Tuesday, February 17, 2026
Google search engine
HomeSportLife Storyയശസ്വിയുടെ പോരാട്ടങ്ങള്‍

യശസ്വിയുടെ പോരാട്ടങ്ങള്‍

കെ.ശ്രീജിത്ത്

പത്ത് വയസില്‍ മുംബൈയിലെ ആസാദ് മൈതാനിലെ ഒരു ടെന്റില്‍ താമസിച്ച് പാനി പൂരി വിറ്റ് ഉപജീവനം നടത്തുകയും ക്രിക്കറ്റ് എന്ന സ്വപ്നത്തെ വിടാതെ മുറുകെപ്പിടിക്കുകയും ചെയ്ത യശസ്വി ജയ്‌സ്വാള്‍. യശസ്വിയുടെ അച്ഛന്‍ ഭൂപേന്ദ്ര ജയ്‌സ്വാള്‍ സൂരിയവാനില്‍ ഒരു ചെറിയ ഹാര്‍ഡ് വെയര്‍ സ്റ്റോര്‍ നടത്തുകയായിരുന്നു. ഭൂപേന്ദ്രയുടെ നാല് മക്കളില്‍ ഏറ്റവും ഇളയവനായിരുന്നു യശസ്വി. യശസ്വിക്ക് മൂത്ത ഒരു ജ്യേഷ്ഠനും തൊട്ടുതാഴെ രണ്ട് ചേച്ചിമാരുമാണുണ്ടായിരുന്നത്. പത്താമത്തെ വയസിലാണ് യശസ്വി ജയ്‌സ്വാള്‍ സ്വന്തം നാടായ കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഭദോഹിയിലുള്ള സൂരിയവാനില്‍ നിന്ന് അച്ഛന്‍ ഭൂപേന്ദ്ര ജയ്‌സ്വാളിനൊപ്പം ക്രിക്കറ്റ് എന്ന സ്വപ്‌നത്തെയും പിന്തുടര്‍ന്ന് മുംബൈയിലെത്തുന്നത്. ഇന്ത്യയില്‍ ക്രിക്കറ്റിന്റെ ജന്മസ്ഥലമായി കരുതപ്പെടുന്ന മുംബൈയിലെ ആസാദ് മൈതാനില്‍ ക്രിക്കറ്റ് പരിശീലിക്കുക എന്നതായിരുന്നു ലക്ഷ്യം. യശസ്വിയെ വകയിലൊരു അമ്മാവനെ ഏല്പിച്ച് അച്ഛന്‍ ഭൂപേന്ദ്ര നാട്ടിലേയ്ക്ക് തിരിച്ചുപോയി. മുബൈയിലെ ജീവിതത്തിന്റെ തുടക്കത്തില്‍ അമ്മാവനൊപ്പം കഴിഞ്ഞെങ്കിലും അതൊരു ചെറിയ കുടില്‍ ആയിരുന്നതിനാല്‍ മറ്റൊരു സ്ഥലം സംഘടിപ്പിക്കാന്‍ അയാള്‍ യശസ്വിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് യശസ്വിക്ക് ഒരു ഡയറി ഷോപ്പില്‍ ജോലിയും താമസവും തരപ്പെട്ടു. എന്നാല്‍ ക്രിക്കറ്റ് പരിശീലനത്തിന്റെ തിരക്കുകാരണം അവന് മിക്കപ്പോഴും ഡയറി ഷോപ്പില്‍ ജോലിയൊന്നും ചെയ്യാനായില്ല. തുടര്‍ന്ന് ഷോപ്പുടമ അവനെ അവിടെ നിന്ന് പുറത്താക്കി. തുടര്‍ന്ന് ആസാദ മൈതാനിലെ ഗ്രൗണ്ട്‌സ്മാന്‍മാരുടെ ടെന്റിലായി യശസ്വിയുടെ ജീവിതം. ഉപജീവനത്തിനായി അവന്‍ പാനിപൂരി വിറ്റു. മിക്കപ്പോഴും ഗ്ലൂക്കോസ് ബിസ്‌ക്കറ്റായിരുന്നു യശസ്വിയുടെ ഭക്ഷണം. വല്ലപ്പോഴും സൗജന്യമായി റൊട്ടിയോ ചോറോ കിട്ടിയാല്‍ അത് സൗഭാഗ്യമായി. മുംബൈയില്‍ കിടന്ന് കഷ്ടപ്പെടാതെ നാട്ടിലേയ്ക്ക് തിരിച്ചുവരാന്‍ അമ്മ കാഞ്ചന്‍ ജയ്‌സ്വാള്‍ യശസ്വിയോട് ആവശ്യപ്പെട്ടെങ്കിലും അവന്‍ തയ്യാറായില്ല. ഇനി നാട്ടിലേയ്ക്ക് തിരിച്ചുവരുന്നത് ഒരു ക്രിക്കറ്റ് കളിക്കാരനായി മാത്രമേയുള്ളൂവെന്ന് യശസ്വി അമ്മയോട് കട്ടായം പറഞ്ഞു. മൈതാനത്ത് തന്നെ ജീവിക്കുന്നതുകൊണ്ട് ക്രിക്കറ്റ് കളിക്കുക എളുപ്പമാണെന്നും രാവിലെ എഴുന്നേല്‍ക്കുന്നതേ ക്രിക്കറ്റ് കളി കണ്ടാണെന്നും അവന്‍ അമ്മയോട് പറഞ്ഞു.

എല്ലാറ്റിനേക്കാളും അവന്‍ ക്രിക്കറ്റിനെ ജീവവായുവായി കാണുകയും കഠിനമായ പരിശീലനത്തിലേര്‍പ്പെടുകയും ചെയ്തു. വല്ലാത്തൊരു ഏകാഗ്രതയോടെ അവന്‍ നിരന്തരം ക്രിക്കറ്റ് കളിക്കുകയും ബാറ്റിംഗിലെ അവന്റെ കഴിവുകള്‍ മിനുക്കിയെടുക്കുകയും ചെയ്തു. ആ ദിവസങ്ങളെക്കുറിച്ച് യശസ്വി പറയുന്നത് ഇതാണ് – ഒരുപാട് കാലം ഞാന്‍ ഒറ്റയ്ക്കായിരുന്നു. വല്ലാത്ത ഏകാന്തതയോടെയുള്ള ജീവിതം. എന്നെ മുംബൈയിലാക്കി അച്ഛന്‍ തിരിച്ചുപോയ ആദ്യ ദിവസങ്ങള്‍ കഠിനമായിരുന്നു. ഞാന്‍ വല്ലാതെ പ്രയാസപ്പെട്ടു. എന്നാല്‍ പതുക്കെ, പതുക്കെ അതുമായി പൊരുത്തപ്പെട്ടു. എപ്പോഴും ക്രിക്കറ്റ് കളിച്ച് തിരക്കിലായതോടെ ഞാന്‍ മറ്റെല്ലാം മറന്നു. പ്രഭാതം മുതല്‍ പ്രദോഷം വരെ അവന്‍ ക്രിക്കറ്റ് തന്നെ കളിച്ചുകൊണ്ടിരുന്നു. വല്ലപ്പോഴുമൊക്കെ വൈകുന്നേരങ്ങളില്‍ പാനിപൂരി കച്ചവടക്കാരെ സഹായിച്ചതുവഴി ഒന്നോ രണ്ടോ രൂപ പ്രതിഫലമായി കിട്ടി. ഇതിനിടെ ക്ലബ് മത്സരങ്ങളില്‍ പന്ത് പെറുക്കുന്നവനായി മൈതാനത്തുത്തന്നെ കൂടി. അങ്ങനെ രണ്ട് വര്‍ഷം കഴിഞ്ഞു. അപ്പോഴാണ് ക്രിക്കറ്റ് പരിശീലകനായ ജ്വാല സിംഗിന്റെ ശ്രദ്ധയില്‍ യശസ്വി പെടുന്നത്. അവന്റെ പ്രതിഭ കണ്ട് അന്തംവിട്ട ജ്വാല സിങ് അവനെ പരിശീലിപ്പിക്കാന്‍ തീരുമാനിച്ചു. മാത്രമല്ല, അവന് താമസവും ഭക്ഷണവും അയാള്‍ത്തന്നെ ഒരുക്കി. ജ്വാല സാന്റാക്രൂസില്‍ ഒരു ക്രിക്കറ്റ് അക്കാദമി നടത്തിയിരുന്നു. അയാള്‍ യശസ്വിയെ അക്കാദമിയില്‍ ചേര്‍ത്ത് പരിശീലിപ്പിച്ചു. തുടര്‍ന്ന് ജ്വാല സിങ് നിയമപരമായിത്തന്നെ അവന്റെ രക്ഷാകര്‍ത്താവായി. എന്റേതിന് സമാനമായ കഥയായിരുന്നു അവന്റേതും എന്നതിനാലാണ് ഞാനവനെ സഹായിക്കാന്‍ തീരുമാനിച്ചത്. ഞാനും ക്രിക്കറ്റ് കളിക്കാനായി ഉത്തര്‍പ്രദേശില്‍ നിന്ന് മുംബൈയിലെത്തിയതാണ്. അതുകൊണ്ടുതന്നെ അവന്റെ കഷ്ടപ്പാടുകള്‍ എനിക്ക് മനസിലാകുമായിരുന്നു.

ജ്വാല സിങിന്റെ കീഴിലുള്ള പരിശീനത്തിന്റെ ആദ്യ നാളുകളില്‍ ബാറ്റ് ചെയ്യുമ്പോള്‍ പെട്ടെന്ന് പുറത്താകുമോ എന്ന ഭീതി യശസ്വിക്കുണ്ടായിരുന്നു. എന്നാല്‍ ജ്വാല സിങിന്റെ നിരന്തരമുള്ള പ്രോത്സാഹനത്താലും കഠിനാദ്ധ്വാനത്താലും അവന്‍ ആ പേടിയെ മറികടന്നു. മുംബൈയിലെ സ്‌കൂള്‍ തലത്തിലെ ഏറ്റവും പ്രസിദ്ധ ടൂര്‍ണമെന്റുകളിലൊന്നായ ഹാരിസ് ഷീല്‍ഡിലെ ഒരു ദ്വിദിന മത്സരത്തില്‍ 319 റണ്‍സെടുക്കുകയും 13 വിക്കറ്റ് വീഴ്ത്തുകയും ചെയ്തതോടെ ലോകം യശസ്വിയെ ശ്രദ്ധിച്ചു. ജയത്തിലേയ്ക്കുള്ള അവന്റെ ആദ്യത്തെ ചുവടുവെയ്പായിരുന്നു അത്. പിന്നീടങ്ങോട്ട് അവന്‍ തിരിഞ്ഞുനോക്കിയില്ല. സ്‌കൂള്‍ തലത്തിലും മുംബൈ അണ്ടര്‍-16, അണ്ടര്‍-19 ടീമുകളിലുമായി യശസ്വി ടണ്‍ കണക്കിന് റണ്‍ അടിച്ചുകൂട്ടി. തുടര്‍ന്ന് 2018ല്‍ ഇന്ത്യയുടെ അണ്ടര്‍-19 ടീമില്‍ അവന്‍ സ്ഥാനം പിടിച്ചു. ആ വര്‍ഷത്തെ അണ്ടര്‍-19 ഏഷ്യാ കപ്പില്‍ ഇന്ത്യ ചാമ്പ്യന്‍മാരായപ്പോള്‍ അതില്‍ യശസ്വിയുടെ നിര്‍ണായക സംഭാവനയുണ്ടായിരുന്നു. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുല്‍ റണ്‍ നേടിയ ബാറ്റര്‍ അയാളായിരുന്നു. റണ്ണിനായുള്ള അയാളുടെ ദാഹം വിരണാതീതമായിരുന്നു. മിക്കവാറും എല്ലാ ടൂര്‍ണമെന്റുകളിലും ഏറ്റവും കൂടുതല്‍ റണ്‍ നേടുന്ന ബാറ്ററായി യശസ്വി മാറി. 2020ലെ അണ്ടര്‍-19 ലോകകപ്പിലും ഏറ്റവും കൂടുതല്‍ റണ്‍ സ്‌കോര്‍ ചെയ്ത ബാറ്റര്‍ യശസ്വി ജയ്‌സ്വാളായിരുന്നു. ഇതിനോടകം അയാള്‍ ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ ശ്രദ്ധ നേടിയിരുന്നു. രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്ക് വേണ്ടിയും പരിമിത ഓവര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലും അയാള്‍ റണ്‍മല തന്നെ സൃഷ്ടിച്ചു. ഈ പ്രകടനങ്ങളുടെ പിന്‍ബലത്തില്‍ 2020ലെ ഐ പി എല്‍ ലേലത്തില്‍ അയാളെ രാജസ്ഥാന്‍ റോയല്‍സ് ടീമിലെടുത്തു. രണ്ട് കോടി നാല്പത് ലക്ഷമായിരുന്നു പ്രതിഫലത്തുക. യശസ്വിയെപ്പോലെ കടുത്ത ജീവിത യാഥാര്‍ത്ഥ്യങ്ങളെ നേരിട്ടെത്തിയ ഒരാള്‍ക്ക് വലിയ തുകയായിരുന്നു അത്. എന്നാല്‍ അതിലൊന്നും അയാള്‍ അഭിരമിച്ചില്ല. വളരെ ചെറുപ്പമായിരുന്നിട്ട് പോലും പണമോ പ്രശസ്തിയോ അയാളെ ഒട്ടും ബാധിച്ചില്ല. കഠിനപാതകള്‍ താണ്ടിവന്ന യശസ്വിക്ക് അന്താരാഷ്ട്ര തലത്തില്‍ ക്രിക്കറ്റ് കളിക്കുക എന്നത് മാത്രമായിരുന്നു അയാളുടെ നിരന്തരമായ ലക്ഷ്യം. പണം എനിക്കൊരു വിഷയമേ അല്ല. ഐ പി എല്ലില്‍ കളിക്കാന്‍ ഒരു അവസരം കിട്ടി എന്നതായിരുന്നു എന്നെ സന്തോഷിപ്പിച്ചത്. പണമെന്നത് നിങ്ങളുടെ വിജയത്തിന്റെ ഒരു ഉപോത്പന്നം മാത്രമാണ്. നിങ്ങള്‍ മിടുക്കനാണെങ്കില്‍ ഏത് മേഖലയിലും നിങ്ങള്‍ക്ക് കുറച്ച് പ്രതിഫലം കിട്ടും. എന്നാല്‍ നല്ല പ്രതിഫലം കിട്ടണമെങ്കില്‍ നിങ്ങള്‍ കഠിനാദ്ധ്വാനം ചെയ്യുകയും ശരിയായ പ്രക്രിയകളെ പിന്തുടരുകയും വേണം – യശസ്വി പറയുന്നു. യശസ്വി എന്താണെന്ന് അയാളുടെ ഈ വാക്കുകളില്‍ നിന്നുതന്നെ വ്യക്തമാണ്.

യശസ്വിയുടെ ആദ്യ ഐ പി എല്‍ നാളുകള്‍ അത്ര ആശാവഹമായിരുന്നില്ല. എന്നാല്‍ അയാള്‍ കളിയുടെ ബാലപാഠങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും തന്റെ കളി കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു. 2023ലെ ഐ പി എല്ലായിരുന്നു അയാളുടെ ക്രിക്കറ്റ് ജീവിതത്തിലെ വഴിത്തിരിവ്. 14 മത്സരങ്ങളില്‍ നിന്ന് 625 റണ്‍ അടിച്ചതോടെ എമര്‍ജിംഗ് പ്ലേയര്‍ ഓഫ് ദ സീസണ്‍ അവാര്‍ഡ് യശസ്വി നേടി. 13 പന്തില്‍ നേടിയ അര്‍ദ്ധസെഞ്ച്വറിയടക്കം മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് അയാള്‍ അത്രയും റണ്ണടിച്ചുകൂട്ടിയത്. ആദ്യ പന്ത് മുതല്‍ അയാള്‍ബൗളര്‍മാരെ ആക്രമിച്ചു. ഇത് ക്രിക്കറ്റ് ലോകത്ത് അയാളൊരു ചര്‍ച്ചാവിഷയമാകാന്‍ കാരണമായി. തുടര്‍ന്ന് ആ വര്‍ഷം ജൂലായില്‍ നടന്ന ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ടീമിലിടം നേടിയ യശസ്വി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചു. ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ച്വറി നേടിയ അയാള്‍ 171 റണ്‍സിന്റെ വമ്പന്‍ ഇന്നിംഗ്‌സ് ആണ് കളിച്ചത്. ഇതോടെ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറിയടിക്കുന്ന പതിനേഴാമത്തെ ബാറ്ററായി യശസ്വി ജയ്‌സ്വാള്‍ മാറി. ഏറെ വൈകാരികമായ നിമിഷമായിരുന്നു എനിക്കത്. ഞാനത് ആസ്വദിച്ചു. ഇത് എന്റെ കരിയറിന്റെ തുടക്കം മാത്രമാണ്. ഇനി ഞാന്‍ എത്രമാത്രം കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, എത്രമാത്രം അച്ചടക്കത്തോടെ മുന്നോട്ടുപോകുന്ന എന്നതിനെ ആശ്രയിച്ചിരിക്കുന്ന ബാക്കി കാര്യങ്ങള്‍. ടീമിന് എങ്ങനെ നല്ല തുടക്കം നല്‍കാന്‍ കഴിയും എന്നത് മാത്രമായിരിക്കും എന്റെ ലക്ഷ്യം. മുന്നോട്ടും നന്നായിത്തന്നെ എനിക്ക് കളിക്കണം – വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ച്വറി നേടിയ ശേഷം യശസ്വി പറഞ്ഞു.

അധികം വൈകാതെ തന്നെ അയാള്‍ അന്താരാഷ്ട്ര ട്വന്റി20യിലും അരങ്ങേറി. 2024ന്റെ തുടക്കത്തില്‍ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി ഇംഗ്ലണ്ട് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ടീമിലിടം നേടിയ യശസ്വി ജയ്‌സ്വാള്‍ പരമ്പരയില്‍ തുടര്‍ച്ചയായി രണ്ട് ഡബിള്‍ സെഞ്ച്വറി നേടി. ഇതോടെ വിനോദ് കാംബ്ലിക്കും വിരാട് കോലിക്കും ശേഷം തുടര്‍ച്ചയായി രണ്ട് ടെസ്റ്റുകളില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമായി മാറിയ അയാള്‍ നേരത്തെ ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ ബാറ്ററായും മാറിയിരുന്നു. സുനില്‍ ഗവാസ്‌കറും വിനോദ് കാംബ്ലിയുമായിരുന്നു അയാളുടെ മുന്നിലുള്ള രണ്ട് പേര്‍. 12 സിക്‌സറടിച്ച യശസ്വി ഒരു ടെസ്റ്റ് ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറടിക്കുന്നതിനുള്ള റെക്കോഡിനൊപ്പമെത്തുകയും ചെയ്തു. ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു പരമ്പരയില്‍ 20 സിക്‌സടിക്കുന്ന ആദ്യത്തെ താരമാണ് യശസ്വി ജയ്‌സ്വാള്‍. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാമിന്നിംഗ്‌സിലും കൂറ്റന്‍ സെഞ്ച്വറി നേടി യശസ്വി. 161 റണ്‍സെടുത്ത യശസ്വിയുടെ തോളിലേറിയാണ് ഇന്ത്യ മത്സരം ജയിച്ചത്. 23 വയസ് തികയും മുമ്പ് ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ആയിരം ടെസ്റ്റ് റണ്‍ നേടിയ ആദ്യ ഇന്ത്യന്‍ ബാറ്റാണ് യശസ്വി ജയ്‌സ്വാള്‍. ഇത്രയും ചെറുപ്പത്തില്‍ ഒരു കലണ്ടര്‍ വര്‍ഷം ആയിരം ടെസ്റ്റ് റണ്‍ നേടുന്ന ക്രിക്കറ്റ് ചരിത്രത്തിലെ അഞ്ചാമത്തെ ബാറ്ററാണ് യശസ്വി. ഇതിനുമുമ്പ് വെസ്റ്റ് ഇന്ത്യന്‍ ഇതിഹാസം ഗാരി സോബേഴ്‌സ്, ദക്ഷിണാഫ്രിക്കന്‍ കളിക്കാരായ ഗ്രേയം സ്മിത്ത്, എ.ബി.ഡിവില്ലിയേഴ്‌സ്, ഇംഗ്ലണ്ടിന്റെ അലിസ്റ്റര്‍ കുക്ക് എന്നിവരാണ് യശസ്വിക്ക് മുമ്പ് ഈ നേട്ടം കൈവരിച്ച ബാറ്റര്‍മാര്‍.

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും പുതിയ ബാറ്റിംഗ് സെന്‍സേഷനായ യശസ്വി ജയ്‌സ്വാള്‍ ഒരു ഇതിഹാസ ബാറ്ററിലേയ്ക്കുള്ള യാത്രയിലാണ്. അതില്‍ നിന്ന് ഒന്നിനും അയാളെ തടയാനാകില്ലെന്നത് ഉറപ്പാണ്. ദീര്‍ഘനേരം ക്ഷമയോടെ ബാറ്റ് ചെയ്യാനും ആക്രമിക്കേണ്ട സാഹചര്യത്തില്‍ ആക്രമിക്കാനും നന്നായി അറിയുന്ന ബാറ്ററാണ് യശസ്വി. അസാധാരണ പ്രതിഭയുള്ള ക്രിക്കറ്റര്‍. സച്ചിന്‍ തെന്‍ഡുല്‍ക്കറുടെയും വിരാട് കോലിയുടെയുമൊക്കെ നിരയിലെത്താന്‍ എന്തുകൊണ്ടും കെല്പുള്ള യശസ്വി ജയ്‌സ്വാള്‍ എന്ന ചെറുപ്പക്കാരനില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ഏറെ പ്രതീക്ഷിക്കുന്നുണ്ട്. ചുരുങ്ങിയത് അടുത്ത ഒരു ദശകമെങ്കിലും യശസ്വി ജയ്‌സ്വാള്‍ എന്ന പേര് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യ എന്ന പേരുമായി ഏറ്റവും കൂടുതല്‍ ചേര്‍ത്തുവായിക്കപ്പെടുന്ന പേരായിരിക്കുമെന്നത് ഉറപ്പാണ്. കരിയര്‍ അവസാനിക്കുമ്പോഴേയ്ക്കും ഒരു ഇതിഹാസമായി യശസ്വി ജയ്‌സ്വാള്‍ മാറും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments