Thursday, February 19, 2026
Google search engine
HomeSportLife Storyചാമ്പ്യന്‍ എമി

ചാമ്പ്യന്‍ എമി

കെ.ശ്രീജിത്ത്

ഇന്ന് ലോകത്തെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ ആരാണെന്ന് ചോദിച്ചാല്‍ അതിന് ഒരൊറ്റ ഉത്തരമേയുള്ളൂ. എമിലിയാനോ മാര്‍ട്ടിനെസ്. തീര്‍ത്തും സാധാരണമായ ചുറ്റുപാടുകൡ നിന്ന് ലോകഫുട്‌ബോളിന്റെ നെറുകയിലെത്തിയ കഥയാണ് ഡാമിയന്‍ എമിലിയാനോ മാര്‍ട്ടിനെസ് റൊമേറോ എന്ന എമിലിയാനോ മാര്‍ട്ടിനെസിന്റേത്. ആരാധകര്‍ അയാളെ സ്‌നേഹപൂര്‍വം എമി എന്നും എമി മാര്‍ട്ടിനെസെന്നും വിളിക്കും. മാര്‍ട്ടീനിഞ്ഞോ എന്നൊരു വിളിപ്പേരും അയാള്‍ക്കുണ്ട്. അര്‍ജന്റീന നീണ്ട 36 വര്‍ഷത്തിന് ശേഷം 2022ല്‍ ലോകചാമ്പ്യന്‍മാരായപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചത് എമിലിയാനോ മാര്‍ട്ടിനെസ് ആയിരുന്നു. ടൂര്‍ണമെന്റിലുടനീളം എമി നടത്തിയ സേവുകളാണ് അര്‍ജന്റീനയ്ക്ക് ലോകകിരീടം നേടിക്കൊടുത്തത്. പെനാല്‍റ്റി കിക്കുകള്‍ രക്ഷപ്പെടുത്തുന്നതില്‍ ഇന്ന് ലോകത്ത് എമിയെപ്പോലെ മിടുക്കുള്ള മറ്റൊരു ഗോള്‍കീപ്പറില്ല.

1992 സെപ്റ്റംബര്‍ രണ്ടിന് അര്‍ജന്റീനിയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സിലെ മാര്‍ ഡെല്‍ പ്ലാറ്റയിലാണ് എമിലിയാനോ മാര്‍ട്ടിനെസിന്റെ ജനനം. തീര്‍ത്തും ദരിദ്രമായ ചുറ്റുപാടിലായിരുന്നു എമിലിയാനോയുടെ കുടുംബം. സാമ്പത്തിക ബാധ്യതകള്‍ കൊണ്ട് നട്ടംതിരിയുകയായിരുന്ന അച്ഛന്‍ പല രാത്രികളിലും ഒറ്റയ്ക്കിരുന്ന് കരയുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന് എമിലായാനോ ഒരിക്കല്‍ പറഞ്ഞു. ആ രാത്രികള്‍ ജീവിതത്തിലൊരിക്കലും മറക്കാനാകില്ലെന്നും അത് എത്രയോ കാലം തന്നെ വേട്ടയാടിയെന്നും എമിലിയാനോ പറയുന്നു. അര്‍ജന്റീനയിലെ പ്രശസ്ത ക്ലബായ ഇന്‍ഡിപെന്‍ഡിന്റെയുടെ യൂത്ത് ടീമിലാണ് എമിലിയാനോ തന്റെ കരിയര്‍ ആരംഭിക്കുന്നത്. അവിടെ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് തനിക്കൊരു പ്രൊഫഷണല്‍ ഫുട്‌ബോളറാകാന്‍ കഴിയുമെന്ന ആത്മവിശ്വാസം അയാളിലുണ്ടാകുന്നത്. പതിനാറാമത്തെ വയസ് ആകുമ്പോഴേയ്ക്കുതന്നെ എമിലിയാനോയുടെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചിരുന്നു. ആ കാലത്ത് അയാള്‍ അര്‍ജന്റീനയുടെ അണ്ടര്‍-17 ടീമില്‍ കളിച്ചുതുടങ്ങിയിരുന്നു. ഇതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖ ക്ലബായ ആഴ്‌സനലിന്റെ ശ്രദ്ധ എമിലിയാനോയില്‍ പതിയുന്നു. 2009ല്‍ പതിനേഴാമത്തെ വയസില്‍ അയാള്‍ക്ക് ആഴ്‌സനില്‍ നിന്ന് ട്രയല്‍സിനുള്ള ക്ഷണം ലഭിക്കുന്നു. ട്രയല്‍സ് വിജയകരമായി പൂര്‍ത്തിയാക്കിയ എമിലിയാനോയുമായി ഒട്ടും സമയം കളയാതെ ആഴ്‌സ്‌നല്‍ കരാര്‍ ഒപ്പുവെയ്ക്കുന്നു. എമിലിയാനോയ്ക്ക് ലഭിച്ച സുവര്‍ണാവസരത്തില്‍ സന്തോഷിച്ച ഇന്‍ഡിപെന്‍ഡിന്റെ അയാളെ സന്തോഷപൂര്‍വം യാത്രയാക്കുന്നു. ആഴ്‌സനലിലെ ആദ്യ ദിവസങ്ങള്‍ എമിലിയാനോ മാര്‍ട്ടിനെസിനെ സംബന്ധിച്ചിടത്തോളം കഠിനമായിരുന്നു. ഒരൊറ്റ വാക്ക് പോലും ഇംഗ്ലീഷില്‍ സംസാരിക്കാനറിയാത്ത അയാള്‍ ശരിക്കും കുഴങ്ങി. മാത്രമല്ല വീട്ടില്‍ നിന്ന് ആദ്യമായിട്ടായിരുന്നു അയാള്‍ അത്രയും നാള്‍ അതും അത്രയും ദൂരം വിട്ടുനില്‍ക്കുന്നത്. ആഴ്‌സനലിനൊപ്പമുള്ള ആദ്യത്തെ ഒരു വര്‍ഷം അയാള്‍ ശരിക്കും ബുദ്ധിമുട്ടി. യൂറോപ്യന്‍ പാസ്‌പോര്‍ട്ടില്ലാത്തതിനാല്‍ ആദ്യത്തെ ഒരു വര്‍ഷം അയാള്‍ക്ക് ആഴ്‌സനലിനൊപ്പം അയാള്‍ക്ക് പ്രൊഫഷണല്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ കളിക്കാനായില്ല. ആ സമയത്ത് അയാള്‍ സൗഹൃദ മത്സരങ്ങള്‍ മാത്രമാണ് കളിച്ചിരുന്നത്.

ഒടുക്കം അയാള്‍ സീനിയര്‍ ഇംഗ്ലീഷ് ഫുട്‌ബോളിന്റെ സ്വാദറിഞ്ഞത് ഓക്‌സ്‌ഫോര്‍ഡ് ക്ലബിനുവേണ്ടി കളിച്ചപ്പോഴാണ്. അയാളെ വായ്പയിലാണ് ഓക്‌സ്‌ഫോര്‍ഡിലേയ്ക്ക് അയച്ചത്. 2012ലായിരുന്നു അത്. എന്നാല്‍ ആ വര്‍ഷം തന്നെ അയാള്‍ ആഴ്‌സനലിനുവേണ്ടി അരങ്ങേറ്റം കുറിച്ചു. ലീഗ് കപ്പില്‍ കവന്റ്‌റി സിറ്റിക്കെതിരായ മത്സരത്തിലായിരുന്നു അത്. പിന്നീടങ്ങോട്ട് എമിലിയാനോയ്ക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. വര്‍ഷങ്ങളോളം അയാള്‍ വായ്പയില്‍ വിവിധ ഇംഗ്ലീഷ് ക്ലബുകള്‍ക്ക് വേണ്ടി കളിച്ചു. ഷെഫീല്‍ഡ് വെനസ്‌ഡേ, റോത്തെര്‍ഹാം യുണൈറ്റഡ്, വോള്‍വര്‍ഹാംപ്റ്റണ്‍ വാണ്ടറേഴ്‌സ്, ഗെറ്റഫെ, റീഡിംഗ് തുടങ്ങി ഒരുപിടി ക്ലബുകള്‍ക്ക് വേണ്ടിയാണ് എമിലിയാനോ മാര്‍ട്ടിനെസ് ഇംഗ്ലീഷ് ഫുട്‌ബോളില്‍ കളിച്ചത്. ആദ്യ ഇലവനില്‍ സ്ഥാനം ലഭിക്കാതെ നിരന്തരം റിസര്‍വ് ഗോള്‍കീപ്പറായ എമിലിയാനോ നട്ടം തിരിഞ്ഞു. ഒടുവില്‍ 2020 ജൂണില്‍ ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ ബേണ്‍ഡ് ലെനോയ്ക്ക് ഗുരുതരമായി പരിക്കേറ്റതോടെ ദീര്‍ഘകാലമായി എമിലിയാനോ കാത്തിരുന്ന ആ അവസരം അയാളെ തേടിയെത്തി. അവസരം പൂര്‍ണമായും മുതലാക്കിയ എമി ആ സീസണിലെ ബാക്കി മത്സരങ്ങളില്‍ എമിലിയാനോ മിന്നിത്തിളങ്ങി. ആ തേരോട്ടത്തില്‍ ആഴ്‌സനല്‍ എഫ് എ കപ്പ് കിരീടം നേടിയപ്പോള്‍ നിര്‍ണായകമായ സേവുകളിലൂടെ എമിലിയാനോ മാര്‍ട്ടിനെസ് കളം നിറഞ്ഞു. ആഴ്‌സനലിന്റെ പതിനാലാമത്തെ എഫ്.എ കിരീടമായിരുന്നു അത്. ഇതോടെ ആഴ്‌സനലിന്റെ ആദ്യ ഇലവനില്‍ സ്ഥിരം ഉള്‍പ്പെട്ട എമിലിയാനോ ടീമിലെ താര സാന്നിദ്ധ്യമായി. ടീമിന്റെ സ്ഥിരം ഗോള്‍കീപ്പര്‍ പരിക്ക് ഭേദമായി തിരിച്ചെത്തിയപ്പോഴേയ്ക്കും എമി തന്റെ അവകാശവാദം ഉറപ്പിച്ചുകഴിഞ്ഞിരുന്നു. ടീമിലെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായി തന്നെ പരിഗണിക്കുന്നില്ലെങ്കില്‍ ആഴ്‌സനല്‍ വിടാന്‍ അയാള്‍ തീരുമാനിച്ചു. 2020 സെപ്റ്റംബറില്‍ എമിലിയാനോ മാര്‍ട്ടിനെസ് മറ്റൊരു ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബായ ആസ്റ്റണ്‍ വില്ലയിലെത്തി. 20 മില്യണ്‍ യൂറോ ആയിരുന്നു എമിലിയാനോയ്ക്ക് ലഭിച്ച പ്രതിഫലം. നാല് വര്‍ഷത്തെ കരാറിലാണ് അയാള്‍ ഒപ്പുവെച്ചത്. ആസ്റ്റണ്‍ വില്ലയിലെ ആദ്യ സീസണില്‍ എമി ബ്രാഡ് ഫ്രീഡലിന്റെ ക്ലബ് റെക്കോഡിനൊപ്പമെത്തി. 15 ക്ലീന്‍ ഷീറ്റുകളാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണില്‍ എമിലിയാനോ മാര്‍ട്ടിനെസ് കരസ്ഥമാക്കിയത്. ആസ്റ്റണ്‍ വില്ലയുടെ സപ്പോര്‍ട്ടേഴ്‌സ് പ്ലേയര്‍ ഓഫ് ദ സീസണായി എമി തിരഞ്ഞെടുക്കപ്പെട്ടു. 2022 ജനുവരി 21ന് അയാള്‍ ആസ്റ്റണ്‍ വില്ലയുമായി മൂന്ന് വര്‍ഷത്തേയ്ക്കുള്ള കരാറില്‍ കൂടി ഒപ്പുവെച്ചു. 2023 ഏപ്രില്‍ ഒന്നിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലയ്ക്കുവേണ്ടി നൂറാം മത്സരം പൂര്‍ത്തിയാക്കി. 100 മത്സരങ്ങളില്‍ 34 ക്ലീന്‍ഷീറ്റുകളാണ് എമിലിയാനോ പൂര്‍ത്തിയാക്കിയത്. ക്ലബിനുവേണ്ടി ആദ്യ നൂറ് മത്സരങ്ങളില്‍ അത്രയും ക്ലീന്‍ ഷീറ്റുകള്‍ പൂര്‍ത്തിയാക്കിയത് റെക്കോഡായിരുന്നു. ഈ വര്‍ഷം ഓഗസ്റ്റ് 21ന് എമി വീണ്ടും ആസ്റ്റണ്‍ വില്ലയുമായുള്ള കരാര്‍ പുതുക്കി. ഇതനുസരിച്ച് 2029 വരെ അയാള്‍ ആസ്റ്റണ്‍ വില്ലയില്‍ തുടരും.

2021 ജൂണ്‍ മൂന്നിന് എമിലിയാനോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ അര്‍ജന്റീനയുടെ സീനിയര്‍ ടീമില്‍ അരങ്ങേറി. ചിലിക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലായിരുന്നു അത്. മത്സരം 1-1 എന്ന് സമനിലയില്‍ അവസാനിച്ചു. 2021 ബ്രസീലില്‍ നടന്ന കോപ്പ അമേരിക്കയില്‍ ചിലിക്കെതിരായ മത്സരത്തില്‍ അര്‍തുറോ വിദാലിന്റെ പെനാല്‍റ്റി കിക്ക് എമിലിയാനോ തടുത്തെങ്കിലും റീബൗണ്ടില്‍ എഡ്വാര്‍ഡോ വര്‍ഗാസ് ഗോള്‍ നേടി. മത്സരം വീണ്ടും 1-1 സമനിലയില്‍ സമാപിച്ചു. ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ കൊളംബിയയ്‌ക്കെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എമി മാര്‍ട്ടിനെസ് മൂന്ന് കിക്കുകള്‍ സേവ് ചെയ്തു. അതോടെ 3-2ന് ജയിച്ച അര്‍ജന്റീന ഫൈനലിലെത്തി. മാരക്കാനയില്‍ നടന്ന ഫൈനലില്‍ ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോളില്‍ അര്‍ജന്റീന ബ്രസീലിനെ തോല്പിച്ച് ചാമ്പ്യന്‍മാരായപ്പോള്‍ മത്സരത്തില്‍ എമിലിയാനോയും നിറഞ്ഞുനിന്നു. ടൂര്‍ണമെന്റിലാകെ മികച്ച പ്രകടനം പുറത്തെടുത്ത എമി ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം നേടി. 2022 ജൂണ്‍ ഒന്നിന് ഇറ്റലിയിലെ വെംബ്ലിയില്‍ നടന്ന ഫൈനലിസിമയില്‍ അര്‍ജന്റീന ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തപ്പോള്‍ വീണ്ടും എമി മാര്‍ട്ടിനസിന്റേത് ക്ലീന്‍ ഷീറ്റായിരുന്നു. ഇറ്റലിയുടെ എല്ലാ ആക്രമണങ്ങളും മാര്‍ട്ടിനെസിന് മുന്നില്‍ പരാജയപ്പെട്ടു. 2022ല്‍ ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പിനുള്ള അര്‍ജന്റീന ടീമില്‍ ഉള്‍പ്പെട്ട എമി ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളിലും അര്‍ജന്റീനയുടെ ജേഴ്‌സിയില്‍ പ്രത്യക്ഷപ്പെട്ടു. ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലന്റ്‌സിനെതിരായ മത്സരം എക്‌സ്ട്രാ ടൈമും കഴിഞ്ഞപ്പോള്‍ 2-2ന് സമനിലയിലായി. തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എമിലിയാനോ രണ്ട് പെനാല്‍റ്റി കിക്കുകള്‍ സേവ് ചെയ്തതോടെ അര്‍ജന്റീന സെമിഫൈനലിലേയ്ക്ക് മാര്‍ച്ച് ചെയ്തു.

ഫൈനലില്‍ ഫ്രാന്‍സിനെതിരെ എക്‌സ്ട്രാ ടൈമും പൂര്‍ത്തിയായപ്പോള്‍ ഇരുടീമും മൂന്ന് വീതം ഗോളുകള്‍ നേടി സമനിലയില്‍ പിരിഞ്ഞു. എന്നാല്‍ എക്‌സ്ട്ര ടൈമിന്റെ അവസാന നിമിഷം ഫ്രാന്‍സിന്റെ കോലോ മുവാനിയുടെ ഗോളെന്നുറപ്പിച്ച ഷോട്ട് കാല് കൊണ്ട് തട്ടിയകറ്റിയ എമി ഏതാണ്ട് ഒറ്റയ്ക്ക് അര്‍ജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുക്കുകയായിരുന്നു. മുന്നില്‍ എമിലിയാനോ മാത്രമുണ്ടായിരിക്കെ മുവാനിയെടുത്ത ഷോട്ടാണ് അസാധാരണമായ മനശക്തിയോടെ എമിലിയാനോ രക്ഷപ്പെടുത്തിയത്. മത്സരത്തിലെ ഏറ്റവും നിര്‍ണായകമായ നിമിഷമായിരുന്നു അത്. തുടര്‍ന്നുനടന്ന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കിംഗ്‌സ്‌ലി കോമനെടുത്ത കിക്ക് തട്ടിയകറ്റിയ എമിലിയാനോ മാര്‍ട്ടിനെസ് 36 വര്‍ഷത്തെ ദീര്‍ഘമായ ഇടവേളയ്ക്കുശേഷം അര്‍ജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്തു. അതും എല്ലാ അര്‍ത്ഥത്തിലും കരുത്തരായ ഫ്രാന്‍സിനെ മറികടന്ന്. ഷൂട്ടൗട്ടില്‍ 4-2നാണ് അര്‍ജന്റീന ജയിച്ചത്. ടൂര്‍ണമെന്റിലാകെ മികച്ച പ്രകടനം പുറത്തെടുത്ത എമിലിയാനോ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗവ് പുരസ്‌കാരം നേടി. ഒപ്പം 2022ലെ ഫിഫയുടെ ഏറ്റവും മികച്ച പുരുഷ ഗോള്‍കീപ്പറായും എമിലിയാനോ മാര്‍ട്ടിനെസ് തിരഞ്ഞെടുക്കപ്പെട്ടു. 2024ലെ കോപ്പ അമേരിക്കയിലും എമി തന്റെ മിന്നും ഫോം തുടര്‍ന്നു. ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇക്വഡോറിനെതിരെ സാധാരണ സമയത്ത് 1-1 സമനിലയില്‍ അവസാനിച്ച കളി പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീന ജയിച്ചു. ഷൂട്ടൗട്ടില്‍ രണ്ട് കിക്കുകളാണ് എമിലിയാനോ രക്ഷപ്പെടുത്തിയത്. ഫൈനലില്‍ എക്‌സ്ട്രാ ടൈമില്‍ ലൗതാരോ മാര്‍ട്ടിനെസിന്റെ ഗോളില്‍ കൊളംബിയയെ തോല്പിച്ച അര്‍ജന്റീന തുടര്‍ച്ചയായി രണ്ടാം തവണയും കോപ്പ അമേരിക്ക നേടി. മാര്‍ട്ടിനെസാകട്ടെ, തുടര്‍ച്ചയായി രണ്ടാം തവണയും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം നേടി. 2024 സെപ്റ്റംബര്‍ 28ന് ഫിഫ എമിലിയാനോ മാര്‍ട്ടിനെസിനെ രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കി. അച്ചടക്കം ലംഘിച്ചു എന്നതായിരുന്നു കാരണം.

ലോകത്തെ ഏറ്റവും മികച്ച ഗോള്‍കീപ്പറായി കണക്കാക്കപ്പെടുന്ന എമിലിയാനോ മാര്‍ട്ടിനെസ് ടീമിലെ മറ്റ് കളിക്കാര്‍ക്ക് പന്ത് വിതരണം ചെയ്യുന്നതിലും എത്ര ശക്തമായ ഷോട്ടും തടുക്കുന്നതിലും പ്രത്യേക മിടുക്ക് കാണിക്കുന്നു. പെനാല്‍റ്റി കിക്കുകള്‍ തടുക്കുന്നതിലെ മന:സാന്നിദ്ധ്യവും സാങ്കേതികത്തികവും മാര്‍ട്ടിനെസിനെ ഗോള്‍കീപ്പറെന്ന നിലയില്‍ വേറൊരു തലത്തിലെത്തിക്കുന്നു. പെനാല്‍റ്റി കിക്കുകളെടുക്കുമ്പോള്‍ അത് ഗോള്‍പോസ്റ്റിന്റെ ഏത് വശത്തേയ്ക്ക് വരുമെന്ന കണക്കുകൂട്ടലിലെ കൃത്യതയാണ് എമിയെ ഏറ്റവും കൂടുതല്‍ അപകടകാരിയാക്കുന്നത്. 2024ല്‍ മാത്രം നാല് പെനാല്‍റ്റി ഷൂട്ടൗട്ടുകളിലാണ് എമിലിയാനോ അര്‍ജന്റീനയെ രക്ഷിച്ചത്. എതിരാളികളുടെ 24 കിക്കുകളില്‍ 12 എണ്ണവും പിഴച്ചു. ഇതില്‍ ഒമ്പതെണ്ണം എമി രക്ഷപ്പെടുത്തിയപ്പോള്‍ മൂന്നെണ്ണം ലക്ഷ്യത്തിലെത്താതെ പോവുകയായിരുന്നു. പെനാല്‍റ്റി കിക്കുകളെടുക്കാന്‍ എതിരാളികള്‍ വരുമ്പോള്‍ അവരെ മാനസികമായി തകര്‍ക്കാനും അവരുടെ ഏകാഗ്രതയ്ക്ക് ഭംഗം വരുത്താനും എമിലിയാനോ നിരന്തരം ശ്രമിക്കുന്നു. പലപ്പോഴും അയാള്‍ അതില്‍ വിജയിക്കുകയും ചെയ്യുന്നു.

ഫുട്‌ബോള്‍ ചരിത്രത്തിലെത്തന്നെ ഗോള്‍കീപ്പര്‍മാരില്‍ ഏറ്റവും ആക്രമണോത്സുകമായ, എതിരാളികളുടെ ശ്രദ്ധ തെറ്റിക്കുന്ന സമീപനം സ്വീകരിക്കുന്ന താരമാണ് എമിലിയാനോ മാര്‍ട്ടിനെസ്. കിക്കെടുക്കാനെത്തുന്ന എതിരാളിയെ പരമാവധി മാനസിക സമ്മര്‍ദ്ദത്തിലാക്കാനും ആശയക്കുഴപ്പത്തിലാക്കാനും മാര്‍ട്ടിനെസിന് സാധിക്കുന്നു. സമകാലിക ഫുട്‌ബോളില്‍ എത്രയോ തവണ ആ ശ്രമം വിജയിക്കുന്നത് നാം കണ്ടുകഴിഞ്ഞു. മാര്‍ട്ടിനെസ് മിക്കപ്പോഴും ഗോള്‍പോസ്റ്റിന് മുന്നില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിക്കുകയും അതുവഴി എതിരാളികളെ തകര്‍ക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ എമിലിയാനോയുടെ സമീപനം സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന് വിരുദ്ധമാണെന്ന ശക്തമായ വിമര്‍ശനവും ഫുട്‌ബോള്‍ ലോകത്തുണ്ട്. എന്തായാലും എല്ലാ വിമര്‍ശനങ്ങള്‍ക്കും മീതെ അയാള്‍ അര്‍ജന്റീനയ്ക്ക് ഒട്ടേറെ ഐതിഹാസികമായ വിജയങ്ങള്‍ സമ്മാനിച്ചു എന്നത് യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടുതന്നെ ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍കീപ്പര്‍മാരുടെ പട്ടികയില്‍ ഏറ്റവും മുന്‍നിരയില്‍ത്തന്നെയാണ് എമിലിയാനോ മാര്‍ട്ടിനെസിന്റെ സ്ഥാനം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments