Saturday, February 21, 2026
Google search engine
HomePlayer Recordsജസ്പ്രീത് ബുംറയുടെ തീ തുപ്പുന്ന പന്തുകള്‍

ജസ്പ്രീത് ബുംറയുടെ തീ തുപ്പുന്ന പന്തുകള്‍

കെ.ശ്രീജിത്ത്

ജസ്പ്രീത് ബുംറ. സമകാലിക ക്രിക്കറ്റിലെ ക്ലാസ് ബൗളര്‍. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍. കഴിഞ്ഞ എട്ട് വര്‍ഷമായി ഇന്ത്യന്‍ ക്രിക്കറ്റില്‍ എപ്പോഴൊക്കെ ബൗളിംഗിനെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിട്ടുണ്ടോ അപ്പോഴൊക്കെ അതിന് പരിഹാരമായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ള പ്രധാനപ്പെട്ട ബൗളര്‍. പ്രതികൂല സാഹചര്യങ്ങളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ മത്സരത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരിക എന്നത് ശീലമാക്കിയ ബൗളര്‍. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബൗളര്‍. ആ ജസ്പ്രീത് ബുംറയുടേതായി ഒട്ടേറെ റെക്കൊഡുകളുണ്ട്. ആദ്യം ഇന്ത്യ ചാമ്പ്യന്‍മാരായ ഇക്കഴിഞ്ഞ ട്വന്റി20 ലോകകപ്പില്‍ ബുംറ കരസ്ഥമാക്കിയ റെക്കോഡുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

  1. ട്വന്റി20 ലോകകപ്പുകളുടെ ചരിത്രത്തില്‍, അത് വനിതകളുടേതായാലും പുരുഷന്‍മാരുടേതായാലും, ഒരൊറ്റ റണ്‍ പോലും അടിക്കാതെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് ആയ ആദ്യത്തെ താരമാണ് ബുംറ. പാകിസ്താനെതിരെ മാത്രമാണ് ബുംറയ്ക്ക് ലോകകപ്പില്‍ ബാറ്റ് ചെയ്യേണ്ടിവന്നത്. ആ മത്സരത്തില്‍ അദ്ദേഹം നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. ഏകദിന ലോകകപ്പുകളില്‍ രണ്ട് തവണ ഈ നേട്ടമുണ്ടായിട്ടുണ്ട്. 2007ല്‍ ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മക്ഗ്രാത്തും 2015ല്‍ അവരുടെതന്നെ മിച്ചല്‍ സ്റ്റാര്‍ക്കും ഒരൊറ്റ റണ്‍ പോലും നേടാതെയാണ് പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് ആയത്.
  2. ഏറ്റവും മികച്ച എക്കോണമി നിരക്ക്. ഒരൊറ്റ ട്വന്റി20 ലോകകപ്പില്‍ നൂറിലേറെ പന്തുകളെറിഞ്ഞ ബൗളര്‍മാരിലെ ഏറ്റവും മികച്ച എക്കോണമി നിരക്കാണ് ജസ്പ്രീത് ബുംറ ഈ ലോകകപ്പില്‍ നേടിയ 4.17. കളിച്ച എട്ട് മത്സരങ്ങളില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നാല് ഓവറില്‍ വിട്ടുകൊടുത്ത 29 റണ്‍സായിരുന്നു ബുംറ ഒരു മത്സരത്തില്‍ വിട്ടുകൊടുത്ത ഏറ്റവും കൂടിയ റണ്‍സ്.
  3. നേടിയ വിക്കറ്റും വിട്ടുകൊടുത്ത ബൗണ്ടറികളും തമ്മിലുള്ള വ്യത്യാസം. ടൂര്‍ണമെന്റില്‍ ബുംറ മൊത്തം 15 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വിട്ടുകൊടുത്തത് രണ്ട് സിക്‌സ് ഉള്‍പ്പടെ വെറും 12 ബൗണ്ടറികള്‍.

ജസ്പ്രീത് ബുംറ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം ഒട്ടേറെ റെക്കോഡുകള്‍ക്ക് ഉടമയായിട്ടുണ്ട്്. അത് ഏതൊക്കെയാണെന്ന് നോക്കാം.

2019 ഓഗസ്റ്റില്‍ ജമൈക്കയില്‍ വെച്ച് നടന്ന ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ബുംറ ഹാട്രിക്ക് നേടി. ഡാരന്‍ ബ്രാവോ, ഷമാര്‍ ബ്രൂക്‌സ്, റോസ്റ്റണ്‍ ചേസ് എന്നിവരുടെ വിക്കറ്റുകളാണ് ബുംറ തുടര്‍ച്ചയായ മൂന്ന് പന്തുകളില്‍ നേടിയത്. അതോടെ ഹര്‍ഭജന്‍ സിംഗിനും ഇര്‍ഫാന്‍ പത്താനും ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളറായി ബുംറ മാറി.

2019ല്‍ തന്നെ ജസ്പ്രീത് ബുംറ ഏകദിന ക്രിക്കറ്റില്‍ 100 വിക്കറ്റ് തികച്ചു. ഇതോടെ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ നൂറ് വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറായി ബുംറ മാറി. 57 ഏകദിനങ്ങളില്‍ നിന്നാണ് ബുംറ ഈ നേട്ടം കൈവരിച്ചത്.

2022 ജൂലായ് രണ്ടിന് ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തില്‍ ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറില്‍ 35 റണ്‍സെടുത്തു. ഇതോടെ ടെസ്റ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയതിനുള്ള ലോക റെക്കോഡ് ബുംറയുടെ പേരിലായി. 18 വര്‍ഷം മുമ്പ് വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ താരം ബ്രയാന്‍ ലാറ സ്ഥാപിച്ച റെക്കോഡാണ് ബുംറ തകര്‍ത്തത്. ലാറ ഒരോവറില്‍ 28 റണ്‍സാണ് നേടിയിരുന്നത്.

2022 ജൂലായില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തില്‍ ബുംറ പത്തൊമ്പത് റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തി. ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു അത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും മികച്ച മൂന്നാമത്തെ ഏകദിന ബൗളിംഗ് പ്രകടനം കൂടിയാണത്.

2016ലാണ് ജസ്പ്രീത് ബുംറ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നത്. ആ വര്‍ഷം ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ബൗളറായി ബുംറ മാറി. 28 വിക്കറ്റാണ് ബുംറ വീഴ്ത്തിയത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഫുള്‍ മെംബര്‍ രാജ്യങ്ങളിലെ ബൗളര്‍മാരില്‍ ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞിട്ടുള്ള ബൗളറാണ് ബുംറ. 70 ട്വന്റി20 മത്സരങ്ങളിലായി 12 മെയ്ഡന്‍ ഓവറുകളാണ് ബുംറ ഇതുവരെ എറിഞ്ഞിട്ടുള്ളത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments