Saturday, February 21, 2026
Google search engine
HomeClassicsഅസാധ്യമായത് ചെയ്യുന്ന നെയ്മര്‍

അസാധ്യമായത് ചെയ്യുന്ന നെയ്മര്‍

കെ.ശ്രീജിത്ത്

അസാധ്യതകളില്‍ നിന്ന് സാധ്യതകള്‍ കണ്ടെത്തുന്ന ആ നെയ്മര്‍ മാജിക്ക്. അതൊന്ന് വേറെത്തന്നെയാണ്. ആ നെയ്മര്‍ മാജിക്ക് അതിന്റെ പൂര്‍ണതയിലെത്തിയ ഒരു മത്സരത്തെക്കുറിച്ചാണ്. ഫുട്‌ബോള്‍ ചരിത്രത്തിലെത്തന്നെ എക്കാലത്തെയും മികച്ച തിരിച്ചുവരവുകളിലൊന്നിനെക്കുറിച്ച്…

2017ലെ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പി.എസ്.ജിയും ബാഴ്‌സലോണയും തമ്മിലുള്ള രണ്ടാം പാദ മത്സരം. ആദ്യ പാദത്തില്‍ ബാഴ്‌സലോണ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പി.എസ്.ജിയോട് തോറ്റിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം പാദത്തില്‍ ആ ഗോള്‍ വ്യത്യാസം മറികടക്കാന്‍ ബാഴ്‌സലോണയ്ക്ക് കഴിയുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ അന്നേവരെ ഒരു ടീമും ആ ഗോള്‍ വ്യത്യാസം മറികടന്നിട്ടുമില്ല.

2017 മാര്‍ച്ച് എട്ടിന് ബാഴ്‌സലോണയിലെ ക്യാംപ് നൂവില്‍ നടന്ന മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ ലൂയി സുവാരസിലൂടെ ബാഴ്‌സലോണ മുന്നിലെത്തി. നാല്പതാം മിനിറ്റില്‍ പി.എസ്.ജിയുടെ ലേവിന്‍ കുര്‍സാവയുടെ വക സെല്‍ഫ് ഗോള്‍. ഇതോടെ ബാഴ്‌സലോണ 2-0ന് മുന്നില്‍. അമ്പതാമത്തെ മിനിറ്റില്‍ പി.എസ്.ജി ഗോള്‍കീപ്പര്‍ നെയ്മറിനെ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റി ലിയോണല്‍ മെസ്സി ഗോളാക്കിയതോടെ ബാഴ്‌സ മൂന്ന് ഗോളിന് മുന്നില്‍. എന്നാല്‍ 62-ാം മിനിറ്റില്‍ എഡിസണ്‍ കവാനി പി.എസ്.ജിക്ക് വേണ്ടി ഒരു ഗോള്‍ മടക്കിയതോടെ ബാഴ്‌സയുടെ പ്രതീക്ഷ മങ്ങി. കാരണം അവര്‍ക്ക് പി.എസ്.ജിയെ മറികടക്കാന്‍ ഗോള്‍ ശരാശരി പ്രകാരം പിന്നെയും മൂന്ന് ഗോളുകള്‍ കൂടി നേടണമായിരുന്നു. 88-ാം മിനിറ്റ്് വരെ 3-1 എന്നതായിരുന്നു സ്‌കോര്‍. എന്നാല്‍ മൂന്ന് മിനിറ്റിനിടെ രണ്ട് ഗോള്‍ നേടി നെയ്മര്‍ ബാഴ്‌സയ്ക്ക് പ്രതീക്ഷ നല്‍കി. 88-ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെയും 91-ാമത്തെ മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയുമായിരുന്നു നെയ്മര്‍ ഗോള്‍ നേടിയത്. അതോടെ ഗോള്‍ ശരാശരിയില്‍ ബാഴ്‌സലോണ പി.എസ്.ജിക്ക് ഒപ്പമെത്തി. പി.എസ്.ജിയെ മറികടക്കാന്‍ ബാഴ്‌സയ്ക്ക് പിന്നെ വേണ്ടിയിരുന്നത് ഒരൊറ്റ ഗോള്‍ മാത്രം. ആവേശം മുറുകിയ മത്സരത്തില്‍ ബാഴ്‌സലോണ പി.എസ്.ജി ഗോള്‍മുഖത്ത് ഇരമ്പിയാര്‍ത്തു. ഇഞ്ച്വറി ടൈമിന്റെ നാലാം മിനിറ്റില്‍ പെനാല്‍റ്റി ബോക്‌സിലേയ്ക്ക് നെയ്മര്‍ നല്‍കിയ ക്രോസില്‍ സെര്‍ജി റോബര്‍ട്ടോ ബാഴ്‌സലോണയുടെ ആറാമത്തെ ഗോള്‍ നേടി! അങ്ങനെ അത്ഭുതകരമായി ബാഴ്‌സലോണ ഗോള്‍ ശരാശരിയില്‍ പി.എസ്ജിയെ മറികടന്ന് ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.

നെയ്മറുടെ തോളിലേറിയായിരുന്നു അന്ന് ബാഴ്‌സലോണ ആ അത്ഭുതം സാധ്യമാക്കിയത്. നെയ്മര്‍ മാജിക്ക് ഒന്നുകൊണ്ടുമാത്രം. റഫറി ബാഴ്‌സലോണയ്ക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചതിനും പി.എസ്.ജിക്ക് അര്‍ഹമായ ഒരു പെനാല്‍റ്റി വിധിക്കാത്തതിനും വിവാദമായ ഒരു മത്സരം കൂടിയായിരുന്നു അതെന്നത് മറ്റൊരു കാര്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments