയ്ന്‍ അന്ന് ഗോളടിക്കുകയും പിന്നീട് യൂറോ കപ്പില്‍ ഇംഗ്ലണ്ടിനുവേണ്ടി കളിക്കുകയും ചെയ്തു. 2018ല്‍ റഷ്യയില്‍ വെച്ച് നടന്ന ലോകകപ്പിന് തൊട്ടുമുമ്പാണ് ഹാരി കെയ്‌നിനെ ക്യാപ്റ്റനായി ഇംഗ്ലണ്ട് നിയോഗിച്ചത്. ലോകകപ്പില്‍ കെയ്ന്‍ ആറ് ഗോളടിച്ചു. അതും നാല് മത്സരങ്ങളില്‍ നിന്ന്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിനുള്ള ഗോള്‍ഡന്‍ ബൂട്ട് ഹാരി കെയ്‌നിനായിരുന്നു. 1986ലെ മെക്‌സിക്കോ ലോകകപ്പില്‍ ഗാരി ലിനേക്കര്‍ നേടിയതിന് ശേഷം ഇതാദ്യമായിട്ടായിരുന്നു ഒരു ഇംഗ്ലണ്ട് താരം ഗോള്‍ഡന്‍ ബൂട്ട് നേടുന്നത്. ലിനേക്കറും കെയ്‌നും മാത്രമാണ് ലോകകപ്പില്‍ ഇംഗ്ലണ്ടിനുവേണ്ടി ഗോള്‍ഡന്‍ ബൂട്ട് നേടിയിട്ടുള്ളത്. റഷ്യന്‍ ലോകകപ്പില്‍ കെയ്ന്‍ നയിച്ച ഇംഗ്ലണ്ട് സെമിഫൈനലിലെത്തി. 1990ന് ശേഷമായിരുന്നു ഇംഗ്ലണ്ട് ലോകകപ്പിന്റെ സെമിഫൈനലിലെത്തുന്നത്. 2020ലെ യുവേഫ യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ കെയ്ന്‍ റണ്ണറപ്പാക്കി. ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇറ്റലിയോട് തോല്‍ക്കുകയായിരുന്നു. 1996 ലോകകപ്പിന് ശേഷം 54 വര്‍ഷത്തിനുശേഷമായിരുന്നു ഒരു മേജര്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇംഗ്ലണ്ടെത്തിയത്. 2021ല്‍ കെയ്ന്‍ ഇംഗ്ലണ്ടിനുവേണ്ടി 16 ഗോള്‍ നേടിയപ്പോള്‍ അതൊരു റെക്കോഡായിരുന്നു. ഒരൊറ്റ കലണ്ടര്‍ വര്‍ഷത്തില്‍ രാജ്യത്തിനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം എന്ന റെക്കോഡ്. 2022 ലോകകപ്പില്‍ രണ്ട് ഗോള്‍ നേിടയതോടെ മേജര്‍ ടൂര്‍ണമെന്റുകളില്‍ ഇംഗ്ലണ്ടിനുവേണ്ടി ഏറ്റവും കൂടുതല്‍ താരമായി മാറി അയാള്‍. പന്ത്രണ്ട് ഗോളോടെ ഗാരി ലിനേക്കറിന്റെ പത്ത് ഗോള്‍ നേട്ടമാണ് കെയ്ന്‍ മറികടന്നത്. 2024 യൂറോ കപ്പില്‍ വീണ്ടും ഹാരി കെയ്‌നിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ഫൈനലിലെത്തി. എന്നാല്‍ ഇത്തവണയും തോല്‍വിയായിരുന്നു ഫലം. സ്‌പെയിനിനോടായിരുന്നു ഇത്തവണത്തെ തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്. ടൂര്‍ണമെന്റില്‍ മൂന്ന് ഗോളടിച്ച ഹാരി കെയ്ന്‍ ടൂര്‍ണമെന്റിലെ സംയുക്ത ടോപ് ഗോള്‍ സ്‌കോററായി. ഇതോടെ ലോകകപ്പിലും യൂറോ കപ്പിലും ഗോള്‍ഡന്‍ ബൂട്ട് നേടുന്ന ചരിത്രത്തിലെ മൂന്നാമത്തെ മാത്രം താരമായി ഹാരി കെയ്ന്‍.

ലിയണല്‍ മെസ്സിയേയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും പോലുള്ള ഇതിഹാസ താരങ്ങള്‍ അടക്കിവാഴുന്ന ലോകഫുട്‌ബോളില്‍ ഹാരി കെയ്ന്‍ അയാളുടേതായ രീതിയില്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തനാണ്. നിരന്തരം ഗോളടിക്കുക, ടീമിനെ ജയിപ്പിക്കുക എന്നതിനാണ് അയാള്‍ മുന്‍തൂക്കം നല്‍കുന്നത്. ഒരു ഫുട്‌ബോളറെന്ന നിലയില്‍ ഓരോ ദിവസം കഴിയുംതോറും കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടാനായി കഠിനാദ്ധ്വാനം ചെയ്യുന്ന കളിക്കാരനാണ് ഹാരി കെയ്ന്‍. എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരങ്ങളെല്ലാം സ്വയം മെച്ചപ്പെട്ടവരാണെന്നും കെയ്‌നും അക്കൂട്ടത്തില്‍പ്പെട്ട ഒരാളാണെന്നും ഇംഗ്ലണ്ടിന്റെ മുന്‍ കോച്ച് ഗാരി സൗത്ത്‌ഗെയ്റ്റ് പയുന്നത് വെറുമൊരു വാചകകസര്‍ത്തായി തള്ളിക്കളയാനാകില്ല. ഏതാണ്ട് ഒരു പതീറ്റാണ്ടോളം നീണ്ട അയാളുടെ അന്താരാഷ്ട്ര കരിയറില്‍ നിന്നും അതിനും എത്രയോ മുമ്പ് തുടങ്ങിയ ക്ലബ് കരിയറില്‍ നിന്നും സൗത്ത്‌ഗേറ്റ് പറയുന്നത് ശരിയാണെന്നതിന് സാക്ഷ്യമാണ് അയാളുടെ കരിയര്‍ റെക്കോഡുകള്‍. ആ റെക്കോഡുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുതന്നെ ഇന്ന് ലോകത്തെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരിലൊരാള്‍ ഹാരി കെയ്‌നാണെന്ന് നിസംശയം പറയാന്‍ കഴിയും. വളരെ വേഗത്തില്‍ പെനാല്‍റ്റി ബോക്‌സിലേയ്ക്ക് കുതിച്ചെത്തി ഒട്ടും വേഗത കുറയ്ക്കാതെത്തന്നെ പന്തിന് ഗോള്‍വലയ്ക്കുള്ളിലേയ്ക്ക് അടിച്ചുകയറ്റാന്‍ അസാമാന്യ പാടവമുള്ള സ്‌ട്രൈക്കറാണ് ഹാരി കെയ്ന്‍. ഫ്രാന്‍സിന്റെ മുന്‍ ഇതിഹാസതാരം ഹാരി കെയ്‌നിനെ വിളിക്കുന്നത് എല്ലാം തികഞ്ഞൊരു കളിക്കാരന്‍ എന്നാണ്. എതിര്‍ ഡിഫന്‍ഡര്‍മാര്‍ക്ക് പിന്നാലെ നിരന്തരം ഓടി പന്ത് കൈക്കലാക്കാന്‍ ശ്രമിക്കുന്ന കെയ്ന്‍ അവരെ ഒരിക്കലും ലാഘവത്തോടെ കളിക്കാന്‍ അനുവദിക്കില്ല. എതിര്‍ ഡിഫന്‍ഡര്‍മാര്‍ എന്തെങ്കിലും പിഴവ് വരുത്തുമെന്ന് എപ്പോഴും പ്രതീക്ഷിക്കുന്ന കെയ്ന്‍ കിട്ടുന്ന അവസരം ഗോളാക്കി മാറ്റുന്നു. കിട്ടിയ പന്ത് ഗോള്‍ പോസ്റ്റിലേയ്ക്ക് അടിക്കാന്‍ അയാള്‍ ഒട്ടും വൈകിക്കാറില്ല.

യൂത്ത് തലത്തില്‍ പലപ്പോഴും അയാള്‍ ഹോള്‍ഡിംഗ് മിഡ്ഫീല്‍ഡര്‍ ആയി കളിച്ചിട്ടുണ്ട്. അതായത് ആവശ്യം വന്നാല്‍ മധ്യനിരയില്‍ പന്ത് ഹോള്‍ഡ് ചെയ്ത് കളിക്കാനും അയാള്‍ക്കറിയാം എന്നര്‍ത്ഥം. മാത്രമല്ല ഗ്രൗണ്ട് മുഴുവന്‍ ഓടിക്കളിക്കാന്‍ കഴിയുന്ന ഓള്‍റൗണ്ടറായും അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായും കെയ്‌നിനെ ഉപയോഗിക്കാമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. കെയ്‌നിന്റെ പരിശീലകരായിരുന്ന പലരും അയാള്‍ പഴയ രീതിയിലുള്ള, പരമ്പരാഗത സെന്റര്‍ ഫോര്‍വേഡാണെന്ന് പറയും. ഷോട്ടുകളുടെ ശക്തിയുടെയും കൃത്യതയുടെയും കാര്യത്തില്‍ ഇംഗ്ലണ്ടിന്റെ മുന്‍ ഇതിഹാസതാരം അലന്‍ ഷിയററുമായാണ് പലരും ഹാരി കെയ്‌നിനെ ഉപമിക്കുന്നത്. ഫുട്‌ബോള്‍ കളിക്കാനും ഗോളടിക്കാനും അതിയായി ഇഷ്ടപ്പെടുന്ന, അത് അത്രമേല്‍ ആസ്വദിക്കുന്ന കളിക്കാരനാണ് കെയ്ന്‍. ഏറെ ഉയരമുള്ള അത്യന്തം ശാരീരികക്ഷമതയുള്ള കെയ്‌നിനെ വിഖ്യാത ജര്‍മന്‍ താരം യൂര്‍ഗന്‍ ക്ലിന്‍സ്മാനോട് പലപ്പോഴും ഉപമിച്ചത് കെയ്‌നിനെ അതീവ സന്തോഷവാനാക്കി. ആ താരതമ്യത്തില്‍ താന്‍ അത്യന്തം ആഹ്ലാദഭരിതനാണെന്നായിരുന്നു അയാളുടെ വാക്കുകള്‍. എന്നാല്‍ വായുവിലൂടെ അധികം കളിക്കാത്തതും മൈതാനം മുഴുവന്‍ അതിവേഗം ഓടാത്തതിനും ഹാരിയെ വിമര്‍ശിക്കുന്നവരുമുണ്ട്. ക്ലിനിക്കല്‍ ഫിനിഷിംഗും ഗോളടി മികവും കെയ്‌നിനെ മറ്റ് സ്‌ട്രൈക്കര്‍മാരില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നു. അസാധാരണമായ പാസിംഗ് കഴിവും സാങ്കേതികത്തികവും നീക്കങ്ങള്‍ വളരെ മുന്‍കൂട്ടിക്കാണാനുള്ള മിടുക്കും ഹാരി കെയ്‌നിന്റെ ഗുണങ്ങളാണ്. ഈ ഗുണങ്ങള്‍ കാരണം സ്വയം ഗോളടിക്കുന്നതുപോലെത്തന്നെ മറ്റ് കളിക്കാര്‍ക്ക് ഗോളടിക്കാനുള്ള അവസരം സൃഷ്ടിക്കാനും അയാള്‍ക്ക് അനായാസം കഴിയുന്നു. പെനാല്‍റ്റി കിക്ക് എടുക്കുന്നതിലെ കൃത്യതയാണ് കെയ്‌നിന്റെ മറ്റൊരു പ്രത്യേകത. ലോകഫുട്‌ബോളില്‍ ഒമ്പതാം നമ്പര്‍ ജേഴ്‌സിയണിയുന്നവരില്‍ ഏറ്റവും ക്രിയാത്മകത നിറഞ്ഞ കളിക്കാരാനായി ചിലരെങ്കിലും ഹാരി കെയ്‌നിനെ വാഴ്ത്തുന്നു. എന്തായാലും ഹാരി കെയ്ന്‍ എന്ന ഗോളടി വീരന്‍ അടുത്ത കുറേ വര്‍ഷങ്ങളിലും ലോകഫുട്‌ബോളിലെ തന്റെ ഗോളടി തുടര്‍ന്നുകൊണ്ടേയിരിക്കും. ആ മിടുക്ക് കൊണ്ട് നീണ്ട 60 വര്‍ഷത്തിന് ശേഷം 2026ല്‍ ഇംഗ്ലണ്ടിന് ഒരു ലോകകിരീടം നേടിക്കൊടുക്കാന്‍ കെയ്‌നിന് സാധിച്ചാല്‍ ഇംഗ്ലീഷ് ഫുട്‌ബോളിലെ എക്കാലത്തെയും വാഴ്ത്തപ്പെട്ടവനായി അയാള്‍ അവരോധിക്കപ്പെടും എന്നതില്‍ തര്‍ക്കമില്ല.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments