കെ.ശ്രീജിത്ത്
കോപ്പല്‍ ആശാന്‍… ഒരുകാലത്ത് കേരളത്തിലെ സ്റ്റേഡിയങ്ങളില്‍ നിന്ന് ഉയര്‍ന്നുകേട്ട ആ പ്രകമ്പനം ഇപ്പോഴും മലയാളികളുടെ കാതുകളില്‍ അലയടിക്കുന്നുണ്ട്. ഒരുപാട് ആര്‍പ്പുവിളികള്‍ക്കിടയിലും വലിയ ഭാവഭേദങ്ങളൊന്നുമില്ലാതെ, ജയപരാജയങ്ങളുടെ കയറ്റിറക്കങ്ങളില്‍ ശാന്തനായി നിലയുറപ്പിച്ച മലയാളികളുടെ, കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോപ്പല്‍ ആശാന്‍. കാറ്റിലും കോളിലും കേരള ബ്ലാസ്‌റ്റേഴ്‌സ് എന്ന കപ്പല്‍ ആടിയുലഞ്ഞപ്പോഴും കോപ്പല്‍ ആശാന്‍ കളിക്കാര്‍ക്കൊപ്പം, അവര്‍ക്ക് താങ്ങായി നിലയുറപ്പിച്ചു.

തന്ത്രങ്ങള്‍ മെനയുന്നതിലുള്ള കൗശലമാണ് സ്റ്റീവ് കോപ്പല്‍ എന്ന ഫുട്‌ബോള്‍ കോച്ചിന്റെ മുഖമുദ്ര. സദാസമയവും തലപുകഞ്ഞ് ആലോചിക്കുന്ന കോപ്പല്‍. എതിരാളികളുടെ തന്ത്രങ്ങള്‍ക്ക് കൃത്യമായ മറുതന്ത്രങ്ങള്‍ കിട്ടുന്നതുവരെ അയാള്‍ തലപുകയ്ക്കും. ഇങ്ങനെ തലപുകച്ചാണ് കോപ്പല്‍ കഷണ്ടിക്കാരനായതെന്ന് സുഹൃത്തുക്കള്‍ തമാശയായി പറയും. പക്ഷേ, അത് ശരിയാണല്ലോയെന്ന് മൈതാനത്തെ കുമ്മായ വരകള്‍ക്കപ്പുറത്ത്, കളിക്കാര്‍ക്കുള്ള പാനീയങ്ങള്‍ സൂക്ഷിക്കുന്ന ഫ്രിഡ്ജില്‍ ചാരിയുള്ള ആ നില്പ് കണ്ടാല്‍ ആര്‍ക്കും തോന്നും. 2016-17 സീസണിലാണ് സ്റ്റീവ് കോപ്പല്‍ എന്ന ഇംഗ്ലീഷുകാരന്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോച്ചായി കേരളത്തിലെത്തുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നുമല്ലാതിരുന്ന, വെറുമൊരു നാലാംകിട ടീമായിരുന്ന, സ്വപ്‌നം കാണാന്‍ പോലും ശേഷിയില്ലാതിരുന്ന ക്രിസ്റ്റല്‍ പാലസിനെ അസാധാരണ ഉയരങ്ങളിലെത്തിച്ച കോച്ചാണ് സ്റ്റീവ് കോപ്പല്‍. അതും വെറും ഇരുപത്തെട്ടാമത്തെ വയസില്‍. പരിശീലകനായ ഇംഗ്ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മനുഷ്യനായിരുന്നു അയാള്‍. അന്നയാള്‍ ആദ്യം ചെയ്തത് ഇംഗ്ലണ്ടിലെ പ്രാദേശിക മൈതാനങ്ങളില്‍ പോയി കളിക്കാരെ തിരയുകയായിരുന്നു. അതത്ര എളുപ്പമായിരുന്നില്ല. എങ്കിലും ഏറെ ശ്രമകരമായ ആ ജോലി അയാള്‍ ഒരു മടിയും കൂടാതെ ചെയ്തു. ക്ലബിന് പണം മുടക്കാന്‍ ശേഷിയില്ലാതെ വലഞ്ഞിരുന്ന ആ കാലത്ത് അതൊരു വിപ്ലവമായിരുന്നു. അങ്ങനെ അയാള്‍ തിരഞ്ഞുതിരഞ്ഞ് കണ്ടെത്തിയ പല കളിക്കാരില്‍ ഒരാളായിരുന്നു ഇയാന്‍ റൈറ്റ്. ഈ ഇയാന്‍ റൈറ്റാണ് പിന്നീട് ഇംഗ്ലീഷ് ദേശീയ ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടത്. പുതിയ കളിക്കാരെ കണ്ടെത്തിയതോടെ ക്രിസ്റ്റല്‍ പാലസ് ആകെ മാറി. 1989ല്‍ ടോപ് ഡിവിഷനിലെത്തിയ ക്ലബ് അടുത്ത നാല് വര്‍ഷം അവിടെ കളിച്ചു. 1990ല്‍ എഫ്എ കപ്പ് ഫൈനലില്‍ വരെയെത്തി. എന്നാല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായപ്പോള്‍ കോപ്പല്‍ മറ്റൊരു തന്ത്രമാണ് പരീക്ഷിച്ചത്. കൈവശമുള്ള കളിക്കാരില്‍ നിന്ന് മികച്ചവരെ കണ്ടെത്തി 11 പേരുടെ ടീമാക്കുക എന്നതായിരുന്നു ആ തന്ത്രം.

വിങ്ങറായി കളിച്ച് പരിചയമുള്ളതുകൊണ്ടുതന്നെ വിങ്ങുകളിലൂടെ ആക്രമിക്കുന്ന കളിയാണ് താനിഷ്ടപ്പെടുന്നതെന്ന് പലപ്പോഴും സ്റ്റീവ് കോപ്പല്‍ പറഞ്ഞിട്ടുണ്ട്. എതിരാളികളുടെ പ്രതിരോധം തകര്‍ക്കാനുള്ള എളുപ്പ വഴി അതാണെന്ന് കോപ്പല്‍ വിശ്വസിച്ചു. പരിശീലകനായപ്പോള്‍ മിക്കപ്പോഴും ആ തന്ത്രമാണയാള്‍ പയറ്റിയത്. ഗോളുകളുടെ എണ്ണം കണക്കാക്കിയല്ല ടീമിന്റെ പ്രകടനത്തെ വിലയിരുത്തേണ്ടതെന്ന അഭിപ്രായമായിരുന്നു കോപ്പലിനുണ്ടായിരുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനെന്ന നിലയില്‍ ചുമതലയേറ്റെടുത്ത ശേഷം വളരെക്കുറച്ച് സമയമാണ് കോപ്പലിന് ടീമിനെ ഒരുക്കാനായി ലഭിച്ചത്. അതുകൊണ്ടുതന്നെ പ്രായോഗികമായി കാര്യങ്ങള്‍ ചെയ്യാനാണ് അയാള്‍ ശ്രമിച്ചത്. ആ വര്‍ഷം അയര്‍ലന്‍ഡിന്റെ പ്രതിരോധനിര താരം ആരോണ്‍ ഹ്യൂസിനെയാണ് ബ്ലാസ്‌റ്റേഴ്‌സ് മാര്‍ക്വി പ്ലേയര്‍ ആയി കൊണ്ടുവന്നത്. ഇതിനുപുറമെ ഗ്രഹാം സ്റ്റാക്ക്, കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട്, ഡക്കന്‍സ് നാസണ്‍, മൈക്കല്‍ ചോപ്ര, സെഡ്രിക് ഹെങ്ബാര്‍ത്ത് എന്നീ വിദേശ കളിക്കാരെയും മുന്‍ സീസണില്‍ കൊല്‍ക്കത്തയ്ക്കുവേണ്ടി കളിച്ചിരുന്ന മുഹമ്മദ് റഫീഖിനെയും കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചു.

സീസണിലെ ആദ്യമത്സരത്തില്‍ തോല്‍വിയോടെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തുടക്കം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഗുവാഹട്ടിയില്‍ നടന്ന എവേ മത്സരത്തില്‍ ഒരു ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ പരാജയം. രണ്ടാമത്തെ മത്സരം കൊച്ചിയില്‍ കൊല്‍ക്കത്തയ്‌ക്കെതിരെയായിരുന്നു. അതിലും എതിരില്ലാത്ത ഒരു ഗോളിന് ബ്ലാസ്‌റ്റേഴ്‌സ് തോറ്റു. ഡല്‍ഹി ഡൈനമോസിനെതിരെ കൊച്ചിയില്‍ നടന്ന മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചപ്പോള്‍ അടുത്ത മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് സീസണിലെ ആദ്യ ജയം. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ മുബൈ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്പിച്ചത്. അടുത്ത മത്സരങ്ങളില്‍ പൂണെയുമായി ഓരോ ഗോള്‍ സമനിലയും ഗോവയ്‌ക്കെതിരെ 2-1ന്റെ ജയവും നേടിയ ബ്ലാസ്‌റ്റേഴ്‌സിന്റെ സീസണിന്റെ ആദ്യ പകുതിയിലെ പ്രകടനം അത്ര മെച്ചമായിരുന്നില്ല. പക്ഷെ സീസണ്‍ തുടങ്ങി ആരോണ്‍ ഹ്യൂസ് നയിച്ച പ്രതിരോധം ടൂര്‍ണമെന്റിലെ തന്നെ മികച്ച പ്രതിരോധനിരകളിലൊന്നെന്ന അഭിപ്രായം നേടിയെങ്കിലും ആക്രമണത്തില്‍ ഏറെ ദുര്‍ബലമായിരുന്നു. ഇതുകാരണം തട്ടിയും തടഞ്ഞും നീങ്ങിയ ടീമിന് സ്ഥിരത പുലര്‍ത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ സീസണിന്റെ രണ്ടാം പകുതിയില്‍ ബെംഗ്ലൂരു എഫ്.സിയില്‍ നിന്ന് വായ്പയായി ടീമിലെത്തിച്ച സി.കെ.വിനീതിന്റെ വരവോടെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണനിരയും ഉഷാറായി. തുടര്‍ന്ന് ഗോവ, ചെന്നൈ, പൂണെ, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകള്‍ക്കെല്ലാമെതിരെ ബ്ലാസ്‌റ്റേഴ്‌സ് മിന്നുന്ന ജയം നേടി. കൊല്‍ക്കത്തയുമായി ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. ഇതിനിടയില്‍ മുംബൈയോട് എതിരില്ലാത്ത അഞ്ച് ഗോളിന്റെ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയെങ്കിലും മുന്‍കളികളിലെ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ സെമിഫൈനലില്‍ സ്ഥാനം പിടിച്ചു. 14 കളികളില്‍ നിന്ന് 22 പോയിന്റ് നേടിയ ബ്ലാസ്‌റ്റേഴ്‌സ് അത്രയും കളികളില്‍ നിന്ന് 23 പോയിന്റ് നേടിയ മുംബൈ സിറ്റിക്ക് പിന്നില്‍ രണ്ടാമതായാണ് ബ്ലാസ്റ്റേഴ്‌സ് ഫിനിഷ് ചെയ്തത്.

രണ്ട് പാദങ്ങളിലായി നടന്ന സെമിഫൈനലില്‍ ഡല്‍ഹി ഡൈനമോസ് ആയിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍. കൊച്ചിയില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ടിന്റെ ഗോളില്‍ ഡല്‍ഹിയെ തോല്പിച്ചു. എന്നാല്‍ ഡല്‍ഹിയില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ ഡല്‍ഹി, ബ്ലാസ്റ്റേഴ്‌സിനെ ഒന്നിതിരെ രണ്ട് ഗോളുകള്‍ക്ക് തോല്പിച്ച് പകരം വീട്ടി. മാഴ്‌സെലീഞ്ഞോ കളിയുടെ ഇരുപത്തൊന്നാം മിനിറ്റില്‍ ഡല്‍ഹിയെ മുന്നിലെത്തിച്ചു. രണ്ട് മിനിറ്റിനുള്ളില്‍ ഡല്‍ഹിയുടെ മിലാന്‍ സിങ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ പത്ത് കളിക്കാരായി ചുരുങ്ങിയ ഡല്‍ഹി അടുത്ത മിനിറ്റില്‍ തന്നെ ഗോള്‍ വഴങ്ങി. ഡക്കന്‍സ് നാസണിലൂടെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചടിച്ചത്. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ റൂബേന്‍ ഗോണ്‍സാലസ് റോച്ച ഡല്‍ഹിയെ 2-1ന് മുന്നിലെത്തിച്ചു. പിന്നീട് നിശ്ചിതസമയത്ത് ഗോളൊന്നും വീഴാഞ്ഞതോടെ ഇരുപാദ മത്സരങ്ങളിലുമായി രണ്ട് ടീമും ഗോള്‍ ശരാശരിയില്‍ 2-2 എന്ന നിലയില്‍ തുല്യത പാലിച്ചു. ഇതോടെ കളി എക്‌സ്ട്രാ ടൈമിലേയ്ക്ക് നീങ്ങി. അപ്പോഴും ഇരുടീമിനും ഗോളടിക്കാനായില്ല. ഇതോടെ പെനാല്‍റ്റി ഷൂട്ടൗട്ട് അനിവാര്യമായി. ഷൂട്ടൗട്ടില്‍ ഡല്‍ഹി ക്യാപ്റ്റന്‍ മലൂദ, പെല്ലിസാറി, മെമോ എന്നിവര്‍ പെനാല്‍റ്റി പാഴാക്കിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി ഹോസു, ബെല്‍ഫോര്‍ട്ട്, മുഹമ്മദ് റഫീഖ് എന്നിവര്‍ ലക്ഷ്യം കണ്ടു. ഇതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഫൈനലില്‍. ഐ എസ് എല്‍ ആദ്യ സീസണിലെ ഫൈനലിന്റെ തനിയാവര്‍ത്തനമായി കൊല്‍ക്കത്തയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍.

കൊച്ചിയില്‍ നടന്ന ഫൈനലിന്റെ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്‌സിനായിരുന്നു ആധിപത്യം. തുടര്‍ന്ന് മുപ്പത്തേഴാം മിനിറ്റില്‍ മുഹമ്മദ് റാഫിയുടെ ഒന്നാന്തരമൊരു ഹെഡ്ഡര്‍ ഗോളിലൂടെ കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തി. എന്നാല്‍ ഏഴ് മിനിറ്റ് നേരത്തേയ്ക്ക് മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് ലീഡ് നിലനിര്‍ത്താനായത്. നാല്പത്തിനാലാം മിനിറ്റില്‍ ഹെന്റിക്കെ സെറേനോ കൊല്‍ക്കത്തയ്ക്കായി ഗോള്‍ മടക്കി. രണ്ടാം പകുതിയിലും ഇരുടീമുകള്‍ക്കും അവസരങ്ങള്‍ നിരവധി ലഭിച്ചെങ്കിലും ഒന്നും മുതലാക്കാനായില്ല. കളി എക്‌സട്രാടൈമില്‍. എന്നാല്‍ എക്‌സ്ട്രാ ടൈമിലും ഇരുടീമിനും ഗോളടിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ട്. ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ കിക്ക് അന്റോണിയോ ജര്‍മന്‍ ഗോളാക്കുന്നു. കൊല്‍ക്കത്തയുടെ ആദ്യ കിക്കെടുത്ത ഇയാന്‍ ഹ്യൂമിന് പക്ഷെ പിഴയ്ക്കുന്നു. അതോടെ ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോളിന് മുന്നില്‍. ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി ബെല്‍ഫോര്‍ട്ടും കൊല്‍ക്കത്തയ്ക്ക് വേണ്ടി ഡൂട്ടിയും രണ്ടാമത്തെ കിക്ക് ഗോളാക്കി മാറ്റി. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി മൂന്നാമത്തെ കിക്കെടുത്ത എന്‍ഡോയെ അത് പാഴാക്കി. കൊല്‍ക്കത്തയുടെ ഫെര്‍ണാണ്ടസ് ലക്ഷ്യം കണ്ടപ്പോള്‍ സ്‌കോര്‍ 2-2. നാലാമത്തെ കിക്ക് ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി മുഹമ്മദ് റഫീഖും കൊല്‍ക്കത്തയ്ക്കുവേണ്ടി ലാറയും യഥാക്രമം ഗോളാക്കി. എന്നാല്‍ ഷൂട്ടൗട്ടിലെ അവസാനത്തെ കിക്ക് ബ്ലാസ്‌റ്റേഴ്‌സിന്റെ ഹെങ്ബാര്‍ത്തിന് ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. കൊല്‍ക്കത്തയ്ക്കുവേണ്ടി അവസാന കിക്കെടുത്ത രാജ ലക്ഷ്യം കണ്ടതോടെ കൊല്‍ക്കത്ത ചാമ്പ്യന്‍മാര്‍. 2014 ഫൈനലിന്റെ തനിയാവര്‍ത്തനം. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് കടുത്ത നിരാശ. രണ്ടാമതൊരിക്കല്‍ കൂടി അവര്‍ ഫൈനലില്‍ വീണു. പടിക്കല്‍ കലമുടക്കുന്നവരെന്ന ചീത്തപ്പേര് മാറ്റാന്‍ കഴിഞ്ഞില്ല.

അത്തവണ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയതില്‍ കോപ്പലിന്റെ തന്ത്രങ്ങള്‍ക്ക് വലിയ പങ്കുണ്ടായിരുന്നു. ആരോണ്‍ ഹ്യൂസ് നയിച്ച ടീമിന്റെ പ്രതിരോധം ശക്തമായിരുന്നെങ്കിലും ആക്രമണനിര വേണ്ടത്ര ഒത്തൊരുമയോടെ കളിച്ചിരുന്നില്ല. പ്രത്യേകിച്ചും സീസണിന്റെ ആദ്യഘട്ടത്തില്‍ ഇത് പ്രത്യക്ഷത്തില്‍ തന്നെ പ്രകടമായിരുന്നു. അതുകൊണ്ടുതന്നെ തുടക്കത്തില്‍ മോശം പ്രകടനങ്ങളായിരുന്നു ടീമിന്റേത്. എന്നാല്‍ സ്ഥിരത നിലനിര്‍ത്താനാകാത്തപ്പോഴും കോപ്പല്‍ ബ്ലാസ്റ്റേഴ്‌സിനെ ഒരു ടീമെന്ന നിലയില്‍ പ്രചോദിപ്പിച്ച് നിര്‍ത്തി. തന്ത്രങ്ങളും കോംബിനേഷനുകളും മാറ്റിമാറ്റി പരീക്ഷിച്ചു. തളരുകയോ തോല്‍വി സമ്മതിക്കുകയോ ചെയ്തില്ല. കോപ്പലിന് കളിക്കാര്‍ക്കിടയിലുള്ള സ്വാധീനം വളരെ വലുതായിരുന്നു. സീസണ്‍ പുരോഗമിച്ചതോടെ അതിന്റെ ഫലവും കണ്ടു. പ്രത്യേകിച്ചും സീസണിന്റെ രണ്ടാം പകുതിയില്‍ സി.കെ.വിനീതിന്റെ വരവോടെ. പിന്നീടങ്ങോട്ട് ഒരു ടീമെന്ന നിലയില്‍ ഒത്തൊരുമയോടെ കളിച്ച ബ്ലാസ്‌റ്റേഴ്‌സ് ഫൈനല്‍ വരെ ആ കുതിപ്പ് തുടര്‍ന്നു. ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലെ ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി ഒരുപരിധി വരെ നിര്‍ഭാഗ്യം കൊണ്ടുകൂടിയായിരുന്നു. 2016ലെ ബ്ലാസ്റ്റേഴ്‌സ് ടീം ഏറെ മികച്ചതായിരുന്നില്ല. പല കളിക്കാരും ശരാശരിക്കാരായിരുന്നുതാനും. എന്നിട്ടും ആ ്ടീമിനെ ഫൈനലില്‍ വരെ എത്തിച്ചതില്‍ മലയാളികളുടെ കോപ്പല്‍ ആശാനുള്ള പങ്ക് ഏറെ വലുതാണ്. ആ ഒരൊറ്റ സീസണോടുകൂടി തന്നെ കോപ്പല്‍ എന്ന ഫുട്‌ബോള്‍ തന്ത്രഞ്ജന്‍ മലയാളികള്‍ക്കിടയില്‍ ജനപ്രീതി നേടിയിരുന്നു. ശാന്തത കൊണ്ടും വിനയം കൊണ്ടും കോപ്പല്‍ അവരുടെ ഹൃദയങ്ങളെ കീഴടക്കുകയായിരുന്നു. കളി നടക്കുമ്പോള്‍ സൈഡ് ലൈനിലെ കോപ്പലിന്റെ ആ നില്പ് മലയാളികള്‍ ഒരിക്കലും മറക്കില്ല. കോപ്പല്‍ ആശാന്‍ എന്നും അവരുടെ ചങ്കാണ്.



