കെ.ശ്രീജിത്ത്
വെറും ശൂന്യതയില്‍ നിന്നാണ് ഓട്ടോ റെഹാഗേല്‍ എന്ന ജര്‍മന്‍കാരന്‍ ലോകത്തിന് മുന്നില്‍ പെട്ടെന്ന് പൊട്ടിവീണത്. പിന്നീടയാള്‍ തന്ത്രങ്ങളുടെ ആശാനായി വാഴ്ത്തപ്പെട്ടു. ഗ്രീസ് എന്ന രാജ്യം അയാളെ ഒരു വിശുദ്ധനെയെന്ന കണക്കെ ആരാധിച്ചു. 2004ല്‍ സകലരെയും ഞെട്ടിച്ചുകൊണ്ടാണ് റെഹാഗേല്‍ ഗ്രീസിനെ യൂറോപ്യന്റെ രാജാക്കന്‍മാരായി അവരോധിച്ചത്. അന്നുവരെ ജര്‍മന്‍കാര്‍ പോലും നല്ലപോലെ കേട്ടിട്ടില്ലാത്ത ഓട്ടോ റെഹാഗേല്‍ എന്ന പരിശീലകന്‍ ഇതുപോലൊരു മാജിക്ക് കാണിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും ആരും കരുതിയില്ല.
2001ല്‍ ഗ്രീസ് ഫുട്‌ബോള്‍ ടീമിന്റെ കോച്ചായി സ്ഥാനമേറ്റെടുക്കുംമുമ്പ് അയാള്‍ ഒരു ദേശീയ ടീമിനെയും പരിശീലിപ്പിച്ചിട്ടില്ലായിരുന്നു. സ്വന്തം രാജ്യമായ ജര്‍മനിക്ക് പുറത്ത് മറ്റൊരിടത്ത് ഒരു ടീമിനെയും കോച്ച് ചെയ്തിട്ടുമുണ്ടായിരുന്നില്ല. 1963ല്‍ ജര്‍മനിയില്‍ ബുണ്ടസ് ലിഗ ആരംഭിച്ചപ്പോള്‍ കളിക്കാരനായിരുന്ന റെഹാഗേല്‍ വിരമിച്ചതിന് ശേഷം ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെയും ബയേണ്‍ മ്യൂണിച്ചിന്റെയും വെര്‍ഡര്‍ ബ്രെമന്റെയും കൈസര്‍സ്‌ളോട്ടേണിന്റെയും കോച്ചായി. വെര്‍ഡര്‍ ബ്രെമനെ രണ്ട് തവണയും കൈസര്‍സ്‌ളോട്ടേണിനെ ഒരു തവണയും ബുണ്ടസ് ലിഗ ചാമ്പ്യന്‍മാരാക്കി.

റെഹാഗേലിനെ ഗ്രീസ് കോച്ചാക്കിയപ്പോള്‍ കടുത്ത വിമര്‍ശനമുയര്‍ന്നതാണ്. ഗ്രീക്ക് ഫുട്‌ബോളും ഗ്രീക്ക് ഭാഷയും റെഹാഗേലിന് പരിചിതമല്ലെന്നായിരുന്നു വിമര്‍ശകരുടെ വാദം. എന്നാല്‍ ആ വിമര്‍ശനങ്ങളെയെല്ലാം മറികടന്ന റെഹാഗേല്‍ ഗ്രീസിനെ സധൈര്യം മുന്നോട്ടുനയിച്ചു. കളിക്കാരുടെ കഴിവില്‍ വിശ്വാസമര്‍പ്പിച്ചുള്ള രീതിയായിരുന്നു പരിശീലകനെന്ന നിലയില്‍ റെഹാഗേലിന്റേത്. എതിരാളികളുടെ തന്ത്രങ്ങളെക്കുറിച്ച് ചിന്തിച്ച് തലപുകയ്ക്കാന്‍ അയാള്‍ തയ്യാറായിരുന്നില്ല. കളിക്കാരെ വിശ്വസിച്ചുള്ള റെഹാഗേലിന്റെ നീക്കങ്ങള്‍ അത്ഭുതകരമായ ഫലമാണ് കണ്ടത്. കളിക്കളത്തിലെ തന്ത്രങ്ങള്‍ക്കൊപ്പം ഗ്രൗണ്ടിനെ പുറത്തെ മാനേജ്‌മെന്റിലും റെഹാഗേല്‍ വെച്ചുപുലര്‍ത്തിയ നൈപുണ്യം അയാളെ ഗ്രീസ് മുഴുവന്‍ ആരാധിക്കുകയും ആദരിക്കുകയും ചെയ്യുന്ന നിലയിലേയ്ക്ക് വളര്‍ത്തി.
കളിക്കളത്തില്‍ വലിയ തന്ത്രങ്ങളൊന്നും മെനയുന്ന പരിശീലകനായിരുന്നില്ല റെഹാഗേല്‍. അയാള്‍ സാഹചര്യങ്ങളെ അമിതമായി വിശകലനം ചെയ്യുകയോ തന്ത്രങ്ങള്‍ മാറ്റിമാറ്റിക്കൊണ്ടിരിക്കുകയോ ചെയ്തില്ല. പരിശീലനവേളയില്‍ പോലും കളിക്കാരോട് തന്ത്രങ്ങളുടെ അടിസ്ഥാനത്തില്‍ പരിശീലിക്കാന്‍ റെഹാഗേല്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് അന്ന് ടീമിന്റെ ക്യാപ്റ്റനായിരുന്ന തിയോ സഗോറാകിസ് പിന്നീട് പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഗ്രീസ് യൂറോപ്യന്‍ ചാമ്പ്യന്‍മാരായി. അതിന് ഒറ്റക്കാരണമേയുള്ളൂ. റെഹാഗേലിന്റേത് തികച്ചും ഓള്‍ഡ് സ്‌കൂള്‍ രീതികളായിരുന്നു. ഓരോ കളിക്കാരനെയും കൃത്യമായി മാര്‍ക്ക് ചെയ്ത് കളിക്കാനാണ് അയാള്‍ തന്റെ കളിക്കാരോട് നിര്‍ദേശിച്ചത്. ഗ്രീസിന്റെ ഈ ശൈലിയുമായി പൊരുത്തപ്പെടാന്‍ എതിര്‍ ടീമുകള്‍ പാടുപെട്ടു. റെഹാഗേലിന്റെ ശൈലി ഒട്ടും പുതുമയുള്ളതായിരുന്നില്ലെങ്കിലും പുതിയകാലത്തും അത് തുടരുന്നത് എതിര്‍ ടീമിലെ കളിക്കാരെ അത്ഭുതപ്പെടുത്തി. അവരതില്‍ അസ്വസ്ഥരായിരുന്നു. ഗ്രീസിന്റെ ആ കളിശൈലി പൊളിക്കാന്‍ നിയോഗിക്കപ്പെട്ട എതിര്‍ ടീമിലെ കളിക്കാര്‍ ശരിക്കും കുഴങ്ങി. തന്ത്രങ്ങളില്‍ ഒരു താല്പര്യവും കാണിക്കാതിരുന്ന റെഹാഗേല്‍ എതിര്‍ ടീമിന്റെ ടീം ഫോര്‍മേഷന് അനുസരിച്ചാണ് സ്വന്തം കളിക്കാരെ എങ്ങനെ വിന്യസിക്കണമെന്ന് തീരുമാനിച്ചത്. ഉദാഹരണത്തിന് എതിര്‍ ടീം ഒരു സെന്റര്‍ ഫോര്‍വേഡിനെ വെച്ചാണ് കളിക്കുന്നതെന്ന് കരുതുക. അപ്പോള്‍ റെഹാഗേല്‍ ഗ്രീസിനെ വിന്യസിക്കുക നാല്-അഞ്ച്-ഒന്ന് എന്ന രീതിയിലായിരിക്കും. അതായത് പ്രതിരോധത്തില്‍ നാല് പേരും മധ്യനിരയില്‍ അഞ്ച് പേരും മുന്നേറ്റത്തില്‍ ഒരാളും. എന്നാല്‍ എതിര്‍ടീം രണ്ട് സ്‌ട്രൈക്കര്‍മാരെ വെച്ചാണ് കളിക്കുന്നതെന്ന് കരുതുക. അപ്പോള്‍ റെഹാഗേല്‍ സ്വന്തം ടീമിനെ അഞ്ച്-നാല്-ഒന്ന് രീതിയിലായിരിക്കും വിന്യസിക്കുക. അഞ്ച് പേര്‍ പ്രതിരോധത്തിലും നാല് പേര്‍ മധ്യനിരയിലും ഒരാള്‍ മുന്നേറ്റത്തിലും. നേരത്തെ പറഞ്ഞതില്‍ നിന്ന് പ്രതിരോധത്തിലെയും മധ്യനിരയിലെയും കളിക്കാരുടെ എണ്ണം പരസ്പരമൊന്ന് മാറ്റും. എതിര്‍ ടീമിലെ ഓരോ കളിക്കാരനെയും കൃത്യമായി മാര്‍ക്ക് ചെയ്തുകൊണ്ടുള്ള റെഹാഗേലിന്റെ കളിശൈലി കാരണം സൂപ്പര്‍താരങ്ങളായ സിനദിന്‍ സിദാനോ തിയറി ഓന്റിക്കോ ലൂയി ഫിഗോയ്‌ക്കോ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കോ ഒന്നും സ്വാതന്ത്ര്യത്തോടെ കളിക്കാനായില്ല. അങ്ങനെ അവരില്‍ അസ്വസ്ഥതയുളവാക്കാനും അതുവഴി സ്വന്തം ടീമിനെ ജയിപ്പിക്കാനും റെഹാഗേലിന് സാധിച്ചു. ഗ്രീക്ക് പ്രതിരോധം ഈ സൂപ്പര്‍താരങ്ങളെയെല്ലാം അക്ഷരാര്‍ത്ഥത്തില്‍ പൂട്ടിയിട്ടു.
ആക്രമണത്തില്‍ കളിക്കാര്‍ക്ക് എന്തെങ്കിലും പ്രത്യേകം നിര്‍ദേശം നല്‍കാന്‍ റെഹാഗേല്‍ കൂട്ടാക്കിയില്ല. ഓരോ പ്രതിസന്ധിയിലും സ്വയം പരിഹാരം കണ്ടെത്തുക എന്നതായിരുന്നു റെഹാഗേലിന്റെ ആപ്തവാക്യം. അതുകൊണ്ടുതന്നെ അയാള്‍ കളിക്കളത്തില്‍ കളിക്കാരെ അവരുടെ പാട്ടിന് വിട്ടു. അവരെ പൂര്‍ണമായും വിശ്വസിച്ചു. ആ വിശ്വാസം കളിക്കാര്‍ പൂര്‍ണമായും കാത്തുസൂക്ഷിച്ചു. കളിക്കളത്തിലെ പ്രതിസന്ധികള്‍ക്ക് അവര്‍ തന്നെ തക്കതായ പരിഹാരം കണ്ടെത്തി. പ്രതിരോധത്തില്‍ അധികം നേരം പന്ത് വെച്ച് കളിക്കുന്നത് അപകടമാണെന്ന് കരുതിയ റെഹാഗേല്‍ അത് നിരുത്സാഹപ്പെടുത്തി. അതുകൊണ്ടുതന്നെ പ്രതിരോധനിരയ്ക്ക് എപ്പോഴൊക്കെ പന്ത് കിട്ടിയോ അപ്പോഴൊക്കെ അവര്‍ അത് ഉടന്‍ തന്നെ മുന്നിലേക്കെത്തിച്ചു. എന്നാല്‍ ആക്രമണത്തില്‍ റെഹാഗേല്‍ പ്രത്യേകമായൊരു രീതി അവലംബിച്ചില്ല. കളിക്ക് അനുസരിച്ച് ഗോളടിക്കുക എന്ന ലളിതമായ തന്ത്രമാണ് റെഹാഗേല്‍ പയറ്റിയത്. കളിയുടെ ആദ്യപകുതിയില്‍ ഗോള്‍രഹിത സമനിലയ്ക്ക് ശ്രമിക്കുക. രണ്ടാം പകുതിയില്‍ എതിരാളികള്‍ ക്ഷീണിക്കുമ്പോള്‍, അവര്‍ അസ്വസ്ഥരാകുമ്പോള്‍ ഗോളടിക്കുക എന്ന തന്ത്രമാണ് ഗ്രീസ് മിക്കവാറും പയറ്റിയത്. നോക്കൗട്ട് ഘട്ടത്തില്‍ ഈ തന്ത്രം ശരിക്കും ഫലിച്ചു.
ഏതെങ്കിലും കളിക്കാരുടെയോ സൂപ്പര്‍താരങ്ങളുടെയോ മികവിനെക്കാളുപരി ഗ്രീസിന്റെ വിജയം പൂര്‍ണമായും ടീമെന്ന നിലയിലുള്ള വിജയമായിരുന്നു. അതില്‍ പതിനൊന്ന് കളിക്കാര്‍ക്കും തുല്യപ്രാധാന്യമുണ്ടായിരുന്നു. അവര്‍ ഓരോരുത്തരും ജയത്തിന് ഒരുപോലെ സംഭാവന നല്‍കി. അവര്‍ ഓരോരുത്തരുടെയും ജീവിതത്തിലെ മഹത്തായ നിമിഷമായിരുന്നു അത്. യൂറോപ്യന്‍ ചാമ്പ്യന്‍മാരായ നിമിഷം. അതിന് അവര്‍ കടപ്പെട്ടിരിക്കുന്നത് അവരുടെ ആശാനായ ഓട്ടോ റെഹാഗേലിനോടാണ്. വലിയ തന്ത്രങ്ങള്‍ക്കൊന്നും മുതിരാതെ തനിക്ക് കിട്ടിയ കളിക്കാരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അതിനനുസൃതമായ ശൈലി രൂപീകരിച്ച റെഹാഗേല്‍ എതിര്‍ ടീമുകളെ ഓരോന്നിനെയായി സ്തബ്ധരാക്കി. തന്നെ വിമര്‍ശിച്ച ഗ്രീസിലേയ്ക്ക് ഗ്രീസിനെ യൂറോപ്യന്‍ ചാമ്പ്യന്‍മാരാക്കിയാണ് ഓട്ടോ റെഹാഗേല്‍ മടങ്ങിയെത്തിയത്. അന്നുമുതല്‍ ഇന്നുവരെ ആ രാജ്യത്തിനും അവിടുത്തെ ജനങ്ങള്‍ക്കും റെഹാഗേലിനോട് വീരാരാധനയാണ്.



