Saturday, February 21, 2026
Google search engine
HomeSportLife Storyപ്രതിഭ ധൂര്‍ത്തടിച്ച വിനോദ് കാംബ്ലി

പ്രതിഭ ധൂര്‍ത്തടിച്ച വിനോദ് കാംബ്ലി

കെ.ശ്രീജിത്ത്

1996 മാര്‍ച്ച് 13

ഇന്ത്യ-ശ്രീലങ്ക ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനല്‍

120 റണ്‍സിനിടെ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് നഷ്ടമായതോടെ ഗാലറിയില്‍ കാണികള്‍ അക്രമാസക്തരാകുന്നു. ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുന്ന ശ്രീലങ്കന്‍ ഫീല്‍ഡര്‍മാര്‍ക്ക് നേരെ അവര്‍ കുപ്പികള്‍ വലിച്ചെറിയുന്നു. തുടര്‍ന്ന് കളി നിര്‍ത്തിവെയ്ക്കുന്നു. പിന്നീട് കളി പൂര്‍ണമായും ഉപേക്ഷിക്കുന്നു. ഇതോടെ ശ്രീലങ്ക ഫൈനലില്‍. അന്ന് പവലിയിലനിലേയ്ക്ക് തിരിച്ചുനടക്കുമ്പോള്‍ പൊട്ടിക്കരയുന്ന ഇരുപത്തിനാലുകാരന്‍ പയ്യന്റെ ദൃശ്യം ഇന്നും ക്രിക്കറ്റ് പ്രേമികളെ വേട്ടയാടുന്നുണ്ട്.

മുംബൈയിലെ കാഞ്ചുര്‍ മാര്‍ഗിലെ തെരുവിലാണ് വിനോദ് ഗണ്‍പത് കാംബഌയെന്ന വിനോദ് കാംബ്ലി കളിച്ചുവളര്‍ന്നത്. സാമ്പത്തികമായി അത്ര മെച്ചപ്പെട്ട ചുറ്റുപാടിലായിരുന്നില്ല കാംബ്ലിയുടെ കുട്ടിക്കാലം. അച്ഛനും അമ്മയും രണ്ട് സഹോദരങ്ങളുമടങ്ങുന്ന കുടുംബം സാമ്പത്തിക ബുദ്ധിമുട്ട് കാരണം പലപ്പോഴും പാടുപെട്ടു. വളരെ ചെറുപ്പം മുതലെ കാംബ്ലി ക്രിക്കറ്റിനോട് കാട്ടിയ ഭ്രമം പിന്നീട് ജീവിതത്തില്‍ വഴിത്തിരിവായി. പത്താം വയസ് മുതല്‍ സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറായിരുന്നു കാംബ്ലിയുടെ കൂട്ടുകാരന്‍. ഇരുവരും ശാരദാശ്രമം സ്‌കൂളില്‍ രമകാന്ത് അച്ഛരേക്കറുടെ ശിക്ഷണത്തില്‍ ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പഠിച്ചു. ഹാരിസ് ഷീല്‍ഡില്‍ സെന്റ് സേവ്യേഴ്‌സ് സ്‌കൂളിനെതിരെ കാംബ്ലിയും സച്ചിനും ചേര്‍ന്ന് നേടിയ 664 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടിലൂടെ ഇരുവരും ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. 664ല്‍ കാംബ്ലി നേടിയത് 349 റണ്‍സായിരുന്നു. അതേമത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ കാംബ്ലി ആറ് വിക്കറ്റും വീഴ്ത്തിയിരുന്നു.

നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ അടിച്ചായിരുന്നു വിനോദ് കാംബ്ലിയുടെ രഞ്ജി ട്രോഫിയിലെ അരങ്ങേറ്റം. ആഭ്യന്തര ക്രിക്കറ്റില്‍ ടണ്‍ കണക്കിന് റണ്ണടിച്ച കാംബ്ലി അധികം വൈകാതെ തന്നെ ദേശീയ ടീമിലെത്തി. 1991ല്‍ പത്തൊമ്പതാമത്തെ വയസിലാണ് ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്കുവേണ്ടി വിനോദ് കാംബ്ലി അരങ്ങേറിയത്. ഷാര്‍ജയില്‍ വെച്ച് പാകിസ്താനെതിരെയായിരുന്നു മത്സരം. 1993 ഫെബ്രുവരിയില്‍ ഇരുപത്തൊന്നാമത്തെ വയസില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് ക്രിക്കറ്റിലും കാംബ്ലി അരങ്ങേറി. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ചായിരുന്നു മത്സരം. ആ പമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ കാംബ്ലി ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറി നേടി വരവറിയിച്ചു. സ്വന്തം തട്ടകമായ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലെ ആ ഇന്നിംഗ്‌സില്‍ 224 റണ്‍സാണ് കാംബ്ലി നേടിയത്. സിംബാബ് വെയ്‌ക്കെതിരെ നടന്ന തൊട്ടടുത്ത മത്സരത്തിലെ ഇന്നിംഗ്‌സില്‍ കാംബ്ലി 227 റണ്‍സ് നേടി. ശ്രീലങ്കയ്‌ക്കെതിരായ അടുത്ത ടെസ്റ്റ് പരമ്പരയില്‍ കാംബ്ലി നേടിയത് രണ്ട് സെഞ്ച്വറികളാണ്. ഇതൊടെ മൂന്ന് വ്യത്യസ്ത രാജ്യങ്ങള്‍ക്കെതിരെ മൂന്ന് ഇന്നിംഗ്‌സുകളിലായി തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറി നേടുന്ന ഒരേയൊരു താരമായി. ടെസ്റ്റില്‍ വെറും 14 ഇന്നിംഗ്‌സില്‍ നിന്ന് ആയിരം റണ്‍സ് തികച്ച കാംബ്ലി ആ നേട്ടം ഏറ്റവും വേഗത്തില്‍ പിന്നിടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡും സ്വന്തമാക്കി. കരിയറിലെ ആദ്യ ഏഴ് ടെസ്റ്റ് മത്സരങ്ങളില്‍ രണ്ട് ഡബിള്‍ സെഞ്ച്വറിയടക്കം നാല് സെഞ്ച്വറിയാണ് കാംബ്ലി നേടിയത്. അത്രയും ടെസ്റ്റുകളില്‍ നിന്ന് 793 റണ്‍സായിരുന്നു ഈ ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ അടിച്ചുകൂട്ടിയത്. 113.09 ആയിരുന്നു ശരാശരി. സ്പിന്നര്‍മാര്‍ക്കെതിരെ കാംബ്ലിയുടെ ഫുട്ട് വര്‍ക്ക് മിന്നുംവേഗത്തിലുള്ളതായിരുന്നു. ഒരിക്കല്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ ഒരോവറില്‍ കാംബ്ലി നേടിയത് 22 റണ്‍സായിരുന്നു. എന്നാല്‍ ഫാസ്റ്റ് ബൗളര്‍മാരുടെ ഷോര്‍ട്ട് പിച്ച് പന്തുകള്‍ കാംബ്ലിയെ വലച്ചു. ഷോര്‍ട്ട് ബോളുകളില്‍ കാംബ്ലി ഗള്ളിയില്‍ ക്യാച്ച് കൊടുത്ത് പുറത്താകുന്നത് സ്ഥിരം കാഴ്ചയായി. 

പതുക്കെ പതുക്കെ വിനോദ് കാംബ്ലി നിറം മങ്ങിത്തുടങ്ങി. 1995ല്‍ ഇരുപത്തിമൂന്നാം വയസില്‍ തന്നെ കാംബ്ലി തന്റെ അവസാന ടെസ്റ്റ് കളിച്ചിരുന്നു. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ കൂടി ഏകദിന ക്രിക്കറ്റ് ടീമിന്റെ ഭാഗമായി. രണ്ടായിരത്തില്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും കാംബ്ലി പുറത്തായി. ടെസ്റ്റ് ക്രിക്കറ്റില്‍ 17 മത്സരങ്ങളില്‍ നിന്നായി 54.20 എന്ന ശരാശരിയില്‍ 1084 റണ്‍സാണ് കാംബ്ലിയുടെ സമ്പാദ്യം. നാല് സെഞ്ച്വറിയും മൂന്ന് അര്‍ദ്ധസെഞ്ച്വറിയും. 104 ഏകദിനങ്ങളില്‍ നിന്ന് 32.59 ശരാശരിയില്‍ 2477 റണ്‍സാണ് കാംബ്ലി നേടിയത്. രണ്ട് സെഞ്ച്വറിയും 14 അര്‍ദ്ധസെഞ്ച്വറിയും.

പ്രതിഭ വേണ്ടുവോളമുണ്ടായിരുന്നിട്ടും അച്ചടക്കമില്ലായ്മയാണ് കാംബ്ലിയുടെ തകര്‍ച്ചയ്ക്ക് കാരണം. കളിക്കൂട്ടുകാരനായിരുന്ന സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ലോകക്രിക്കറ്റിലെ എക്കാലത്തെയും ഇതിഹാസ താരമായി മാറിയപ്പോഴും കാംബ്ലി മുന്നോട്ടുള്ള പാതയില്‍ ഇടറിവീണു. അത് പ്രതിഭയില്ലാതിരുന്നത് കൊണ്ടായിരുന്നില്ല, മറിച്ച് അച്ചടക്കമില്ലായ്മ കൊണ്ടായിരുന്നു. മദ്യപിച്ച് കുത്തഴിഞ്ഞ ജീവിതം നയിച്ച കാംബ്ലി ക്രിക്കറ്റിനേക്കാള്‍ കൂടുതല്‍ ശ്രദ്ധിച്ചത് താനിടുന്ന സ്വര്‍ണമാലകളിലായിരുന്നു. ഫീല്‍ഡില്‍ ക്യാപ്റ്റനോട് തര്‍ക്കിക്കുകയും തട്ടിക്കയറുകയും ചെയ്യുന്നത് കാംബ്ലിയുടെ ശീലമായിരുന്നു. ഡ്രസ്സിംഗ് റൂമിലെ കാംബ്ലിയുടെ പെരുമാറ്റത്തെക്കുറിച്ച് പലപ്പോഴും പരാതികളുയര്‍ന്നു. അര്‍പ്പണമില്ലായ്മയും മതിയായ ഫിറ്റ്‌നസില്ലാത്തതും ക്രിക്കറ്റിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് തന്നെ പാകപ്പെടുത്തുന്നതിലെ പരാജയവുമെല്ലാം ആ പ്രതിഭയുടെ വീഴ്ചയ്ക്ക് കാരണമായി. യഥാര്‍ത്ഥത്തില്‍ കാംബ്ലി സ്വന്തം പ്രതിഭ ധൂര്‍ത്തടിക്കുകയായിരുന്നു. പ്രശസ്ത ക്രിക്കറ്റ് കമന്റേറ്ററായ ഹര്‍ഷ ഭോഗ്‌ലെ ഒരിക്കല്‍ പറഞ്ഞു – പ്രതിഭ കൊണ്ട് മാത്രം വിജയം നേടാനാകില്ലെന്നതിന്റെ ഉത്തമോദാഹരണമാണ് വിനോദ് കാംബ്ലി. ഹര്‍ഷയുടെ നിരീക്ഷണം ഏറെ ശരിയായിരുന്നു. കഠിനാദ്ധ്വാനം ചെയ്യാനും വീഴ്ചകളില്‍ നിന്ന് പഠിക്കാനും സ്വയം മെച്ചപ്പെടുത്താനും വിനോദ് കാംബ്ലിക്ക് കഴിഞ്ഞില്ല. നിശ്ചയദാര്‍ഢ്യം എന്നൊരു വാക്ക് കാംബ്ലിയുടെ നിഘണ്ടുവിലുണ്ടായിരുന്നില്ല. 2009ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും 2011ല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച കാംബ്ലി പിന്നീട് പലപ്പോഴും ജീവിതത്തിലെ കഠിനവഴികളില്‍ പെട്ട് ആടിയുലഞ്ഞു. പലപ്പോഴും ക്യാമറകള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. തന്റെ കരിയര്‍ രക്ഷിക്കാന്‍ സുഹൃത്തായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഒന്നും ചെയ്തില്ലെന്നും പ്രതിസന്ധികളില്‍ സച്ചിന്‍ തന്നെ തുണച്ചില്ലെന്നും പരിഭവം പറഞ്ഞു. എന്നാല്‍ പിന്നീട് സച്ചിന്‍ തനിക്കൊപ്പം എന്നും നിന്നിട്ടുണ്ടെന്ന് തിരുത്തിപ്പറഞ്ഞു. ബി സി സി ഐ നല്‍കുന്ന പെന്‍ഷന്‍ മാത്രമാണ് തനിക്ക് ആകെയുള്ള വരുമാനമെന്നും ഭാര്യയും കുട്ടിയുമുള്ള തന്നെ സഹായിക്കണമെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷനോടടക്കം കെഞ്ചി. കോച്ച് എന്ന നിലയില്‍ ഒരു കരിയര്‍ രൂപപ്പെടുത്തിയെടുക്കുന്നതിലും കാംബ്ലി പരാജയപ്പെട്ടു.

ചെറിയ ക്രിക്കറ്റ് അക്കാദമികളില്‍ കോച്ചായും മറ്റുമാണ് കാംബ്ലി ജീവിതത്തില്‍ മുന്നോട്ടുപോകുന്നത്. വിനോദ് കാംബ്ലി എന്ന ക്രിക്കറ്ററുടെ ജീവിതം വലിയൊരു പാഠമാണ്. ഹര്‍ഷ ഭോഗ്‌ലെ പറഞ്ഞതുപോലെ പ്രതിഭ കൊണ്ട് മാത്രം വിജയം നേടാനാകില്ലെന്നതിന്റെ ഉത്തമ ദൃഷ്ടാന്തം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments