Saturday, February 21, 2026
Google search engine
HomeClassics2004 കോപ്പ ഫൈനലിലെ പോര്

2004 കോപ്പ ഫൈനലിലെ പോര്

കെ.ശ്രീജിത്ത്

ഫുട്‌ബോളിന്റെ ചരിത്രത്തിലെ തന്നെ പ്രസിദ്ധമായ വൈരമാണ് അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ളത്. ഈ രണ്ട് ടീമുകളും നേര്‍ക്കുനേര്‍ വരുന്ന ഏത് മത്സരവും ആരാധകര്‍ക്ക് ഫൈനലാണ്. എത്ര അപ്രസക്തമായ മത്സരമാണെങ്കിലും ഇരുടീമിന്റെയും ആരാധകര്‍ക്ക് അതൊരു അഭിമാനപ്പോരായിരിക്കും. ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിലെ ഈ വന്‍ശക്തികളെ നെഞ്ചിലേറ്റിനടക്കുന്ന മലയാളികള്‍ക്കാകട്ടെ പറയുകയും വേണ്ട. ജയിക്കുന്ന ടീമിന്റെ ആരാധകര്‍ തോല്‍ക്കുന്ന ടീമിന്റെ ആരാധകര്‍ക്ക് ശവപ്പെട്ടിയൊരുക്കും. കാര്യങ്ങള്‍ അങ്ങനെയാണെന്നിരിക്കെ, ഈ ടീമുകള്‍ തമ്മിലുള്ള മത്സരം ഒരു ടൂര്‍ണമെന്റിലെ ചാമ്പ്യന്‍മാരെ നിശ്ചയിക്കുന്നതിനുള്ള കലാശപ്പോരാണെങ്കിലോ? അപ്പോള്‍ പിന്നെ പറയുകയും വേണ്ട… അങ്ങനെയൊരു അര്‍ജന്റീന-ബ്രസീല്‍ കലാശപ്പോരിനെക്കുറിച്ചാണ് പറയുന്നത്. എക്കാലത്തെയും മികച്ച അര്‍ജന്റീന-ബ്രസീല്‍ മത്സരങ്ങളിലൊന്നിനെക്കുറിച്ച്… ഒരിക്കലും മറക്കാനാകാത്ത ഒരു കോപ്പ അമേരിക്കല്‍ ഫൈനലിനെക്കുറിച്ച്…

2004 ജൂലായ് 25. മത്സരം നടക്കുന്നത് പെറുവിന്റെ തലസ്ഥാനമായ ലിമയില്‍. 1957ന് ശേഷം ആദ്യമായിട്ടായിരുന്നു പെറു കോപ്പ അമേരിക്കയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്.ആര്‍ത്തിരമ്പുന്ന ഗാലറികളെ സാക്ഷി നിര്‍ത്തി കളി തുടങ്ങി. ആദ്യ നിമി്ഷങ്ങളില്‍ത്തന്നെ കളിയില്‍ ആധിപത്യം നേടാന്‍ ഇരുടീമുകളും കിണഞ്ഞുശ്രമിച്ചു. ടൂര്‍ണമെന്റിലുടനീളം ഉജ്ജ്വല ഫോമിലായിരുന്ന അര്‍ജന്റീന ആ ഫോമില്‍ത്തെന്ന കളിച്ചപ്പോള്‍ ഇരുപതാം മിനിറ്റില്‍ അവര്‍ ലീഡ് നേടി. പെനാല്‍റ്റിയിലൂടെ ക്രിസ്റ്റ്യന്‍ ഗോണ്‍സ്വാലസ് ആയിരുന്നു അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. തുടര്‍ന്ന് ബ്രസീല്‍ സമനില ഗോളിനായി തുടര്‍ച്ചയായി സമ്മര്‍ദ്ദം ചെലുത്തി. ഒടുവില്‍ ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഫലം കണ്ടു. ആന്‍ഡേഴ്‌സണ്‍ ലൂയിസ് ഡാ സില്‍വ എന്ന ലൂയിസാവോയിലൂടെ ബ്രസീല്‍ അര്‍ജന്റീനയ്‌ക്കൊപ്പമെത്തി. ക്യാപ്റ്റന്‍ അലക്‌സ് എടുത്ത ഒരു ഫ്രീകിക്കില്‍ നിന്ന് ലഭിച്ച പന്ത് മിന്നുന്ന ഒരു ഹെഡ്ഡറിലൂടെ ലൂയിസാവോ ഫിനിഷ് ചെയ്തു.

രണ്ടാം പകുതിയില്‍ മികച്ച ചില അവസരങ്ങള്‍ അര്‍ജന്റീനയ്ക്ക് ലഭിച്ചെങ്കിലും ഒന്നും മുതലാക്കാനായില്ല. കളി എക്‌സ്ട്രാ ടൈമിലേയ്ക്ക് നീങ്ങുന്നുവെന്ന് തോന്നിയ ഘട്ടത്തില്‍ സെസാര്‍ ഡെല്‍ഗാഡോയുടെ തകര്‍പ്പനൊരു വലംകാലനടി ബ്രസീലിന്റെ വല തുളച്ചുകയറി. കളി തീരാന്‍ മൂന്ന് മിനിറ്റ് മാത്രം ബാക്കിനില്‍ക്കെ ഡെല്‍ഗാഡോ അര്‍ജന്റീനയ്ക്ക് കിരീടം സമ്മാനിച്ചെന്ന് എല്ലാവരും കരുതി. എന്നാല്‍ ആന്റി ക്ലൈമാക്‌സാണ് അര്‍ജന്റീനയെ കാത്തിരുന്നത്. കളി തീരാന്‍ വെറും എട്ട് സെക്കന്റ് മാത്രം ബാക്കിനില്‍ക്കെ ഇഞ്ച്വറി ടൈമില്‍ അസാധാരണമായൊരു ഗോളിലൂടെ അഡ്രിയാനോ ബ്രസീലിനെ ഒപ്പമെത്തിച്ചു. അഡ്രിയാനോയുടെ പ്രതിഭ മുഴുവന്‍ വിളിച്ചോതുന്നതായിരുന്നു ആ ഇടംകാല്‍ ഗോള്‍. ബ്രസീലിയന്‍ ഫുട്‌ബോളില്‍ ഒരു സൂപ്പര്‍സ്റ്റാര്‍ കൂടി ജനിച്ചുവെന്ന് ആരാധകര്‍ക്ക് തോന്നിയ നിമിഷം.

ഒടുവില്‍ കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേയ്ക്ക്. ഇതിനിടയില്‍ കാണികള്‍ക്കിടയിലെ അസ്വാരസ്യങ്ങള്‍, സംഘര്‍ഷങ്ങള്‍. റഫറി പൊലീസിനെ വിളിച്ചു. പതുക്കെ എല്ലാം ശാന്തമായി. ഷൂട്ടൗട്ട് ആരംഭിച്ചു. ആദ്യ കിക്കെടുത്തത് അര്‍ജന്റീനയുടെ ആന്ദ്രേസ് അലസാന്‍ഡ്രോ. ബ്രസീലിയന്‍ ഗോള്‍ക്കീപ്പര്‍ ജൂലിയോ സെസാര്‍ വലത്തോട്ട് ചാടി ആ കിക്ക് തടുത്തിട്ടു. അലസാന്‍ഡ്രോയ്ക്ക് നിരാശ. ബ്രസീലിയന്‍ ആരാധകര്‍ക്ക് ആഘോഷം. ബ്രസീലിന്റെ ആദ്യ കിക്കെടുത്ത അഡ്രിയാനോയ്ക്ക് പിഴച്ചില്ല. ബ്രസീല്‍ ഒരു ഗോളിന് മുന്നില്‍. അര്‍ജന്റീനയുടെ അടുത്ത കിക്കെടുത്തത് ഗബ്രിയേല്‍ ഹെയ്ന്‍സെ. അത്തവണ പക്ഷെ ബ്രസീലിയന്‍ ഗോളി സെസാറിന് പ്രത്യേകിച്ച് പണിയൊന്നുമുണ്ടായിരുന്നില്ല. ഹെയ്ന്‍സെ ആ കിക്ക് ക്രോസ് ബാറിന് മുകളിലൂടെ ആകാശത്തേയ്ക്ക് പറത്തിവിട്ടു. ബ്രസീലിന് വേണ്ടി രണ്ടാമത്തെ കിക്കെടുത്തത് എഡു. എഡുവിനും പിഴച്ചില്ല. ബ്രസീല്‍ രണ്ടെണ്ണത്തിന് മുന്നില്‍. പിന്നീട് അര്‍ജന്റീനയെടുത്ത രണ്ട് കിക്കുകളും ഗോളായെങ്കിലും കാര്യമുണ്ടായില്ല. ഡീഗോയും ജുവാനും ബ്രസീലിന് വേണ്ടി ലക്ഷ്യം കണ്ടതോടെ കപ്പ് ബ്രസീല്‍ നേടി. സെമി ഫൈനലില്‍ യുറൂഗ്വയ്‌ക്കെതിരെ ബ്രസീല്‍ ജയിച്ചതും ഷൂട്ടൗട്ടിലായിരുന്നു. ഇതോടെ കോപ്പ അമേരിക്കയില്‍ സെമിഫൈനലും ഫൈനലും ഷൂട്ടൗട്ടില്‍ ജയിക്കുന്ന ആദ്യ ടീമായി ബ്രസീല്‍ മാറി.

ഏഴ് ഗോളോടെ അഡ്രിയാനോ ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായി. 1959ല്‍ അര്‍ജന്റീനയില്‍ നടന്ന കോപ്പ അമേരിക്കയില്‍ സാക്ഷാല്‍ പെലെ എട്ട് ഗോള്‍ നേടിയതിന് ശേഷം ഒരൊറ്റ കോപ്പ അമേരിക്കയില്‍ ഏഴോ അതിലധികമോ ഗോള്‍ നേടുന്ന താരമായി അഡ്രിയാനോ മാറി.

ടൂര്‍ണമെന്റിലാകെ മികച്ച ഫോമില്‍ കളിച്ച അര്‍ജന്റീന നിരാശയോടെ മടങ്ങി. അതേസമയം മുന്‍നിര കളിക്കാര്‍ക്ക് വിശ്രമം നല്‍കി മിക്കവാറും രണ്ടാംനിരയുമായി ടൂര്‍ണമെന്റിനെത്തിയ ബ്രസീലാകട്ടെ ഉജ്ജ്വല നേട്ടവും സ്വന്തമാക്കിയാണ് മടങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments