കെ.ശ്രീജിത്ത്
തന്റെ ശിഷ്യന് ക്രിക്കറ്റ് പരിശീലിക്കുന്നതിനുള്ള സൗകര്യത്തിനായി നിലവിലെ സ്‌കൂളില്‍ നിന്ന് മറ്റൊരു സ്‌കൂളിലേയ്ക്ക് മാറേണ്ടതുണ്ടായിരുന്നു. എന്നാല്‍ അവന്‍ എത്ര കെഞ്ചിയിട്ടും മാതാപിതാക്കള്‍ അതിന് സമ്മതിക്കുന്നില്ല. ഒടുക്കം ഗത്യന്തരമില്ലാതെ പരിശീലകന്‍ അവന്റെ വീട്ടിലെത്തുന്നു. അര്‍ദ്ധരാത്രിയാണ് സംഭവം. അവന്റെ അച്ഛനെ കണ്ട് സംസാരിക്കുന്ന പരിശീലകന്‍ ശിഷ്യനെ സ്‌കൂള്‍ മാറാന്‍ സമ്മതിക്കുകയാണെങ്കില്‍ മാസംതോറും ആയിരം രൂപ ശമ്പളമായി തരാമെന്ന് അവന്റെ പിതാവിനോട് പറയുന്നു. ഒടുക്കം ആ പിതാവ് സമ്മതിക്കുന്നു. മറ്റൊരു ശിഷ്യന്റെ കാര്യത്തില്‍ തടസം സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്നു. ഒരേ പ്രദേശത്തുള്ള ഒരു സ്‌കൂളില്‍ നിന്ന് തൊട്ടടുത്തുള്ള മറ്റൊരു സ്‌കൂളിലേയ്ക്ക് മാറാനുള്ള ബുദ്ധിമുട്ട്. അവിടെയും കോച്ച് രക്ഷയ്‌ക്കെത്തി. അദ്ദേഹം അവന്റെ സ്‌കൂളില്‍ ചെന്ന് പ്രിന്‍സിപ്പലിനോട് സംസാരിക്കുന്നു. ഇതൊരു പ്രത്യേക കേസായി പരിഗണിച്ച് സ്‌കൂള്‍ മാറാന്‍ തന്റെ ശിഷ്യനെ അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു. പ്രിന്‍സിപ്പല്‍ അംഗീകരിക്കുന്നു. ഈ രണ്ട് സംഭവങ്ങളിലെയും കോച്ച് ഒരാള്‍ തന്നെയായിരുന്നു – രമാകാന്ത് അച്ഛ്‌രേക്കര്‍. ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ബാല്യകാലത്തെ പരിശീലകന്‍. നേരത്തെ പറഞ്ഞ സംഭവങ്ങളില്‍ ആദ്യത്തേതിലെ പയ്യന്‍ ചന്ദ്രകാന്ത് പണ്ഡിറ്റും രണ്ടാമത്തേത് പ്രവീണ്‍ ആംറെയുമായിരുന്നു. രണ്ട് പേരും പിന്നീട് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു.

മുംബൈയിലെ മൈതാനങ്ങളിലാണ് ലോകത്തെ തന്നെ ഏറ്റവും മികച്ച ക്രിക്കറ്റ് കോച്ചുകളിലൊരാളെന്ന നിലയിലുള്ള തന്റെ അടയാളം രമാകാന്ത് അച്ഛ്‌രേക്കര്‍ പതിപ്പിച്ചത്. ആ മൈതാനങ്ങളിലാണ് കുട്ടികളെ ചെറുപ്രായത്തില്‍ തന്നെ പരിശീലിപ്പിച്ച് രാജ്യത്തെത്തന്നെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളായി വളര്‍ത്തിയെടുത്തത്. അദ്ദേഹം സ്ഥാപിച്ച ശാരദാശ്രമം സ്‌കൂളില്‍ കുട്ടികളുടെ കളി മാത്രമല്ല അച്ഛ്‌രേക്കര്‍ മെനഞ്ഞെടുത്തത്, ജീവിതം കൂടിയാണ്. തന്റെ തന്നെ ടീമുകള്‍ക്കെതിരെ ടെന്നീസ് ബോള്‍ ക്രിക്കറ്റ് കളിക്കുന്ന ചിലരെ തെരഞ്ഞുകണ്ടുപിടിച്ച് അദ്ദേഹം പരിശീലിപ്പിക്കുകയായിരുന്നു. അച്ഛ്‌രേക്കര്‍ ദീര്‍ഘദര്‍ശിയായിരുന്നു. ക്രിക്കറ്റിന്റെ ഉയര്‍ന്നതലത്തില്‍ കളിക്കാന്‍ പ്രതിഭയുള്ള കുട്ടികളെ അച്ഛ്‌രേക്കര്‍ എളുപ്പം തിരിച്ചറിഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാനുള്ള പ്രതിഭയുണ്ടെന്ന് അച്ഛ്‌രേക്കര്‍ക്ക് വിശാസം വന്നാല്‍ ഏതറ്റം വരെ പോയും ആ കളിക്കാരനെ പിന്തുണയ്ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. അതുതന്നെയാണ് ചന്ദ്രകാന്ത് പണ്ഡിറ്റിന്റെയും പ്രവീണ്‍ ആംറെയുടെയും കാര്യത്തിലും പിന്തുടര്‍ന്നത്.

ദയാവായ്പുള്ള ഒരു മനുഷ്യനായിരുന്നു എന്നതുപോലെത്തന്നെ കണിശക്കാരനായ കോച്ച് കൂടിയായിരുന്നു രമാകാന്ത് അച്ഛ്‌രേക്കര്‍. കളത്തില്‍ തങ്ങളുടെ ഏറ്റവും മികച്ച കളി കുട്ടികള്‍ പുറത്തെടുക്കണമെന്നത് അച്ഛ്‌രേക്കര്‍ക്ക് നിര്‍ബന്ധമായിരുന്നു. ആരെങ്കിലും അച്ചടക്കത്തിന്റെ അതിര്‍വരമ്പ് ലംഘിച്ചാല്‍ അവരെ കഠിനമായി ശാസിക്കാന്‍ അദ്ദേഹം മടിച്ചില്ല. വിനോദ് കാംബ്ലി കാട്ടിക്കൂട്ടിയ കോമാളിത്തരങ്ങള്‍ക്ക് മിക്കവാറുമൊക്കെ അച്ഛ്‌രേക്കറുടെ ശാസന ഏറ്റുവാങ്ങിയിരുന്നു. ഒരിക്കല്‍ വിനോദ് കാംബ്ലി മത്സരം നടക്കുന്ന മൈതാനത്തേയ്ക്ക് തൂഫാനില്‍ സൂപ്പര്‍താരം അമിതാഭ് ബച്ചന്‍ ധരിച്ചതുപോലുള്ള വസ്ത്രമണിഞ്ഞാണ് വന്നത്. അത് ധരിച്ചുകൊണ്ടുമാത്രമെ താന്‍ കളിക്കുകയുള്ളൂ എന്ന് കാംബ്ലി വാശിപിടിച്ചു. അപ്പോഴാണ് അച്ഛ്‌രേക്കര്‍ അവിടെയെത്തുന്നത്. അദ്ദേഹം കാംബ്ലിക്ക് ഒരടി കൊടുത്തു. അതോടെയാണ് കാംബ്ലി കളിക്കാനുള്ള വെള്ള ജേഴ്‌സി ധരിച്ചത്. മറ്റൊരിക്കല്‍ ബാറ്റ് ചെയ്യുന്നതിനിടെ ക്രീസില്‍ നിന്ന് പട്ടം പറത്തിയ കാംബ്ലി അത്തവണയും അച്ഛ്‌രേക്കറുടെ കൈയില്‍ നിന്ന് അടി വാങ്ങി. കുട്ടികളുടെ കളി കണ്ട് തന്റെ നിരീക്ഷണങ്ങള്‍ കടലാസ് കഷ്ണങ്ങളില്‍ കുറിച്ചുവെയ്ക്കുന്ന ശീലം അച്ഛ്‌രേക്കര്‍ക്കുണ്ടായിരുന്നു. ചിലപ്പോഴങ്ങനെ എഴുതുക ബസ് ടിക്കറ്റിന്റെ പിറകിലായിരിക്കും. അന്ന് കളിക്കുശേഷമുള്ള വിലയിരുത്തലില്‍ അദ്ദേഹം ഒരു കടലാസ് തുണ്ടില്‍ ഇങ്ങനെയെഴുതി – വിനോദ് പട്ടം. അന്ന് കാംബ്ലി ടീമംഗങ്ങള്‍ക്ക് മുന്നില്‍ അലമുറയിട്ട് കരഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും രസകരമായ നിമിഷമായിരുന്നു അതെന്ന് പിന്നീട് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പറഞ്ഞിട്ടുണ്ട്.

അച്ഛ്‌രേക്കര്‍ പരിശീലിപ്പിക്കുന്ന കാലത്ത് ഏറ്റവും മികച്ച രണ്ട് സ്‌കൂള്‍ ക്രിക്കറ്റ് താരങ്ങളായിരുന്നു സച്ചിന്‍ തെന്‍ഡുല്‍ക്കറും വിനോദ് കാംബ്ലിയും. എന്നാല്‍ രണ്ട് വ്യക്തികളെന്ന നിലയില്‍ അവര്‍ എത്രത്തോളം വ്യത്യസ്തരായിരുന്നുവെന്ന് അച്ഛ്‌രേക്കര്‍ക്ക് അറിയാമായിരുന്നു. സച്ചിന്‍ കളിയില്‍ വളരെയധികം ശ്രദ്ധിക്കുകയും എല്ലാ അര്‍ത്ഥത്തിലും കുടുംബത്തിന്റെ ഭദ്രമായ പിന്തുണ ലഭിക്കുന്ന കുട്ടിയുമായിരുന്നു. എന്നാല്‍ കാംബ്ലി ഒരു ദരിദ്ര കുടുംബത്തില്‍ നിന്ന് വരുന്ന കുട്ടിയും ഓരോ ചുവടിലും പിന്തുണ ആവശ്യമുള്ളയാളുമായിരുന്നു. അതുകൊണ്ടുതന്നെ അച്ഛ്‌രേക്കര്‍ കാംബ്ലിയെ തന്റെ സ്വന്തം മകനെപ്പോലെ നോക്കുകയും തന്റെ മാര്‍ഗനിര്‍ദേശത്തില്‍ അവന്റെ കഴിവുകള്‍ വികസിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. സച്ചിന്റെ കാര്യത്തില്‍, ആ കൗമാര പ്രതിഭ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമെന്ന് അച്ഛ്‌രേക്കര്‍ക്ക് ഉറപ്പുണ്ടായിരുന്നു. എന്നിരുന്നാലും ശരിയായ വിക്കറ്റുകളില്‍ കളിച്ച് പരിശീലനം നേടുന്നതിന് വേണ്ടി സച്ചിന്‍ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയില്‍ കളിക്കണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വേദിയായിരുന്ന ബ്രാബൗണ്‍ സ്റ്റേഡിയമായിരുന്നു ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയുടെ ഹോംഗ്രൗണ്ട്. അതുകൊണ്ടുതന്നെ ക്ലബിനുവേണ്ടി കളിക്കുമ്പോള്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേണ്ടി ഒരുക്കിയ പിച്ചുകളില്‍ കളിച്ച് ശീലിക്കാന്‍ സച്ചിനാകുമെന്ന് അച്ഛ്‌രേക്കര്‍ക്ക് അറിയാമായിരുന്നു.

അതായിരുന്നു അച്ഛ്‌രേക്കര്‍. ക്രിക്കറ്റിനോടുള്ള ആ അര്‍പ്പണബോധം സമാനതകളില്ലാത്തതായിരുന്നു. തന്റെ നവജാതശിശു മരിച്ച സന്ദര്‍ഭത്തില്‍ പോലും അദ്ദേഹം പരിശീലനത്തില്‍ നിന്ന് ഒരുദിവസം പോലും മാറിനിന്നില്ല. കുട്ടിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം അദ്ദേഹം ശിവാജി പാര്‍ക്കിലെത്തി തന്റെ ശിഷ്യരുടെ പരിശീലനം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി. അന്ന് അച്ഛരേക്കറുടെ ശിഷ്യനായ സുരേഷ് ശാസ്ത്രി ഇതുകണ്ട് ഞെട്ടി. എന്തുകൊണ്ടാണ് ആ നേരത്ത് കോച്ച് അവിടെയെത്തിയതെന്ന് തിരക്കി. അപ്പോള്‍ അച്ഛ്‌രേക്കര്‍ പറഞ്ഞത്രെ – എനിക്ക് ഒരു മകനെ നഷ്ടപ്പെട്ടു. എന്നാല്‍ എന്റെ ബാക്കി മക്കളെല്ലാം ഇവിടെയാണല്ലോ. എനിക്കെങ്ങനെയാണ് അവരെ ഉപേക്ഷിക്കാനാവുക എന്ന്.

ഒട്ടനവധി ടെസ്റ്റ് ക്രിക്കറ്റര്‍മാരെ ഇന്ത്യയ്ക്ക് സംഭാവന ചെയ്ത പരിശീലകനാണ് രമാകാന്ത് അച്ഛ്‌രേക്കര്‍. രാംനാഥ് പാര്‍ക്കറും ബല്‍വീന്ദര്‍ സിംഗ് സന്ധുവും തൊട്ട് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വിനോദ് കാംബ്ലി, അജിത് അഗാര്‍ക്കര്‍ തുടങ്ങിയ അദ്ദേഹത്തിന്റെ ശിഷ്യരെല്ലാം ഇന്ത്യയ്ക്കുവേണ്ടി ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചു. അദ്ദേഹത്തിന്റെ ശിക്ഷണത്തിലുണ്ടായിരുന്ന എത്രയോ പേര്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിരിക്കുന്നു. പലര്‍ക്കും ജോലി കിട്ടിയത് അവരുടെ ക്രിക്കറ്റ് കളി കൊണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ അച്ഛ്‌രേക്കര്‍ റെയില്‍വേസിനുവേണ്ടി കളിച്ചിരുന്ന നരേഷ് ചൂരിയെ നിയമപരമായി ദത്തെടുത്തിരുന്നു. ക്രിക്കറ്റ് മത്സരങ്ങള്‍ സ്റ്റേഡിയത്തില്‍ പോയി നേരിട്ട് കാണാന്‍ ഇന്ത്യന്‍ റെയില്‍വേയില്‍ ജോലിയുള്ള ചൂരി വഴി കഴിയും എന്നതുകൊണ്ട് മാത്രമായിരുന്നു അത്. സ്‌പോര്‍ട്‌സ് മാസികകളിലെ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ കളിക്കുന്ന ചിത്രങ്ങള്‍ ഏറെ പണിപ്പെട്ട് അദ്ദേഹം വെട്ടിയെടുക്കുമായിരുന്നു. എങ്ങനെയാണ് ഒരു സ്‌ട്രോക്ക് കൃത്യമായി കളിക്കേണ്ടതെന്ന് തന്റെ ശിഷ്യര്‍ക്ക് കാണിച്ചുകൊടുക്കുന്നതിനുവേണ്ടിയായിരുന്നു അത്.

താന്‍ ചെയ്യുന്നത്രയും കഠിനാദ്ധ്വാനം തന്റെ ശിഷ്യരും ചെയ്യണമെന്ന നിര്‍ബന്ധം അച്ഛ്‌രേക്കര്‍ക്കുണ്ടായിരുന്നു. എത്ര കൂടുതല്‍ റണ്ണെടുത്താലും തങ്ങളുടെ വിക്കറ്റിന്റെ വില തിരിച്ചറിയണമെന്നും അതൊരിക്കലും വെറുതെ നല്‍കരുതെന്നും അച്ഛ്‌രേക്കര്‍ ശിഷ്യരോട് നിര്‍ദേശിച്ചു. മുംബൈയുടെ മുന്‍ ക്യാപ്റ്റന്‍ അമോല്‍ മജൂംദാര്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തന്റെ അരങ്ങേറ്റത്തില്‍ ഹരിയാണയ്‌ക്കെതിരെ 260 റണ്‍സെടുത്ത് റെക്കോഡ് സൃഷ്ടിക്കുന്നു. അതില്‍ ഏറെ സന്തോഷവാനായിരുന്ന മജൂംദാറിനോട് അത്രയും കൂറ്റന്‍ സ്‌കോര്‍ എടുത്ത ശേഷം എങ്ങനെയാണ് ഔട്ടായതെന്ന് അച്ഛ്‌രേക്കര്‍ ചോദിക്കുന്നു. വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്യുകയായിരുന്നുവെന്ന് മജൂംദാറിന്റെ മറുപടി. എന്ത്? അത്രയും റണ്ണെടുത്ത ശേഷം സ്റ്റംപ് ചെയ്ത് ഔട്ടാവുകയോ എന്നായിരുന്നു അച്ഛ്‌രേക്കറുടെ മജൂംദാറിനോടുള്ള ചോദ്യം. മജൂംദാറിന് അതൊരു തിരിച്ചറിവായിരുന്നു. അതുപോലെത്തന്നെ ഡര്‍ബനില്‍ മികച്ച ഫാസ്റ്റ് ബൗളര്‍മാരുള്ള ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടിയ ശേഷം പ്രവീണ്‍ ആംറെ ഔട്ടായപ്പോഴും എങ്ങനെയാണ് ഔട്ടായതെന്ന് അച്ഛ്‌രേക്കര്‍ ചോദിച്ചു. ഔട്ടാകാതെ ആംറെ ബാറ്റിംഗ് തുടരുകയാണ് വേണ്ടിയിരുന്നതെന്നും അദ്ദേഹം തന്റെ ശിഷ്യനോട് പറഞ്ഞു.
ഇതായിരുന്നു രമാകാന്ത് അച്ഛ്‌രേക്കറും മറ്റ് പരിശീലകരും തമ്മിലുള്ള വ്യത്യാസം. തന്റെ ശിഷ്യരുടെ നേട്ടങ്ങളില്‍ അദ്ദേഹം അഭിമാനിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഒരിക്കലും അവരെ പ്രശംസിച്ചില്ല. അവര്‍ അലസരാകുമെന്ന് കരുതിയായിരുന്നു അത്. അതുകൊണ്ടുതന്നെയാണ് 100 അന്താരാഷ്ട്ര സെഞ്ച്വറികള്‍ നേടി ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഇങ്ങനെ പറഞ്ഞത് – ഇനി എനിക്ക് കളികളൊന്നും ബാക്കിയില്ല സാര്‍, അതുകൊണ്ട് ഇനിയെങ്കിലും താങ്കള്‍ക്ക് എന്നോട് പറയാം, ഞാന്‍ നന്നായി കളിച്ചു എന്ന്.

പക്ഷാഘാതം വന്ന് കോച്ചിംഗില്‍ നിന്ന് പിന്‍വാങ്ങാന്‍ നിര്‍ബന്ധിതനാകുന്നത് വരെ അച്ഛരേക്കര്‍ പുതിയ ശിഷ്യരെ പരിശീലിപ്പിച്ചുകോണ്ടേയിരുന്നു. അതുവരെ ഒരിക്കലും അദ്ദേഹം വിശ്രമിച്ചിരുന്നില്ല. 2019 ജനുവരി രണ്ടിന് എണ്‍പത്തേഴാമത്തെ വയസില്‍ രമാകാന്ത് അച്ഛ്‌രേക്കര്‍ ലോകത്തുനിന്ന് വിടവാങ്ങിയപ്പോള്‍ അവസാനിച്ചത് സമാനതകളില്ലാത്ത ഒരു ജീവിതമായിരുന്നു, സമാനതകളില്ലാത്ത ഒരു മനുഷ്യനായിരുന്നു.



